ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പത്തംഗ തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി രൂപീകരിച്ച് കോണ്‍ഗ്രസ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിയെ സമിതിയുടെ ചെയര്‍മാന്‍ ആയി തെരഞ്ഞെടുത്തു. രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, വി.എം സുധീരന്‍, താരീഖ് അന്‍വര്‍, കെ മുരളീധരന്‍, കെ സുധാകരന്‍, കെ.സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ് അടക്കമുള്ളവരാണ് സമിതിയില്‍ ഉള്ളത്.
തെരഞ്ഞെടുപ്പ് സമിതിയ്ക്ക് പുറമെ പ്രചരണത്തിനായി എ.കെ ആന്റണിയെ ഇറക്കാനാണ് ഹൈക്കമാന്റിന്റെ തീരുമാനം. കേന്ദ്ര നേതൃത്വത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും തെരഞ്ഞെടുപ്പ് പ്രചരണം നടക്കുക. തെരഞ്ഞെടുപ്പില്‍ നിലവിലെ എം.എല്‍.എമാര്‍ക്ക് എല്ലാം തന്നെ സീറ്റ് നല്‍കാമെന്നും മത്സരിക്കാമെന്നുമാണ് ഹൈക്കമാന്റ് തീരുമാനം. ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തെരഞ്ഞെടുപ്പില്‍ മത്സരിക്കും.
കഴിഞ്ഞ തവണ മത്സരിച്ച 87 സീറ്റുകളില്‍ 60 സീറ്റുകളിലും വിജയിക്കുമെന്നാണ് കെ.പി.സി.സിയുടെ വലയിരുത്തല്‍. മറ്റു സ്ഥാനാര്‍ത്ഥികളെ കേരളയാത്ര തുടങ്ങിയ ശേഷമാകും നിശ്ചയിക്കുക.