ജലാവ് : നിരന്തരമായി ശല്യം ചെയ്ത കോണ്‍ഗ്രസ് നേതാവിനെ തല്ലിച്ചതച്ച് യുവതികള്‍. കോണ്‍ഗ്രസ് നേതാവ് അനുജ് മിശ്രയ്ക്കാണ് മർദ്ദനമേറ്റത്. ഉത്തര്‍ പ്രദേശിലെ ജലാവ് ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷനാണ് അനുജ് മിശ്ര. ഇയാളെ പരസ്യമായാണ് യുവതികൾ കൈകാര്യം ചെയ്തത്. പൊലീസില്‍ പരാതിപ്പെട്ടിട്ടും നടപടികള്‍ ഉണ്ടാകാതെ വന്നതോടെയാണ് കടുത്ത നടപടിയിലേക്ക് തിരിഞ്ഞതെന്നാണ് യുവതികൾ പറയുന്നത്.
ഓറയ് റെയില്‍വേ സ്റ്റേഷന് സമീപത്ത് വച്ചാണ് കോണ്‍ഗ്രസ് നേതാവ് അനുജ് മിശ്രയ്ക്ക് മര്‍ദ്ദനമേറ്റത്. നാളുകളായി ഇയാൾ യുവതികളെ അപമാനിക്കാന്‍ ശ്രമിച്ചിരുന്നതായാണ് പരാതി. ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് നേതാവായ അജയ് കുമാര്‍ ലല്ലുവിനോട് ഇയാളുടെ ശല്യത്തേക്കുറിച്ച് പരാതിപ്പെട്ടിരുന്നുവെന്നും യുവതികള്‍ ആരോപിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായാണ് പ്രമുഖ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
എന്നാൽ ജില്ലാ നേതൃത്വം പറയുന്നത് കേസ് ഗൂഡാലോചനയാണെന്നും കോണ്‍ഗ്രസ് നേതാവിനെ മനപ്പൂര്‍വ്വം കുരുക്കിയതാണെന്നുമാണ്. രണ്ട് സ്ത്രീകളും നാല് പുരുഷന്മാരും ഒന്നിച്ച് വന്നു. അതില്‍ രണ്ട് സ്ത്രീകള്‍ കോളറില്‍ പിടിച്ച് മര്‍ദ്ദിക്കുകയും മറ്റുള്ളവര്‍ വീഡിയോ പിടിക്കുകയായിരുന്നെന്നുമാണ് അനൂജ് മിശ്ര പറയുന്നത്. ഈ യുവതികള്‍ നടത്തിയിരുന്ന എന്‍ജിഒയെ ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നേതാവ് സ്ത്രീകളെ ശല്യം ചെയ്തതെന്നാണ് ആരോപണം.