നരേന്ദ്രമോദി സര്‍ക്കാര്‍ മൂന്നാം വട്ടവും അധികാരത്തില്‍ വരിക എന്നത് മതേതര മനസ്സുകള്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലും പറ്റാത്ത കാര്യമാണ്. എന്നാല്‍ കാര്യങ്ങളുടെ പോക്ക് അങ്ങോട്ട് തന്നെയാണ്. ഇതു തുറന്നു പറയുമ്പോള്‍ നെറ്റി ചുളിച്ചിട്ട് ഒരു കാര്യവുമില്ല. വസ്തുതകളാണ് നാം പരിശോധിക്കേണ്ടത്. ബി.ജെ.പി സര്‍ക്കാറിനെതിരെ കര്‍ഷകര്‍ക്കിടയില്‍ ശക്തമായ പ്രതിഷേധം നിലവിലുണ്ട്. ഇത് യു.പി, പഞ്ചാബ്, ഹരിയാന തുടങ്ങി ചുരുങ്ങിയത് 5 സംസ്ഥാനങ്ങളിലെങ്കിലും വന്‍ വെല്ലുവിളിയാണ് ബി.ജെ.പിക്ക് ഉയര്‍ത്തുന്നത്. അതും ഒരു യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ ഈ അനുകൂല സാഹചര്യം മുതലെടുക്കാനുള്ള ശേഷി കോണ്‍ഗ്രസ്സ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ക്കില്ല എന്നതാണ് യാഥാര്‍ത്ഥ്യം. യു.പിയില്‍ എസ്.പിയും ബി.എസ്.പിയും ഒറ്റക്കെട്ടായി മത്സരിച്ചിട്ടും നിലം തൊടാന്‍ കഴിഞ്ഞിട്ടില്ല.
രാഹുലും അഖിലേഷ് യാദവും ചേര്‍ന്ന് നടത്തിയ റോഡ് ഷോ അപ്രസക്തമായതും മുന്‍ തിരഞ്ഞെടുപ്പുകളില്‍ രാജ്യം കണ്ടതാണ്. സഖ്യമായി മത്സരിച്ചപ്പോള്‍ പോലും ഇതാണ് സ്ഥിതിയെങ്കില്‍ ഒറ്റക്ക് മത്സരിച്ചാലുള്ള അവസ്ഥ അതിഭീകരമായിരിക്കും. അതിനാണ് ഏറെ സാധ്യതയുള്ളത്. കര്‍ഷക പ്രതിഷേധത്തെ ഹിന്ദുത്വ രാഷ്ട്രിയവും ദേശീയ വികാരവും ഉയര്‍ത്തി തന്നെയാണ് ബി.ജെ.പി നേരിടാന്‍ പോകുന്നത്. പാക്കിസ്ഥാനോട് അമിത് ഷാ കടുപ്പിച്ച് സംസാരിച്ചതും യു.പിയിലെ സംഘപരിവാര്‍ നീക്കങ്ങള്‍ നല്‍കുന്ന സൂചനകളും അതു തന്നെയാണ്. പ്രതിപക്ഷ വോട്ട് ബാങ്ക് ഭിന്നിപ്പിക്കാന്‍ കഴിയുന്നതാണ് യു.പിയിലെ ബി.ജെ.പിയുടെ പ്രധാന നേട്ടം. അയോധ്യയിലെ രാമക്ഷേത്രം 2023ല്‍ ഭക്തര്‍ക്കു തുറന്നു കൊടുക്കുമെന്ന പ്രഖ്യാപനം കാവിപ്പടയുടെ മറ്റൊരു സന്തോഷമാണ്. അതായത് ലോകസഭ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ രാമക്ഷേത്രം തുറന്നു കൊടുക്കുമെന്ന് വ്യക്തം. ക്ഷേത്രത്തിന്റെ ആദ്യഘട്ടമായ തറനിരപ്പാക്കലും അസ്തിവാരം കോണ്‍ക്രീറ്റ് ചെയ്യലും ഇതിനകം തന്നെ പൂര്‍ത്തിയായി കഴിഞ്ഞിട്ടുണ്ട്.
