ഒറ്റയ്ക്കു മത്സരിക്കാനുള്ള കോൺഗ്രസ്സ് തീരുമാനം ഗുണം ചെയ്യുക ബി ജെ.പിക്കെന്ന് സൂചന

ർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു മത്സരിക്കാനുള്ള കോൺഗ്രസ്സ് തീരുമാനത്തിൽ ബി.ജെ.പി ക്യാംപിൽ ആവേശം. എല്ലാ പാർട്ടികളും ഒറ്റയ്ക്ക് മത്സരിക്കുന്നത് ബി.ജെ.പിക്കാണ് ഗുണം ചെയ്യുകയെന്നാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം വിലയിരുത്തുന്നത്. കോൺഗ്രസ്സ് പ്രഖ്യാപനത്തോടെ ശക്തമായ ത്രികോണ മത്സരത്തിനാണ് കർണ്ണാടകയിൽ തിരി തെളിഞ്ഞിരിക്കുന്നത്. ബി.ജെ.പി – കോൺഗ്രസ്സ് – ജെ.ഡി.എസ് മത്സരമാണ് നടക്കാൻ പോകുന്നത്. ഇതിനിടയിലേക്ക് ആം ആദ്മി പാർട്ടി കൂടി വന്നാൽ അതും ബി.ജെ.പിക്കാണ് ഗുണം ചെയ്യുക. പ്രതിപക്ഷ വോട്ടുകളാണ് ചിന്നഭിന്നമാകാൻ പോകുന്നത്. ബി.ജെ.പിയെ ചെറുക്കാൻ വിശാല പ്രതിപക്ഷ സഖ്യമെന്ന് പ്രഖ്യാപിച്ച കോൺഗ്രസ്സ് തന്നെയാണ് പ്രതിപക്ഷത്തെ ഭിന്നിപ്പിച്ചു കൊണ്ട് ആദ്യ വെടി പൊട്ടിച്ചിരിക്കുന്നത്.

“ഞങ്ങൾ ഒറ്റയ്ക്ക് പോരാടുകയാണ്. ഞങ്ങൾ ഒറ്റയ്ക്ക് അധികാരത്തിലെത്തുകയും ചെയ്യു”മെന്നാണ് കോൺഗ്രസ്സ് സംസ്ഥാന അദ്ധ്യക്ഷൻ ഡി.കെ ശിവകുമാർ പ്രഖ്യാപിച്ചിരിക്കുന്നത്. വല്ലാത്തൊരു ആത്മവിശ്വാസം തന്നെയാണിത്. കഴിഞ്ഞ തവണ കിട്ടിയ അധികാരം തുലച്ച ജെ.ഡി.എസുമായി ഒരു സഖ്യവും ഇല്ലന്നതാണ് ഡി.കെ ശിവകുമാറിന്റെ നിലപാട്. എന്നാൽ മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്സിലെ മറുവിഭാഗം ജെ.ഡി.എസിനെ ആവശ്യമെങ്കിൽ ഉപയോഗിക്കണമെന്ന നിലപാടുകാരാണ്. ബി.ജെ.പിയാകട്ടെ പുറത്ത് ജെ.ഡി.എസിനെ എതിർക്കുമ്പോഴും ത്രിശങ്കു സഭ വന്നാൽ അവരെ കൂടി ഉപയോഗപ്പെടുത്താമെന്ന നിലപാടിലാണ്. ജെ.ഡി.എസ് ശക്തികേന്ദ്രമായ മൈസൂർ മേഖലയിൽ ഇത്തവണ ബി.ജെ.പി വലിയ നേട്ടം ഉണ്ടാക്കുമെന്നാണ് പുറത്തുവന്ന അഭിപ്രായ സർവേകളിലും പ്രവചിച്ചിരിക്കുന്നത്.

