വിഴിഞ്ഞത്തെച്ചൊല്ലി കോണ്‍ഗ്രസ്സില്‍ തര്‍ക്കം ; അഴിമതിയുണ്ടെങ്കില്‍ റദ്ദ് ചെയ്യണമെന്ന് കെപിസിസി

hassan

തിരുവനന്തപുരം: വിഴിഞ്ഞം കരാറിനെ ചൊല്ലി ഇന്ന് ചേര്‍ന്ന കോണ്‍ഗ്രസ്സ് രാഷ്ട്രീയ കാര്യസമിതിയില്‍ തര്‍ക്കം.

കരാര്‍ പാര്‍ട്ടിയുടെ ഒരു ഫോറത്തിലും ചര്‍ച്ച ചെയ്തില്ലെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ യോഗത്തില്‍ ഉന്നയിച്ചു.

കരാര്‍ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാമെന്നാണ് ഹൈക്കമാന്റുമായി നടത്തിയ ചര്‍ച്ചകളില്‍ ധാരണയായിരുന്നു. എന്നാല്‍ ഈ തീരുമാനത്തിന് വില കല്‍പ്പിക്കാതെയാണ് മന്ത്രിസഭ മുന്നോട്ട് പോയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അന്ന് നല്ല രീതിയില്‍ ചര്‍ച്ച ചെയ്തിരുന്നുവെങ്കില്‍ ഇപ്പോഴത്തെ വിവാദങ്ങള്‍ ഒഴിവാക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ വിഴിഞ്ഞം കരാറില്‍ പാര്‍ട്ടി സര്‍ക്കാര്‍ ഏകോപന സമിതി കൂടുകയും തീരുമാനമെടുക്കുകയും ചെയ്തതായി കെ.മുരളീധരന്‍ പറഞ്ഞു. വിഴിഞ്ഞം അടക്കമുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിനെ നേരിട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം,വിഴിഞ്ഞം കരാറില്‍ അഴിമതിയുണ്ടെങ്കില്‍ കരാര്‍ റദ്ദ് ചെയ്യണമെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസ്സന്‍ പറഞ്ഞു.

ഒരേ സമയം വിഴിഞ്ഞ പദ്ധതിയില്‍ അഴിമതി ഉണ്ടെന്ന് പറയുകയും പദ്ധതി മുടങ്ങാതെ നടപ്പിലാക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് ഇരട്ടത്താപ്പാണ്. കരാര്‍ ഒപ്പിട്ട സമയത്ത് പാര്‍ട്ടി ഇക്കാര്യം ചര്‍ച്ച ചെയ്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top