കണ്ണൂര്‍: കെ റെയില്‍ വിശദീകരണ യോഗം നടക്കുന്ന വേദിയിലേക്ക് യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രതിഷേധവുമായി എത്തിയ സംഭവത്തില്‍ പ്രതികരിച്ച് സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. യൂത്ത് കോണ്‍ഗ്രസുകാര്‍ നടത്തിയത് ഗുണ്ടായിസമാണെന്ന് അദ്ദേഹം പറഞ്ഞു. വന്നത് ഗുണ്ടകളാണ്. പരിപാടി നടത്താന്‍ അനുമതിയുണ്ടായിരുന്നു. കല്ല് പിഴുത് മാറ്റുമെന്ന് പറഞ്ഞ നേതാവിന്റെ ഗുണ്ടാ സംഘമാണ് എത്തിയത് എന്നും എം വി ജയരാജന്‍ പറഞ്ഞു.
അതേസമയം, പ്രതിഷേധത്തിന് എത്തിയവരെ എല്ലാവര്‍ക്കും അറിയുന്നതാണെന്നും അവരെ ഗുണ്ടകളെന്ന് പറയാന്‍ ജയരാജന് അവകാശമില്ലെന്നും കണ്ണൂര്‍ ഡിസിസി പ്രസിഡണ്ട് മാര്‍ട്ടിന്‍ ജോര്‍ജ് പ്രതികരിച്ചു. സി പി എം ഡി വൈ എഫ് ഐ പ്രവര്‍ത്തകരാണ് അക്രമം നടത്തിയത്.
ഡ്രൈവര്‍മാരെ വച്ചാണ് അതിക്രമം നടത്തിയത്. പ്രതിഷേധം അറിയിക്കാന്‍ വേണ്ടിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയത്. അക്രമിക്കാനല്ല അവര്‍ എത്തിയത്. പൊലീസിന് പറ്റിയ വീഴ്ച്ചയെങ്കില്‍ പൊലീസിനെതിരെ നടപടിയെടുക്കണം. പൊലീസ് വസ്തുത മനസിലാക്കി വേണം കേസെടുക്കാനെന്നും മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.
മന്ത്രി എം വി ഗോവിന്ദന്‍ പങ്കെടുത്ത പരിപാടിയിലേക്കായിരുന്നു ഇരുപതോളം വരുന്ന പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്. പ്രതിഷേധത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും നേരെ മര്‍ദ്ദനമുണ്ടായി. സംഭവത്തില്‍ 6 പേരെ റിമാന്‍ഡ് ചെയ്തു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി അടക്കമുള്ളവരെയാണ് റിമാന്‍ഡ് ചെയ്തത്.