ഹൈദരാബാദ്: പ്രിയങ്കാ ഗാന്ധി വധ്രയുടെ രാഷ്ട്രീയ പ്രവേശനത്തെ പാര്‍ട്ടി അനുകൂലിക്കുന്നെന്നും എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് അവര്‍ തന്നെയാണെന്നും എഐസിസി ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിംഗ്.
പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്ക് ഉയര്‍ന്നു വരാനുള്ള കഴിവ് പ്രിയങ്കയ്ക്ക് ഉണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പാര്‍ട്ടിയെ സംബന്ധിച്ച് പ്രിയങ്ക സജീവ രാഷ്ട്രീയത്തിലേക്ക് വരുന്നതില്‍ സന്തോഷമേ ഉള്ളൂവെന്ന് സിംഗ് പറഞ്ഞു. അടുത്ത വര്‍ഷം നടക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ റായ്ബറേലി, അമേത്തി മണ്ഡലങ്ങള്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ പ്രിയങ്ക പ്രചാരണത്തിന് ഇറങ്ങാന്‍ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് അത് അവരുടേയും കുടുംബത്തിന്റെയും തീരുമാനത്തെ ആശ്രയിച്ചിരിക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു.
മുന്‍ പ്രധാനമന്ത്രി കൂടിയായ മുത്തശ്ശി ഇന്ദിരാ ഗാന്ധിയുമായി കാഴ്ചയില്‍ വളരെയേറെ സാമ്യമുണ്ടെങ്കിലും അവരുടെ കഴിവുകള്‍ പ്രിയങ്കയ്ക്ക് ഉണ്ടോ എന്നത് ഇപ്പോള്‍ പറയാന്‍ കഴിയില്ല. മികച്ച നേതാവായി വളര്‍ന്നു വരാനുള്ള കഴിവ് പ്രിയങ്കയ്ക്ക് ഉണ്ട്. രാഹുല്‍ ഗാന്ധിയെ പാര്‍ട്ടി പ്രസിഡന്റാക്കുന്ന കാര്യത്തില്‍ സോണിയാ ഗാന്ധിയാണ് തീരുമാനമെടുക്കേണ്ടത്. അനുയോജ്യമായ സമയത്ത് ഇക്കാര്യത്തില്‍ തീരുമാനം എടുക്കും. ഇത് നീണ്ടുപോകുന്നത് പാര്‍ട്ടിയെ ഒരു തരത്തിലും ബാധിക്കുന്നില്ല. സിംഗ് വ്യക്തമാക്കി.
കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പ്രവചിച്ച് പുറത്തുവന്നിരിക്കുന്ന എക്‌സിറ്റ് പോളുകള്‍ താന്‍ വിശ്വസിക്കുന്നില്ലെന്നും ദിഗ്വിജയ് സിംഗ് പറഞ്ഞു.