നിയമസഭ തിരഞ്ഞെടുപ്പിൽ കൊച്ചി മോഡൽ കോ-ലീ-ബി-വി സഖ്യമോ ?

ര്‍ഗ്ഗീയതക്കെതിരെ പ്രസംഗത്തില്‍ മാത്രമല്ല, പ്രവര്‍ത്തിയിലും കര്‍ക്കശ നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടിയാണ് സി.പി.എം. ആ പാര്‍ട്ടി നേതൃത്വം നല്‍കുന്ന ഇടതുപക്ഷവും ഇതേ ശൈലിയില്‍ തന്നെയാണിപ്പോഴും മുന്നോട്ട് പോകുന്നത്. തദ്ദേശ ഭരണ സമിതി തിരഞ്ഞെടുപ്പില്‍ വര്‍ഗ്ഗീയ പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ള എതിരാളികള്‍ വോട്ട് ചെയ്തു എന്ന ഒറ്റ കാരണത്താല്‍, തിരഞ്ഞെടുക്കപ്പെട്ട സി.പി.എമ്മുകാരായ നിരവധി ഭരണ സമതി ഭാരവാഹികളാണ് രാജിവച്ചിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ പാങ്ങോട്, പത്തനംതിട്ട ജില്ലയിലെ കോട്ടാങ്ങല്‍, ആലപ്പുഴ ജില്ലയിലെ തിരുവന്‍വണ്ടൂര്‍, തൃശൂര്‍ ജില്ലയിലെ അവിണിശേരി പഞ്ചായത്തുകളിലെ പ്രസിഡന്റുമാരുടെ രാജി ഇതിന് ചെറിയ ഉദാഹരണങ്ങളാണ്.

ആവശ്യപ്പെടാതെ നല്‍കിയ പിന്തുണയ്ക്ക് സ്‌പോട്ടില്‍ തന്നെയാണ് സി.പി.എം പ്രതിനിധികളും മറുപടി നല്‍കിയിരിക്കുന്നത്. ഇതുപോലെ പലയിടങ്ങളിലും സി.പി.എം പ്രതിനിധികള്‍ ഉയര്‍ന്ന പ്രത്യേയശാസ്ത്ര ബോധം പ്രകടിപ്പിച്ച് ഇതിനകം തന്നെ രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍, മതേതര മുന്നണിയായി അവകാശപ്പെടുന്ന യു.ഡി.എഫ് ഈ പാതയില്‍ നിന്നും തികച്ചും വേറിട്ട രീതിയിലാണ് ഇപ്പോഴും സഞ്ചരിച്ച് കൊണ്ടിരിക്കുന്നത്. നിരവധി സ്ഥലങ്ങളില്‍ അവര്‍ ഭരണം നടത്തുന്നത് തന്നെ അവിശുദ്ധ സഖ്യത്താലാണ്. അധികാരം ലഭിക്കാന്‍ ആരുടെ പിന്തുണ തേടാനും ഒരു മടിയും കോണ്‍ഗ്രസ്സിനും ലീഗിനും ഇല്ല. അത് സ്റ്റാന്‍ഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പില്‍ പോലും ഇപ്പോള്‍ വ്യക്തവുമാണ്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സംസ്ഥാനത്തിന്റെ വ്യാവസായിക നഗരത്തിലിപ്പോള്‍ സംഭവിച്ചിരിക്കുന്നത്.

കൊച്ചി കോര്‍പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ യുഡിഎഫ്-ബിജെപി-വെല്‍ഫെയര്‍ പാര്‍ടി അവിശുദ്ധ സഖ്യം പരസ്യമായാണ് നടപ്പാക്കിയിരിക്കുന്നത്. രാഷ്ട്രീയ കേരളത്തെ ഞെട്ടിക്കുന്ന സംഭവം കൂടിയാണിത്. ഇവിടെ ഇടതുപക്ഷത്തെ പരാജയപ്പെടുത്തുക എന്ന ഒറ്റ അജണ്ടയില്‍ മറ്റെല്ലാം മാറ്റിവയ്ക്കപ്പെട്ടിരിക്കുകയാണ്. പഴയ ബേപ്പുര്‍ വടകര മോഡലല്ല, അതിനും അപ്പുറമുള്ള മോഡലാണ് യു.ഡി.എഫ് ഇവിടെ സൃഷ്ടിച്ചിരിക്കുന്നത്. കോണ്‍ഗ്രസ്സ് – ലീഗ് – ബി.ജെ.പി എന്ന കോലീബിക്ക് ഒരു തിരുത്താണ് കൊച്ചിയിലെ കോ-ലീ -ബി-വി എന്നതും നാം മനസ്സിലാക്കണം. നിയമസഭ തിരഞ്ഞെടുപ്പോടെ ഈ സഖ്യത്തില്‍ എസ്.ഡി.പി.ഐയും കൂടുതല്‍ ശക്തമായി അണിചേര്‍ന്നേക്കും. അതോടെ സഖ്യവും പൂര്‍ണ്ണമാകും.

