പ്രധാനമന്ത്രിയുടെ പിറന്നാള്‍ ദിനത്തിൽ വിമർശനാവുമായി കോണ്‍ഗ്രസ്

ഡൽഹി: പ്രധാനമന്ത്രിയുടെ പിറന്നാള്‍ ദിനം ആഘോഷിക്കേണ്ടത് ദേശീയ തൊഴിലില്ലായ്മ ദിനമായെന്ന് കോണ്‍ഗ്രസ്. രാജ്യത്തെ എല്ലാ യുവാക്കള്‍ക്കും തൊഴില്‍ നല്‍കുമെന്ന പ്രധാനമന്ത്രിയുടെ വാഗ്ദാനം പാലിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പിറന്നാള്‍ ദിനത്തില്‍ നരേന്ദ്രമോദിക്ക് ആശംസകള്‍ നേര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ മോദിക്ക് ആരോഗ്യസൗഖ്യങ്ങളും നേര്‍ന്നു.

‘പ്രധാനമന്ത്രിക്കെതിരായ രാഷ്ട്രീയ പോരാട്ടങ്ങള്‍ തുടരും. ഞങ്ങള്‍ക്കെതിരായ അദ്ദേഹത്തിന്റെ വ്യക്തിവൈരാഗ്യവും ശക്തമാകുന്നുണ്ട്. എങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 72-ാം ജന്മദിനത്തില്‍ ആശംസകള്‍ നേരുന്നു’. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേഷ് ട്വീറ്റില്‍ പറഞ്ഞു.

മോദിയുടെ ജന്മദിനം തൊഴിലില്ലായ്മ ദിനമായി പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനേറ്റ് പറഞ്ഞു. ഇന്ത്യയിലെ പ്രധാനമന്ത്രിമാരുടെ ജന്മദിനങ്ങള്‍ എപ്പോഴും പ്രത്യേക ദിവസങ്ങളായി ആഘോഷിക്കാറുണ്ട്.

‘കുട്ടികളോടുള്ള സ്‌നേഹം കണക്കിലെടുത്ത് നെഹ്റുജിയുടെ ജന്മദിനം ശിശുദിനമായും ഇന്ദിരാജിയുടെ ജന്മദിനം സാമുദായിക സൗഹാര്‍ദ ദിനമായും രാജീവ് ഗാന്ധിയുടെ ജന്മദിനം സദ്ഭാവന ദിവസായുമൊക്കെ ആചരിക്കുന്നുണ്ട്. അടല്‍ജിയുടെ ജന്മദിനം പോലും സദ്ഭരണ ദിനമായി ആഘോഷിക്കപ്പെടുന്നുണ്ട്. മോദിയുടെ ജന്മദിനം ഈ രാജ്യത്തെ യുവാക്കള്‍ ദേശീയ തൊഴിലില്ലായ്മ ദിനമായാണ് ആഘോഷിക്കുന്നത്.’. സുപ്രിയ കൂട്ടിച്ചേര്‍ത്തു.

Top