ഇപ്പോള്‍ പ്രചരിക്കുന്ന അഭിമുഖം പ്രിയങ്ക ഗാന്ധി ഒരു വര്‍ഷം മുമ്പ് നല്‍കിയതെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ളയാള്‍ വരണമെന്ന രാഹുല്‍ ഗാന്ധിയുടെ നിലപാടില്‍ പ്രിയങ്ക ഗാന്ധി പിന്തുണച്ചെന്ന രീതിയിലുള്ളവാര്‍ത്തകളോടു പ്രതികരിച്ച് കോണ്‍ഗ്രസ്. ഇപ്പോള്‍ പുറത്തുവന്നത് പ്രിയങ്ക ഒരു വര്‍ഷം മുന്‍പ് നല്‍കിയ അഭിമുഖത്തില്‍നിന്നുള്ള ഭാഗങ്ങളാണെന്നു കോണ്‍ഗ്രസ് വ്യക്തമാക്കി. ബിജെപിയുടെ പ്രേരണയിലാണു വിഷയത്തില്‍ പെട്ടെന്നുള്ള മാധ്യമ താല്‍പര്യമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

പ്രിയങ്ക ഒരു വര്‍ഷം മുന്‍പു നടത്തിയ പ്രതികരണമാണ് ഇത്. അധികാരമോഹത്തിലേക്ക് നെഹ്‌റു ഗാന്ധി കുടുംബം ഇതുവരെ വീണിട്ടില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. അധികാരം ത്യജിക്കാന്‍ മന്‍മോഹന്‍ സിങ് തയാറായിരുന്നെന്ന വാദം നിഷേധിച്ചു. രാഹുല്‍ ഗാന്ധി ഒരിക്കലും അധികാരം കൊതിച്ചിട്ടില്ലെന്നും പാര്‍ട്ടി വ്യക്തമാക്കി.

‘ഇന്ത്യ ടുമാറോ: കോണ്‍വര്‍സേഷന്‍സ് വിത്ത് നെക്സ്റ്റ് ജനറേഷന്‍ ഓഫ് പൊളിറ്റിക്കല്‍ ലീഡേഴ്‌സ്’ എന്ന പുസ്തകത്തിലാണ് പ്രിയങ്കയുടെ പ്രസ്താവനകളുള്ളത്. കോണ്‍ഗ്രസിന്റെ അധ്യക്ഷ പദവിയിലിരിക്കേണ്ടത് ഞങ്ങളിലാരുമാകരുത് എന്ന് രാഹുല്‍ പറഞ്ഞിരുന്നു. അതിനോടു പൂര്‍ണമായും യോജിക്കുന്നു. പാര്‍ട്ടിക്ക് മറ്റൊരു പ്രസിഡന്റ് ഉണ്ടായാല്‍ അദ്ദേഹം എന്റെ ബോസ് ആയിരിക്കും അഭിമുഖത്തില്‍ പ്രിയങ്ക പറയുന്നു.

ഒരു വര്‍ഷം മുന്‍പ് (2019 ജൂലൈ 1) പ്രിയങ്ക നടത്തിയ പ്രസ്താവനയാണിത്. അധികാരത്തെക്കുറിച്ച് ചിന്തിക്കാതെയാണ് നെഹ്‌റു ഗാന്ധി കുടുംബം കോണ്‍ഗ്രസിനായി ഒരുമിച്ചു പ്രവര്‍ത്തിച്ചത്. പാര്‍ട്ടിയെ സേവിക്കുന്നതിനായി 2004ല്‍ സോണിയ അധികാരം ത്യജിച്ചത് ഉദാഹരണമാണിതെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു.

Top