ഇക്കാര്യം ഔദ്യോഗികമായി തന്നെ രാമക്ഷേത്ര ട്രസ്റ്റ് വക്താക്കള്‍ അറിയിച്ചിട്ടുണ്ട്. 40 അടിയോളം കുഴിയെടുത്ത് മണലും ചെളിയും നീക്കം ചെയ്ത് ഒരടി കനത്തില്‍ 47 കോണ്‍ക്രീറ്റ് പാളികള്‍ പാകിയാണ് ആദ്യഘട്ടം പൂര്‍ത്തീകരിച്ചിരിക്കുന്നത്. ഇതോടെ ഇപ്പോള്‍ ക്ഷേത്ര ശ്രീകോവിലിന്റെയും ക്ഷേത്രസമുച്ചയ തറയുടെയും നിര്‍മാണവും ആരംഭിച്ചിട്ടുണ്ട്. സാന്‍ഡ്സ്റ്റോണും രാജസ്ഥാന്‍ മാര്‍ബിളും ഉപയോഗിച്ച് 15 അടി ഉയരത്തിലാണ് തറ നിര്‍മ്മിക്കുന്നത്. ഇതിനായി 4 ലക്ഷം ക്യുബിക് അടി കല്ലുകളും മാര്‍ബിളുമാണ് ഉപയോഗിക്കുന്നത്. സ്റ്റീലും ഇഷ്ടികയും ഉപയോഗിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. തറ നിര്‍മിക്കുമ്പോള്‍ നേരത്തേ വിവിധ ഇടങ്ങളില്‍ നിന്ന് പൂജിച്ചു കൊണ്ടുവന്ന 2.75 ലക്ഷം ശിലകളും ഉപയോഗിക്കും. ഈ ജോലികള്‍ എല്ലാം നവംബറോടെ തീര്‍ക്കാനാകുമെന്നാണ് കണക്കു കൂട്ടല്‍.
ഇതിനു പുറമെ 115 രാജ്യങ്ങളില്‍ നിന്ന് കൊണ്ടുവന്ന മണ്ണ് നദികളിലെ ജലം എന്നിവയും ഉപയോഗിക്കുന്നുണ്ട്. 161 അടി ഉയരത്തില്‍ 3 നിലകളാണു ക്ഷേത്രത്തിനുണ്ടാകുക. സംഘപരിവാര്‍ സംഘടനകളുടെ ഇപ്പോഴത്തെ കാത്തിരിപ്പ് തന്നെ ക്ഷേത്രം തുറന്നു കൊടുക്കുന്ന ‘ആ’ ദിവസത്തിനായാണ്. അവര്‍ യു.പിയില്‍ മാത്രമല്ല രാജ്യവ്യാപകമായി തന്നെ അത് ആഘോഷമാക്കുമെന്നും ഉറപ്പായിട്ടുണ്ട്. ലോകസഭ തിരഞ്ഞെടുപ്പിന് മുന്‍പ് രാമക്ഷേത്രം തുറന്നു കൊടുത്താല്‍ കാവി രാഷ്ട്രീയത്തിന് മുതലെടുക്കാനുള്ള അവസരം ഉണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്. 2020 ആഗസ്റ്റ് അഞ്ചിനാണ് രാമക്ഷേത്രത്തിന്റെ ഭൂമി പൂജ നടന്നിരുന്നത്. പ്രധാനമന്ത്രി പങ്കെടുക്കുന്നതിനായി ഓഗസ്റ്റ് 3, ഓഗസ്റ്റ് 5 എന്നീ രണ്ട് തീയതികളാണ് ട്രസ്റ്റ് ഭാരവാഹികള്‍ ആവശ്യപ്പെട്ടിരുന്നത്. ഒടുവില്‍ അഞ്ചാം തിയതി തന്നെ തീരുമാനിക്കപ്പെടുകയാണുണ്ടായത്.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും ജമ്മു കശ്മീര്‍ സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്ത ദിവസമെന്ന ആകസ്മികതയും ഓഗസ്റ്റ് അഞ്ച് എന്ന തീയതിക്കുണ്ട്. ആര്‍ട്ടിക്കിള്‍ 370 ഉം രാമക്ഷേത്രവും ബിജെപി ഉന്നയിച്ച ‘രണ്ട് ‘ പ്രത്യയശാസ്ത്രപരമായ വിഷയങ്ങളാണ്. 2019-ലാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയിരുന്നത്. തുടര്‍ന്ന് മൂന്ന് മാസത്തിന് ശേഷം 2019 നവംബറിലാണ് അയോധ്യയിലെ ഭൂമി ക്ഷേത്രം പണിയുന്നതിനായി കേന്ദ്രം നിയോഗിച്ച ട്രസ്റ്റിന് കൈമാറണമെന്നും പള്ളി നിര്‍മിക്കാനായി മറ്റൊരു സ്ഥലത്ത് അഞ്ച് ഏക്കര്‍ നല്‍കണമെന്നും സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വിധിച്ചിരുന്നത്. രാജ്യം വീര്‍പ്പടക്കി കേട്ട വിധികൂടി ആയിരുന്നു അത്.
