Congress criticizes Subramanian Swamy’s unnecessary provocation in Rajyasabha

ന്യൂഡല്‍ഹി: ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി രാജ്യസഭയില്‍ സംസാരിക്കുന്നത് തെരുവില്‍ പ്രസംഗിക്കുന്നത് പോലെയാണെന്നും അദ്ദേഹത്തിന് തെരുവ് പ്രസംഗവും പാര്‍ലമെന്റ് പ്രസംഗവും തമ്മിലുള്ള വ്യത്യാസം അറിയില്ലെന്നും കോണ്‍ഗ്രസ്.

”ബി.ജെ.പിയുടെ രാജ്യസഭയിലേക്കുള്ള പുതിയ സമ്മാനമാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം. യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളെക്കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്. രാജ്യസഭയില്‍ അദ്ദേഹത്തിന്റെ രണ്ടാമത്തെ ദിവസം മാത്രമാണ് ഇന്ന്. രണ്ടു ദിവസം കൊണ്ട് രണ്ട് തവണ അദ്ദേഹത്തിന്റെ വാക്കുകള്‍ രേഖയില്‍ നിന്നൊഴിവാക്കി. 365 ദിവസത്തില്‍ ഇനി എത്ര തവണ ഇങ്ങനെ ഒഴിവാക്കേണ്ടി വരുമെന്ന് ആര്‍ക്ക് അറിയാം”. കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് ചോദിച്ചു.

സുബ്രഹ്മണ്യന്‍ സ്വാമിയുടെ വിവാദ പരാമര്‍ശം രാജ്യസഭയില്‍ ഇന്നും ബഹളത്തിനിടയാക്കിയ സാഹചര്യത്തിലാണ് ഗുലാം നബി ആസാദിന്റെ പരാമര്‍ശം.

കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് ഇറ്റാലിയന്‍ ഭരണഘടന മാത്രമെ അറിയുകയുള്ളുവെന്ന സ്വാമിയുടെ പരാമര്‍ശമാണ് ബഹളത്തിനിടയാക്കിയത്.

മറ്റൊരംഗം അലിഗഡ് സര്‍വകലാശാലയെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് യാതൊരു പ്രകോപനവുമില്ലാതെ സ്വാമി ഈ പരാമര്‍ശം നടത്തിയത്.

ബഹളത്തെത്തുടര്‍ന്ന് സ്വാമിയുടെ പരാമര്‍ശം സഭാ രേഖകളില്‍ നിന്ന് നീക്കുമെന്ന് ഉപാധ്യക്ഷന്‍ പി.ജെ കുര്യന്‍ അറിയിച്ചു. സുബ്രഹ്മണ്യന്‍ സ്വാമി അനാവശ്യമായി പ്രകോപനമുണ്ടാക്കുകയാണെന്നും ഇതാവര്‍ത്തിക്കരുതെന്നും പി.ജെ.കുര്യന്‍ സ്വാമിക്ക് റൂളിംഗ് നല്‍കി.

കഴിഞ്ഞ ദിവസവും സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാമര്‍ശം സഭാ രേഖകളില്‍ നിന്ന് നീക്കിയിരുന്നു.

Top