 

ഈ കമ്യൂണിസ്റ്റ് വിരുദ്ധ കൂട്ടത്തെ ചെറുത്ത് തോല്‍പ്പിക്കുക എന്ന വലിയ ഉത്തരവാദിത്വമാണ് ഇടതുപക്ഷത്തിന് ഇനി നിര്‍വ്വഹിക്കാനുള്ളത്. കോണ്‍ഗ്രസ്, ബിജെപി, വെല്‍ഫെയര്‍ പാര്‍ടി, ലീഗ് കൂട്ട് കെട്ട് ഇല്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രനും, കെ സുരേന്ദ്രനും ആവര്‍ത്തിച്ച് പ്രസ്താവന നടത്തുമ്പോഴാണ് കൊച്ചി അതിനെ തിരുത്തിയിരിക്കുന്നത്. കോണ്‍ഗ്രസ്സ് – ബി.ജെ.പി നേതാക്കളുടെ വാക്കുകളാണിവിടെ പ്രഹസനമായിരിക്കുന്നത്. കോര്‍പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ ബിജെപി കൗണ്‍സിലര്‍മാര്‍ വെല്‍ഫെയര്‍ പാര്‍ടി, ലീഗ്, കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് പരസ്യമായി തന്നെയാണ് വാട്ട് ചെയ്തിരിക്കുന്നത്. യു.ഡി.എഫ് ഘടകകക്ഷികള്‍ വെല്‍ഫെയര്‍ പാര്‍ടിയുടെയും ബിജെപിയുടെയും സ്ഥാനാര്‍ഥികള്‍ക്ക് തിരിച്ചും വോട്ടുകള്‍ ചെയ്തിട്ടുണ്ട്. മുസ്ലിം തീവ്രവാദ രാഷ്ട്രീയപാര്‍ടിക്കും മുസ്ലിംലീഗിനും ബിജെപിയുടെ അഞ്ചു കൗണ്‍സിലര്‍മാര്‍ വോട്ട് ചെയ്ത നടപടിയെക്കുറിച്ച് ബിജെപി നേതൃത്വമാണ് ഇനി നിലപാട് വ്യക്തമാക്കേണ്ടത്.

കെപിസിസിയും യുഡിഎഫ് നേതൃത്വവും മതേതരനിലപാടില്‍ ഉറച്ചുനില്‍ക്കുമെന്ന പ്രസ്താവന മാധ്യമങ്ങളില്‍ വന്ന ദിവസംതന്നെ കോണ്‍ഗ്രസ്, ബിജെപിക്കും വെല്‍ഫെയര്‍ പാര്‍ട്ടിക്കും വോട്ട് ചെയ്യുക വഴി ജനാധിപത്യത്തെയും മതേതരത്വത്തെയുമാണ് വെല്ലുവിളിച്ചിരിക്കുന്നത്. അവിശുദ്ധവും ആപല്‍ക്കരവുമായ ഈ വര്‍ഗീയ കൂട്ടുകെട്ടിനെതിരെ ശക്തമായ കാമ്പയിന്‍ സംസ്ഥാനത്ത് നടത്താനാണ് സി.പി.എമ്മും തീരുമാനിച്ചിരിക്കുന്നത്. ആയിരം കോടി വാര്‍ഷിക ബജറ്റുള്ള കൊച്ചി നഗരസഭയിലെ പ്രതിപക്ഷ മഹാസഖ്യത്തെ ഗൗരവമായാണ് രാഷ്ട്രീയ നിരീക്ഷകരും നോക്കി കാണുന്നത്.

 

വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനെതിരെ വ്യാപകമായെല്ലങ്കില്‍ പോലും ചില മണ്ഡലങ്ങളില്‍ ഇത്തരം സഖ്യ സാധ്യത അവരും മുന്നില്‍ കാണുന്നുണ്ട്. തീര്‍ച്ചയായും, രാഷ്ട്രീയ കേരളത്തിന് ഇതൊരു സൂചനയായി തന്നെ വിലയിരുത്താവുന്നതാണ്. കൊച്ചി പോലുള്ള ഒരു മഹാനഗരത്തില്‍ സംസ്ഥാന നേതൃത്വങ്ങള്‍ അറിയാതെ ഒരു നിലപാടും കോര്‍പ്പറേഷന്‍ അംഗങ്ങള്‍ സ്വീകരിക്കുകയില്ല. അക്കാര്യം എന്തായാലും ഉറപ്പാണ്. നീണ്ട പത്ത് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് വ്യാവസായിക നഗരത്തിന്റെ ഭരണം ഇടതുപക്ഷം തിരിച്ചു പിടിച്ചിരിക്കുന്നത് കോണ്‍ഗ്രസ്സ് നേതൃത്വത്തെ ഞെട്ടിച്ച അട്ടിമറിയായിരുന്നു ഇത്. മേയര്‍ എം അനില്‍കുമാറിന്റെ നേതൃത്വത്തില്‍ വിപ്ലവകരമായ മാറ്റം നഗരത്തില്‍ കൊണ്ടുവരുമെന്നാണ് ഇടതുപക്ഷം പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ ഭരണ സമിതിക്ക് ലഭിക്കുന്ന ജനകീയ സ്വീകാര്യതയും യു.ഡി.എഫിനെ വിളറി പിടിപ്പിക്കുന്നതാണ്.