തുടര്‍ന്ന് രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ ഭൂമി പൂജ ചടങ്ങ് പോലും വന്‍ സംഭവമായാണ് പരിവാര്‍ നേതൃത്വം മാറ്റിയിരുന്നത്. സന്യാസിമാര്‍ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും മാത്രമല്ല ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതും പങ്കെടുക്കുകയുണ്ടായി. ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ അതീവ പ്രാധാന്യത്തോടെയാണ് ഈ ചടങ്ങ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഭരണഘടനാ പദവി വഹിക്കുന്നവര്‍ ശിലാസ്ഥാപന ചടങ്ങില്‍ നിന്നും വിട്ടു നില്‍ക്കണമെന്ന ആവശ്യം കേരളത്തിലെ കോണ്‍ഗ്രസ്സ് എം.പിമാര്‍ ഉള്‍പ്പെടെ ആവശ്യപ്പെട്ടപ്പോള്‍ ഭൂമി പൂജയ്ക്ക് ആശംസയുമായാണ് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പരസ്യമായി രംഗത്തെത്തിയിരുന്നത്.
ഭൂമിപൂജ ദേശീയ ഐക്യത്തിനും സാഹോദര്യത്തിനും സാംസ്‌കാരികമായ ഒത്തുചേരലിനും വഴിവയ്ക്കുമെന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം. ബി.ജെ.പിയുടെ രാഷ്ട്രീയ ‘അജണ്ട’ മനസ്സിലാക്കി തന്നെ ആയിരുന്നു ‘ഒരു മുഴം മുന്‍പേയുള്ള’ ഈ പ്രതികരണം. അടുത്തയിടെ പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരണാസിയില്‍ പ്രിയങ്ക പയറ്റിയതും ഇതേ ‘കാവി’ രാഷ്ട്രീയം തന്നെയാണ്. എന്നാല്‍ അതു കൊണ്ടൊന്നും 80 ലോകസഭാംഗങ്ങളെ സൃഷ്ടിക്കുന്ന യു.പി പിടിക്കാന്‍ കോണ്‍ഗ്രസ്സിനു കഴിയുകയില്ല. ഇവിടെ ഒരു മണ്ഡലത്തിലും വിജയിക്കാനുള്ള സംഘടനാശേഷി നിലവില്‍ കോണ്‍ഗ്രസ്സിനില്ല. കോണ്‍ഗ്രസ്സിനെ ഒപ്പം കൂട്ടിയാല്‍ ഉള്ള സീറ്റുകളും പോകുമോ എന്നതാണ് മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും ഭയക്കുന്നത്. ഇതേ സാഹചര്യം തന്നെയാണ് രാജ്യത്തെ എല്ലാ സംസ്ഥാനത്തും കോണ്‍ഗ്രസ്സ് നേരിടുന്നത്.
