ന്യൂഡല്‍ഹി: പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഇസ്രത്ത് ജഹാന്‍ കേസിലെ ചില പ്രധാനപ്പെട്ട രേഖകള്‍ ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് കാണാതായതായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് വെളിപ്പെടുത്തി.
ലോക്‌സഭയില്‍ നല്‍കിയ മറുപടിയിലാണ് ആഭ്യന്തരമന്ത്രി ഇക്കാര്യം അറിയിച്ചത്. 2009 ല്‍ അന്നത്തെ ആഭ്യന്തര സെക്രട്ടറി അറ്റോര്‍ണി ജനറലിന് എഴുതിയ രണ്ട് കത്തുകളും അറ്റോര്‍ണി ജനറല്‍ സമര്‍പ്പിച്ച രണ്ട് സത്യവാങ്മൂലങ്ങളുമാണ് കാണാതായത്.
ഈ സത്യവാങ്മൂലമാണ് മുന്‍ ആഭ്യന്തര മന്ത്രി തിരുത്തിയെന്ന് ആരോപണമുയര്‍ന്നതെന്നും പി.ചിദംബരത്തിന്റെ പേരെടുത്ത് പറയാതെ രാജ്‌നാഥ് സിങ് ആരോപിച്ചു.
രേഖകള്‍ കാണാതായ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും മന്ത്രി അറിയിച്ചു.
ഇസ്രത്ത് കേസില്‍ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് പല മലക്കം മറിച്ചിലുകളുമുണ്ടായെന്നും രാജ്‌നാഥ് സിങ് ആരോപിച്ചു. ഗുജറാത്ത് ഹൈക്കോടതിയില്‍ ആദ്യം നല്‍കിയ സത്യവാങ്മൂലത്തില്‍ ഇസ്രത്ത് ജഹാന്‍ തീവ്രവാദിയായിരുന്നുവെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഒരു മാസത്തിന് ശേഷം നല്‍കിയ മറ്റൊരു സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ മലക്കം മറിഞ്ഞു. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ പ്രശ്‌നത്തിലാക്കാനായിരുന്നു അതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.