കൊച്ചി കോര്‍പ്പറേഷന്‍ പരിധിയില്‍ നാല് നിയമസഭ മണ്ഡലങ്ങളാണ് ഉള്‍പ്പെടുന്നത്. ഇതില്‍ എറണാകുളം മണ്ഡലം പൂര്‍ണ്ണവും തൃക്കാക്കര, തൃപ്പൂണിത്തുറ, കൊച്ചി മണ്ഡലങ്ങള്‍ ഭാഗികവുമായാണ് ഉള്‍പ്പെടുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുകള്‍ വച്ച് നോക്കിയാല്‍ നിയമസഭ തിരഞ്ഞെടുപ്പിലും വലിയ വെല്ലുവിളിയാണ് സിറ്റിംഗ് മണ്ഡലങ്ങളിലും യു.ഡി.എഫ് നേരിടാന്‍ പോകുന്നത്. നിലവില്‍ എറണാകുളം, തൃക്കാക്കര മണ്ഡലങ്ങള്‍ യു.ഡി.എഫിന്റെ കൈവശവും, കൊച്ചി, തൃപ്പൂണിത്തുറ മണ്ഡലങ്ങളില്‍ ഇടതുപക്ഷവുമാണ് വിജയിച്ചിരിക്കുന്നത്. കോണ്‍ഗ്രസ്സ് കോട്ടയായിരുന്ന തൃപ്പൂണിത്തുറയില്‍ കഴിഞ്ഞ തവണ എം സ്വരാജിനെ മുന്‍ നിര്‍ത്തി ഇടതുപക്ഷം അട്ടിമറി വിജയം നേടിയത് പോലെ എറണാകുളവും തൃക്കാക്കരയും പിടിച്ചെടുക്കാന്‍ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥികളെ ചെമ്പട രംഗത്തിറക്കുമെന്ന ആശങ്കയും കോണ്‍ഗ്രസ്സ് നേതൃത്വത്തിനുണ്ട്.

കളമശ്ശേരി മണ്ഡലത്തില്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിന്റെ പേരും നിലവില്‍ സജീവമാണ്. മുസ്ലീംലീഗിന്റെ സിറ്റിംഗ് മണ്ഡലമായ കളമശ്ശേരിയിലും തദ്ദേശ തിരഞ്ഞെടുപ്പില്‍ മുന്നേറ്റം നടത്തിയത് ഇടതുപക്ഷമാണ്. യുവത്വത്തെ ഇറക്കി ഭരണ തുടര്‍ച്ച ഇടതുപക്ഷം ലക്ഷ്യമിടുമ്പോള്‍ ശത്രുക്കളെ കൂട്ട് പിടിച്ചും പൊതുശത്രുവിനെ നേരിടാനാണ് കോണ്‍ഗ്രസ്സും ലീഗും ഇപ്പോള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ബി.ജെ.പിയെയും വെല്‍ഫയര്‍ പാര്‍ട്ടിയെയും സംബന്ധിച്ചാകട്ടെ ഏറ്റവും വലിയ പകയിപ്പോള്‍ ചെങ്കൊടിയോടാണ്. അതുകൊണ്ട് തന്നെ അവരെ സംബഡിച്ചും എത്രയും പെട്ടെന്ന് പിണറായി ഭരണം പോകണമെന്നത് തന്നെയാണ് നിലപാട്.

കൊച്ചി കോര്‍പ്പറേഷനില്‍ രൂപം കൊണ്ട പ്രതിപക്ഷ ഐക്യനിര രഹസ്യമായാണെങ്കില്‍ പോലും മറ്റു മണ്ഡലങ്ങളിലേക്കും പടര്‍ത്താനാണ് അണിയറയില്‍ നീക്കം നടക്കുന്നത്. കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം ഈ നീക്കത്തിന് എതിരാണെങ്കിലും മറു വിഭാഗം ജയിക്കാന്‍ ഏത് അടവുനയവും സ്വീകരിക്കാമെന്ന നിലപാടിലാണ്. പരസ്യ സഖ്യമെന്ന പ്രചരണത്തിന് തടയിടാന്‍ സ്വതന്ത്ര പരിവേഷം നല്‍കി സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കാനാണ് വെല്‍ഫയര്‍ പാര്‍ട്ടിയും ബി.ജെ.പിയും ആലോചിക്കുന്നതെന്ന റിപ്പോര്‍ട്ടുകളും ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതോടെ ഇക്കാര്യത്തിലും ചിത്രം വ്യക്തമാകും. ഇത്തവണ കൂടി ഭരണം ലഭിച്ചില്ലങ്കില്‍ യു.ഡി.എഫ് എന്ന സംവിധാനം തന്നെ തകരുമെന്ന തിരിച്ചറിവാണ് യു.ഡി.എഫ് നേതൃത്വത്തെ അവിശുദ്ധ സഖ്യത്തിന് പേരിപ്പിച്ചിരിക്കുന്നത്.

Top