ഭരണത്തിലുള്ള പഞ്ചാബ് ഇത്തവണ കോണ്‍ഗ്രസ്സിന് നഷ്ടമാകാനാണ് സാധ്യത. രാജസ്ഥാനിലാകട്ടെ തിരഞ്ഞെടുപ്പ് നടന്നാല്‍ വിജയം സംസ്ഥാന നേതാക്കള്‍ക്ക് തന്നെ ഉറപ്പ് പറയാന്‍ പറ്റാത്ത സ്ഥിതിയാണുള്ളത്. മഹാരാഷ്ട്രയില്‍ ‘മഹാസഖ്യമായി’ മത്സരിക്കാന്‍ കഴിഞ്ഞില്ലങ്കില്‍ കോണ്‍ഗ്രസ്സിന്റെ പൊടി പോലും കാണുകയില്ല. ശിവസേന – എന്‍.സി.പി- കോണ്‍ഗ്രസ്സ് സഖ്യത്തിന് ഒരുമിച്ച് ഭരിക്കാന്‍ കഴിയുന്നത് പോലെ എളുപ്പമല്ല ഒരുമിച്ച് മത്സരിക്കുക എന്നത്. സീറ്റു വിഭജനം തന്നെ വലിയ കീറാമുട്ടിയാകും. ഇതും കോണ്‍ഗ്രസ്സ് നേരിടാനിരിക്കുന്ന മറ്റൊരു വെല്ലുവിളിയാണ്. കേരളത്തില്‍ കഴിഞ്ഞ തവണ ലഭിച്ച 19-ല്‍ 5 സീറ്റുകള്‍ പോലും യു.ഡി.എഫിന് ഉറപ്പിക്കാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളത്.തമിഴ് നാട്ടിലാകട്ടെ നടന്‍ വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ ഉള്ള സീറ്റുകളും കോണ്‍ഗ്രസ്സിന് നഷ്ടപ്പെടാനാണ് സാധ്യത.
വിജയ് പാര്‍ട്ടി ഉണ്ടാക്കി ഒറ്റക്ക് മത്സരിക്കുമെന്ന അഭ്യൂഹം തമിഴകത്ത് വളരെ ശക്തമാണ്. കര്‍ണ്ണാടകയിലാകട്ടെ കോണ്‍ഗ്രസ്സിന് ‘വില്ലന്‍’ നേതാക്കന്‍മാര്‍ തന്നെയാണ്. ഇവിടെ പി.സി.സി പ്രസിഡന്റുമായുള്ള വിമതരുടെ ഭിന്നത പൊട്ടിത്തെറിയുടെ വക്കിലാണുള്ളത്. പാളയത്തിലെ ‘പട’ തന്നെയാണ് രാജസ്ഥാനിലും ചത്തി സ് ഗഡിലും ഹരിയാനയിലും മധ്യപ്രദേശിലും എല്ലാം കോണ്‍ഗ്രസ്സിന് പ്രതിസന്ധി സൃഷ്ടിക്കുന്നത്. സംഘടനാപരമായി ഉഷാറാവേണ്ട സമയത്താണ് ഈ തമ്മില്‍ തല്ലെന്നതും നാം ഓര്‍ക്കണം. ബി.ജെ.പിയുടെ ”പാതയാണ് ‘ യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ്സ് ഇപ്പോള്‍ സുഗമമാക്കി കൊണ്ടിരിക്കുന്നത്. അതാകട്ടെ ഒരു യാഥാര്‍ത്ഥ്യവുമാണ്.
