ന്യൂഡല്‍ഹി: ആരോപണ വിധേയരായ മന്ത്രിമാരായ അടൂര്‍ പ്രകാശിനേയും കെ ബാബുവിനേയും മാറ്റി നിര്‍ത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കാന്‍ ഒത്തുതീര്‍പ്പു ഫോര്‍മുലയുമായി ഹൈക്കമാന്‍ഡ്. അങ്ങനെയെങ്കില്‍ സര്‍ക്കാരിന്റെ ഭാഗമായ താനും തിരഞ്ഞെടുപ്പില്‍ നിന്ന് മാറിനില്‍ക്കാമെന്ന് ഉമ്മന്‍ ചാണ്ടിയും നിലപാടെടുത്തതോടെ പ്രതിസന്ധി രൂക്ഷമായി.
വിട്ടുവീഴ്ചക്കില്ലെന്ന മുന്നറിയിപ്പാണ് മുഖ്യമന്ത്രി ഹൈക്കമാന്‍ഡിന് നല്‍കിയതെന്നാണ് സൂചന.
കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്റെ നിര്‍ദ്ദേശം വന്നതോടെ തര്‍ക്കമുമുയര്‍ന്ന സീറ്റുകളുടെ കാര്യത്തില്‍ ഇന്ന് നടന്ന എ.ഐ.സി.സി സ്‌ക്രീനിങ് കമ്മിറ്റിയിലും തീരുമാനമായില്ല. ഈ സാഹചര്യത്തിലാണ് ഒത്തുതീര്‍പ്പ് ഫോര്‍മുലയുമായി ഹൈക്കമാന്‍ഡ് രംഗത്തെത്തിയത്.
സുധീരനോ എ.കെ ആന്റണിയോ തിരഞ്ഞെടുപ്പ് പ്രചാരണം നയിക്കട്ടേ. 140 മണ്ഡലങ്ങളിലും താന്‍ പ്രചാരണത്തിനെത്താമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. സുധീരന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തിലാണ് ഉമ്മന്‍ ചാണ്ടി നിലപാട് കടുപ്പിച്ചത്.
അടൂര്‍ പ്രകാശ് കോന്നിയിലും, കെ.ബാബു തൃപ്പൂണിത്തുറയിലും നിലവില്‍ എംഎല്‍എമാരാണ്. ആരോപണ വിധേയര്‍ ഇത്തവണ തിരഞ്ഞെടുപ്പില്‍ നിന്ന് മാറിനില്‍ക്കണമെന്ന സുധീരന്റെ കടുംപിടുത്തമാണ് കോണ്‍ഗ്രസിനെ പ്രതിസന്ധിയുടെ പുതിയ തലത്തിലേക്ക് എത്തിച്ചിരിക്കുന്നത്. സീറ്റ് തര്‍ക്കത്തിന്റെ കുരുക്കഴിക്കാന്‍ പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര തിരഞ്ഞെടുപ്പു സമിതിയുടെ ആദ്യയോഗത്തിനു കഴിഞ്ഞിരുന്നില്ല.