ഈ വർഷം മേയിലാണ് കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. കോൺഗ്രസ്സ് സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക മാർച്ച് 18-നകം പുറത്തുവരാൻ സാധ്യതയുണ്ടെന്നാണ് കോൺഗ്രസ്സ് വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. രാഹുൽ ഗാന്ധി മാർച്ച് 20 ന് ബെൽഗാം സന്ദർശിക്കുന്നതിന് മുന്നോടിയായി 120-130 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാണ് നീക്കം നടത്തുന്നത്. 224 അംഗ നിയമസഭയിൽ കുറഞ്ഞത് 150 സീറ്റുകൾ നേടുകയാണ് കോൺഗ്രസിന്റെ ലക്ഷ്യം.

അതേസമയം, പ്രധാന പ്രതിപക്ഷ കക്ഷിയായ ജെഡിഎസ് 93 സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിയിട്ടുണ്ട്. ബിജെപിയും ഉടൻ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ഇതിനകം തന്നെ കർണ്ണാടകയിൽ എത്തി പ്രചരണത്തിന് ചൂട് പകർന്നു കഴിഞ്ഞിട്ടുണ്ട്. ദക്ഷിണേന്ത്യയിൽ ഭരണമുള്ള ഏക സംസ്ഥാനത്ത് എന്ത് വില കൊടുത്തും ഭരണം നിലനിർത്തുകയാണ് ബി.ജെ.പി ലക്ഷ്യം.

കോൺഗ്രസ്സിനും ജീവൻ മരണ പോരാട്ടമാണ്. പാർട്ടിക്ക് ശക്തമായ സ്വാധീനമുള്ള കർണ്ണാടക കൈവിട്ടാൽ ഭാരത് ജോഡോ യാത്ര കൊണ്ട് ഒരു ഫലവും ഉണ്ടായില്ലന്നു തന്നെ വിലയിരുത്തേണ്ടിവരും. അതുകൊണ്ടു തന്നെ രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ ഭാവി കൂടി തീരുമാനിക്കുന്ന തിരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നത്. നിലവിൽ ദേശീയ തലത്തിൽ കോൺഗ്രസ്സ് വിരുദ്ധ മനോഭാവമാണ് പ്രതിപക്ഷ പാർട്ടികളിൽ ശക്തിപ്പെടുന്നത്. കോൺഗ്രസ്സിനെ വിശ്വസിക്കാൻ പറ്റാത്തതാണ് ഇതിനു പ്രധാന കാരണം.

മമത ബാനർജിയും അഖിലേഷ് യാഥവും ചേർന്ന് ഇപ്പോൾ തന്നെ ഒരു കുറുമുന്നണി ഉണ്ടാക്കി കഴിഞ്ഞു. തെലങ്കാന മുഖ്യമന്ത്രിയുടെ നേതൃത്വത്തിലും പുതിയ പ്രതിപക്ഷ ചേരിയാണ് രൂപപ്പെടുന്നത്. അവസരവാദികളായ ശരദ് പവാർ ഉൾപ്പെടെയുള്ളവരും അധികാര മോഹവുമായാണ് അണിയറയിൽ ചരടുകൾ വലിക്കുന്നത്.

പ്രതിപക്ഷ നേതാക്കളുടെ ഈ ശ്രമങ്ങളെല്ലാം തന്നെ നരേന്ദ്ര മോദിക്ക് മൂന്നാം ഊഴം ഉറപ്പു നൽകുന്നതാണ്. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് രീതി തന്നെയാണ് ഇവിടെ ബി.ജെ.പിയും പിന്തുടരുന്നത്. അതിന്റെ സാമ്പിൾ വെടിക്കെട്ടാണ് കർണ്ണാടക തിരഞ്ഞെടുപ്പിലും നടക്കാൻ പോകുന്നത്. പ്രതിപക്ഷ വോട്ടുകൾ ഭിന്നിച്ചില്ലങ്കിൽ എം.എൽ എമാരെ ഭിന്നിപ്പിച്ചായാലും കർണ്ണാടകയിൽ ആധിപത്യം പുലർത്താനായിരിക്കും ബി.ജെ.പി ശ്രമിക്കുക. അവരുടെ നീക്കങ്ങളിൽ നിന്നു തന്നെ അത് വ്യക്തവുമാണ്.

EXPRESS KERALA VIEW

Top