2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ലക്ഷ്യമിടുന്നത് 333 സീറ്റുകളാണ്. ‘മിഷന്‍ 333’ സാധ്യമാക്കാന്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കുടി ചുവടുറപ്പിക്കാനാണ് ബിജെപി നീക്കം. 2014ല്‍ 282 സീറ്റ് നേടിയാണ് കേന്ദ്രത്തില്‍ ബിജെപി ഭരണം പിടിച്ചത്. 2019ല്‍ അത് 303 സീറ്റായി വര്‍ദ്ധിപ്പിക്കുകയും ചെയ്തു. ഇനി നടക്കാനിരിക്കുന്ന 2024ലെ പൊതുതിരഞ്ഞെടുപ്പില്‍ മൂന്നാംടേമും ഒപ്പം കൂടുതല്‍ സീറ്റുകളുമാണ് ബിജെപി ലക്ഷ്യമിടുന്നത്. പശ്ചിമബംഗാള്‍ മുതല്‍ തമിഴ്‌നാട് വരെയുള്ള സംസ്ഥാനങ്ങളിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കേരളത്തില്‍ ഒരു സീറ്റിലാണ് ഏക പ്രതീക്ഷ. തമിഴ്‌നാട്ടില്‍ രജനിയെ വിട്ട് ഇപ്പോള്‍ നടന്‍ വിജയ് യുടെ പിന്നാലെയാണ് ബി.ജെ.പി കൂടിയിരിക്കുന്നത്. ശത്രുത മറന്ന് വിജയ് സഹകരിച്ചാല്‍ നേട്ടം കൊയ്യാമെന്നാണ് കണക്ക്കൂട്ടല്‍. തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയ് ഫാന്‍സിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ബി.ജെ.പിയുടെ ഈ മനംമാറ്റത്തിനു പിന്നിലുള്ളത്.
വിജയ് മെരുങ്ങിയില്ലങ്കില്‍ അണ്ണാ ഡി.എം.കെ മുന്‍ ജനറല്‍ സെക്രട്ടറി ശശികലയെ മുന്‍ നിര്‍ത്തിയുള്ള ഒരു പരീക്ഷണത്തിനും ബി.ജെ.പി നേതൃത്വം തയ്യാറായേക്കും. കര്‍ണാടകയില്‍ 28ല്‍ 25 സീറ്റും നിലവില്‍ ബി.ജെ.പിക്കാണുള്ളത്. തെലങ്കാനയില്‍ പതിനേഴില്‍ നാല് സീറ്റും ബി.ജെ.പിക്കുണ്ട്. ഈ സീറ്റുകള്‍ ഏത് വിധേയനേയും നില നിര്‍ത്താനാണ് ഇപ്പോഴത്തെ ശ്രമം. ആന്ധ്രയില്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സുമായും ബി.ജെ.പി സഖ്യം ആഗ്രഹിക്കുന്നുണ്ട്. പശ്ചിമ ബംഗാളില്‍ 2014ല്‍ രണ്ട് സീറ്റിലൊതുങ്ങിയ ബിജെപി 2019ല്‍ പതിനെട്ട് സീറ്റിലാണ് വിജയിച്ചിരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും ലോകസഭ തിരഞ്ഞെടുപ്പില്‍ ഇവിടെയും ബി.ജെ.പി വലിയ പ്രതീക്ഷ പുലര്‍ത്തുന്നുണ്ട്. ലോകസഭ തിരഞ്ഞെടുപ്പിന് മുന്‍പ് അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായാല്‍ അതും ആത്യന്തികമായി ബി.ജെ.പിക്കാണ് നേട്ടമുണ്ടാക്കുക.
‘വീണ്ടുമൊരു സര്‍ജിക്കല്‍ സ്‌ട്രൈക്കിന് മടിക്കില്ലന്ന് ” അമിത് ഷാ തന്നെ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. പാക്കിസ്ഥാന്‍ വീണ്ടും കുഴപ്പങ്ങള്‍ ഉണ്ടാക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ഈ മുന്നറിയിപ്പ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ പാക്കിസ്ഥാനെതിരെ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ഇന്ത്യയെ പുതിയ ഉയരങ്ങളില്‍ എത്തിച്ചുവെന്നും അമിത്ഷാ ചൂണ്ടിക്കാട്ടുകയുണ്ടായി. ഈ ‘സര്‍ജിക്കല്‍ സ്‌ട്രൈക്ക് ബി.ജെ.പിക്ക് രാഷ്ട്രീയമായി നല്‍കിയ മൈലേജ് വലുതാണ്. ഇവിടെയും ഉത്തരവാദി കോണ്‍ഗ്രസ്സ് തന്നെയാണ്. രാജീവ് ഗാന്ധിയുടെയും മന്‍മോഹന്‍ സിംഗിന്റെയും ഭരണകാലത്ത് നിരവധി തവണ പ്രകോപനം ഉണ്ടായിട്ടും ഒരു മിന്നല്‍ ആക്രമണം നടത്താന്‍ പോലും അന്നത്തെ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. സൈനികരുടെ മനോവീര്യം കെടുത്തിയ നിലപാടായിരുന്നു ഇത്. പ്രതിരോധമന്ത്രി എന്ന നിലയില്‍ എ.കെ ആന്റണിയും വലിയ ഒരു പരാജയമായിരുന്നു.
