ഡല്‍ഹി: പാര്‍ലമെന്റില്‍ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തില്‍ പൊലീസിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്. പാര്‍ലമെന്റില്‍ സുരക്ഷാ വീഴ്ചയുണ്ടായപ്പോള്‍ ഉദ്യോഗസ്ഥര്‍ എവിടെയായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി ചോദിച്ചു. അംഗങ്ങള്‍ ഒട്ടും ഭയമില്ലാതെ ഇവരെ പിടികൂടി. എന്നാല്‍ പാര്‍ലമെന്റില്‍ സുരക്ഷാ വീഴ്ചയുണ്ടായപ്പോള്‍ ഉദ്യോഗസ്ഥര്‍ എവിടെ പോയിരിക്കുകയായിരുന്നുവെന്നും അധിര്‍ രഞ്ജന്‍ ചൗധരി ചോദിച്ചു. അതേസമയം, പാര്‍ലമെന്റില്‍ കളര്‍ സ്‌പ്രേയുമായി പ്രതിഷേധിച്ചവര്‍ ഉയര്‍ത്തിയത് സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യമാണെന്ന് പൊലീസ് പറയുന്നു.
ഏകാധിപത്യം അനുവദിക്കില്ല എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു പ്രതിഷേധക്കാര്‍ ചാടിവീണത്. ‘താനാശാഹീ നഹീ ചലേഗി’ എന്നാണ് ഇവര്‍ മുദ്രാവാക്യമുയര്‍ത്തിയത്. ഷൂസിനുള്ളിലാണ് ഇവര്‍ സ്‌പ്രേ സൂക്ഷിച്ചത്. കളര്‍സ്‌പ്രേയുമായി രണ്ട് പേര്‍ പാര്‍ലമെന്റിന് പുറത്തും പ്രതിഷേധിച്ചു. പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിച്ചവരില്‍ നീലം, അമോല്‍ ഷിന്‍ഡെ എന്നിവര്‍ പിടിയിലായി. അറസ്റ്റിലായ നാലു പേരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നുണ്ട്.
ഉച്ചയോടെയാണ് ലോക്‌സഭാ സന്ദര്‍ശക ഗാലറിയില്‍ നിന്നും രണ്ട് പേര്‍ കളര്‍ സ്‌പ്രേയുമായി താഴെ സഭാ അംഗങ്ങള്‍ ഇരിക്കുന്ന ചേംബറിലേക്ക് ചാടിയിറങ്ങിയത്. കേന്ദ്ര സര്‍ക്കാരിനെതിരെ മുദ്യാവാക്യം വിളികളുമായാണ് രണ്ട് പേരും എംപിമാര്‍ക്കിടയിലേക്ക് ചാടിയത്. പാര്‍ലമെന്റ് നടപടികള്‍ കാണാനെന്ന വ്യാജേനെയാണ് ഇരുവരും സഭയുടെ സന്ദര്‍ശക ഗ്യാലറിയിലേക്ക് കടന്നത്.