ബെംഗളൂരു: കര്‍ണാടകയുടെ തലസ്ഥാന നഗരമായ ബെംഗളൂരുവിനെ കുറ്റകൃത്യങ്ങളില്‍ നിന്ന് തടയാന്‍ പദ്ധതിയുമായി സര്‍ക്കാര്‍. നഗരത്തിലാകെ 7500 ക്യാമറകള്‍ സ്ഥാപിച്ച് എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുറ്റകൃത്യങ്ങള്‍ തടയുകയാണ് ലക്ഷ്യം. ബെംഗളൂരു സിറ്റി പൊലീസാണ് പദ്ധതി നടപ്പാക്കുന്നത്. പ്രിവന്റീവ്, പ്രെഡിക്റ്റീവ് പോലീസിംഗ് എന്ന രണ്ട് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) സംവിധാനമാണ് നടപ്പാക്കുക.
സമയോചിതമായ മുന്നറിയിപ്പുകളിലൂടെ കുറ്റകൃത്യങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി. ബെംഗളൂരു സേഫ് സിറ്റി പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന 7,500 ക്യാമറകളുടെ നിരീക്ഷണത്തിലായിരിക്കും നഗരം. 24/7 നിരീക്ഷണം ഒരു സോഫ്റ്റ്വെയര്‍, കമാന്‍ഡ് കണ്‍ട്രോള്‍ കമ്മ്യൂണിക്കേഷന്‍സ്, കമ്പ്യൂട്ടര്‍ 4 ഇന്റലിജന്‍സ് (C4i), സെന്‍ട്രല്‍ കമാന്‍ഡ് കണ്‍ട്രോള്‍ സെന്ററുമായി ബന്ധിപ്പിച്ചിരിക്കും. എല്ലാം എഐ നിയന്ത്രണത്തിലായിരിക്കുമെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഡെക്കാന്‍ ഹെറാള്‍ഡാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ഈ സോഫ്റ്റ്വെയര്‍ പ്രശ്‌നബാധിത പ്രദേശങ്ങള്‍ തിരിച്ചറിഞ്ഞ് ആ സ്ഥലങ്ങളില്‍ പൊലീസിംഗ് ശക്തമാക്കാന്‍ നിര്‍ദേശം നല്‍കും. ഡാറ്റയെ അടിസ്ഥാനമാക്കി സാധ്യമായ കുറ്റകൃത്യങ്ങള്‍ മുന്‍കൂട്ടി കാണുന്നതിന് അല്‍ഗോരിതം ഉപയോഗിക്കും. ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്താനും സംവിധാനം ഉപയോഗിക്കും. ഹെല്‍മെറ്റ് ധരിക്കാതെയുള്ള സവാരി, തിരക്കേറിയ സ്ഥലങ്ങള്‍, ട്രാഫിക് നിയമലംഘനങ്ങളുടെ ഹോട്ട്സ്പോട്ടുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള ട്രാഫിക് സംബന്ധമായ ഡാറ്റയും അധികൃതര്‍ക്ക് നല്‍കും.
പ്രിവന്റീവ് പൊലീസിംഗ് സംവിധാനം, പൊലീസ് ഡാറ്റാബേസ് സോഫ്റ്റ് വെയറില്‍ സംയോജിപ്പിച്ചിരിക്കും. കുറ്റവാസനയുള്ളയാള്‍ സംശയാസ്പദമായി പെരുമാറുകയോ അസാധാരണമായി കാണുകയോ ചെയ്യുമ്പോള്‍, ക്യാമറകള്‍ മുഖം തിരിച്ചറിയല്‍ ഉപയോഗിച്ച്, കമാന്‍ഡ് സെന്ററിലെ സെര്‍വറിലേക്ക് സിഗ്‌നലുകള്‍ അയയ്ക്കുന്നു. സിസ്റ്റം പ്രവര്‍ത്തനം വിശകലനം ചെയ്യുകയും സംശയാസ്പദമായ പെരുമാറ്റം പട്രോളിംഗ് പോലീസിനെ അറിയിക്കുകയും ചെയ്യും. സ്ഥാനം, സമയം, സംഭവങ്ങളുടെ സ്വഭാവം തുടങ്ങിയ ഡാറ്റയെ അടിസ്ഥാനമാക്കി വിവിധ കുറ്റകൃത്യങ്ങള്‍ മാപ്പ് ചെയ്യും.