സൈന്യത്തെ ആധുനിക വല്‍ക്കരിക്കുന്നതില്‍ ഗുരുതര വീഴ്ചയാണ് കോണ്‍ഗ്രസ്സ് സര്‍ക്കാറുക്കള്‍ക്ക് സംഭവിച്ചിരിക്കുന്നത്. ബി.ജെ.പിയോട് രൂക്ഷമായ ഭിന്നത പ്രകടിപ്പിക്കുന്നവര്‍ പോലും സൈന്യത്തിന് പുത്തന്‍ ഉണര്‍വ്വ് നല്‍കാന്‍ മോദി സര്‍ക്കാറിന് കഴിഞ്ഞു എന്ന അഭിപ്രായക്കാരാണ്. ഇവിടെയും പ്രതിരോധത്തിലാകുന്നത് കോണ്‍ഗ്രസ്സ് തന്നെയാണ്. ഏറ്റവും കൂടുതല്‍ കാലം രാജ്യം ഭരിച്ച പാര്‍ട്ടിയാണ് ഇപ്പോള്‍ മോദി സര്‍ക്കാറിന്റെ ‘മിന്നല്‍’ പ്രകടനത്തിനു മുന്നില്‍ പകച്ചു നില്‍ക്കേണ്ടി വരുന്നത്. വിവിധ പരിവാര്‍ സംഘടനകളിലെ കേഡര്‍മാരെയാണ് ബി.ജെ.പിയുടെ വിജയത്തിനായി ആര്‍.എസ്.എസ് രംഗത്തിറക്കാന്‍ പോകുന്നത്. ഇവരെ നേരിടാന്‍ തക്കശേഷി കേരളത്തില്‍ സി.പി.എമ്മിനും ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിനും ഉണ്ട്. ഡല്‍ഹിയിലും പഞ്ചാബിലും ആം ആദ്മി പാര്‍ട്ടിക്കും അതിനു കഴിയും.
കാവി പാളയത്തില്‍ എത്തിയില്ലങ്കില്‍ ആന്ധ്രയില്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സിനും ഒറീസയില്‍ ബിജു ജനതാദളിനും കാവി മുന്നേറ്റത്തെ ചെറുക്കാന്‍ കഴിയും. ബീഹാറില്‍ ഇടതുപക്ഷത്തിന്റെ കൂടി പിന്തുണയോടെ ആര്‍.ജെ.ഡിക്കും ഒരു പരിധിവരെ അത് സാധ്യമായേക്കും.എന്നാല്‍ യു.പിയില്‍ പ്രതിപക്ഷ ഐക്യമുണ്ടാക്കാതെ ബി.ജെ.പിയെ തളയ്ക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. അതേസമയം കോണ്‍ഗ്രസ്സിന്റെ അവസ്ഥ മറ്റൊന്നാണ്. വിജയിക്കുമെന്ന് ഉറപ്പുള്ള ഒരു സംസ്ഥാനവും അവര്‍ക്ക് നിലവിലില്ല. ജയിച്ചാല്‍ ‘മഹാത്ഭുതം’ എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. അതു കൊണ്ട് കൂടിയാണ് മോദി വീണ്ടും അധികാരത്തില്‍ വരാന്‍ സാധ്യത ഉണ്ടെന്ന് ഞങ്ങള്‍ക്കും പറയേണ്ടി വരുന്നത്.
EXPRESS KERALA VIEW