ന്യൂഡല്‍ഹി; കോണ്‍ഗ്രസ്സ് ഉയര്‍ത്തിക്കാട്ടുന്ന കര്‍ഷക പ്രശ്‌നങ്ങള്‍ക്ക് തടയിടാനുള്ള ശ്രമവുമായ് ബിജെപി. പൊതുതിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ രാജ്യത്ത് ഉയര്‍ന്ന് വരുന്ന കര്‍ഷക രോഷം ആുധമാക്കാന്‍ ഉറപ്പിച്ചിരിക്കുകയാണ് രാഹുലും കൂട്ടരും. ഇതിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ സജീവമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
കര്‍ഷകരെ അനുകൂലമാക്കുന്നതിനായി പ്രധാനമായും മൂന്ന് വഴികളാണ് പ്രധാനമന്ത്രിയുടെ കണ്ടെത്തിയിരിക്കുന്നത്. കര്‍ഷകരുടെ പ്രതിമാസ വരുമാനത്തെ പിന്തുണയ്ക്കുന്നതിനായുള്ള പദ്ധതി, വിളകളുടെ യഥാര്‍ഥ വിലയും സര്‍ക്കാരിന്റെ സംഭരണ വിലയും തമ്മിലെ ന്യൂനത പരിഹരിക്കുന്നതിനുള്ള പദ്ധതി, പുതിയ വിള ഇന്‍ഷുറന്‍സ് പദ്ധതി എന്നിവയാണ് പ്രധാനമന്ത്രിയുടെ പരിഗണനയിലുള്ളതെന്നാണു വിവരം. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ഇതു നടപ്പാക്കാനാണു കേന്ദ്രസര്‍ക്കാര്‍ തീരുമാനം.