തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും കനത്ത തോല്‍വിക്ക് കാരണം സംസ്ഥാന നേതൃത്വത്തിനാണെന്ന് മുതിര്‍ന്ന നേതാവ് സി.എന്‍. ബാലകൃഷ്ണന്‍.
കാരണക്കാരായവരെ മാറ്റി നിര്‍ത്തണമെന്നും താന്‍ കാരണക്കാരനാണെങ്കില്‍ തന്നെയും മാറ്റി നിര്‍ത്തണമെന്നും സി.എന്‍.ബാലകൃഷ്ണന്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച് പരിശോധിക്കാനെത്തിയവര്‍ക്ക് മുന്നില്‍ ബാലകൃഷ്ണമെതിരെ പരാതിയുയര്‍ന്നതിനോട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.
തൃശൂരില്‍ തൈക്കാട്ടുശേരിയില്‍ ആയൂര്‍വേദ ചികില്‍സയില്‍ കഴിയുന്ന ബാലകൃഷ്ണന്‍ വികാരാധീനനായിട്ടായിരുന്നു പ്രതികരണം.
25,000 ഭൂരിപക്ഷം കിട്ടുമെന്ന് വീമ്പിളക്കിയവര്‍ക്ക് കുറഞ്ഞ ഭൂരിപക്ഷത്തിന് ജയിക്കാനായതിന്റെ ജാള്യത മറക്കാനാണ് തനിക്കെതിരെയുള്ള ആരോപണമെന്ന് അനില്‍ അക്കരയുടെ പേര് പരാമര്‍ശിക്കാതെ അദ്ദേഹം വിമര്‍ശിച്ചു.
പത്മജയെ സ്ഥാനാര്‍ഥിയാക്കിയതാരാണെന്നായിരുന്നു പത്മജയുടെ പരാതിയെ സംബന്ധിച്ചുള്ള കുറ്റപ്പെടുത്തല്‍. സ്ഥാനാര്‍ഥികളെ അടിച്ചേല്‍പ്പിക്കുകയായിരുന്നു. തോല്‍വിയുടെ കാരണം സംസ്ഥാന നേതൃത്വം അന്വേഷിക്കണം.
60 വര്‍ഷം പിന്നിട്ടതാണ് തന്റെ പൊതുപ്രവര്‍ത്തന പാരമ്പര്യം. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ ഗൂഢാലോചനയാണെന്നും സി.എന്‍. പറഞ്ഞു.
ചൊവ്വാഴ്ചയായിരുന്നു തൃശൂരിലെ തോല്‍വി സംബന്ധിച്ച് കെ.പി.സി.സി ഉപസമിതിയുടെ തെളിവെടുപ്പ് നടന്നത്. ജില്ലയിലെ ഏക എം.എല്‍.എയായ അനില്‍ അക്കരയും കെ.പി.സി.സി ജനറല്‍ സെക്രട്ടറി പത്മജ വേണുഗോപാലുമാണ് സി.എന്‍. ബാലകൃഷ്ണനെതിരെ രൂക്ഷമായ പരാതി ഉന്നയിച്ചിരുന്നത്.