തിരുവനന്തപുരം: വി എം സുധീരന് പകരം കോണ്‍ഗ്രസിലെ എ വിഭാഗം കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കുന്നത് മുന്‍ കേന്ദ്ര മന്ത്രിയും വടകര എംപിയുമായ മുല്ലപ്പള്ളി രാമചന്ദ്രനെ.
ഐ വിഭാഗത്തിലെ പ്രമുഖര്‍ക്കും മുല്ലപ്പള്ളി സ്വീകാര്യനാവുമെന്ന് കണ്ടാണ് നീക്കം. കെപിസിസി നേതൃയോഗത്തില്‍ വി എം സുധീരനെ ലക്ഷ്യമിട്ട് എ വിഭാഗം നേതാക്കള്‍ നടത്തിയ നീക്കം രണ്ടും കല്‍പ്പിച്ച് തന്നെയാണെന്നാണ് സൂചന.
സുധീരനെ മുന്‍നിര്‍ത്തി ഇനി ഒരു നിമിഷം മുന്നോട്ട് പോവാന്‍ കഴിയില്ലെന്ന നിലപാടിലാണ് എ വിഭാഗം. തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് സുധീരന്‍ മാറണമെന്ന് കെ ബാബു, ശിവദാസന്‍ നായര്‍ തുടങ്ങിയ നേതാക്കളടക്കമുള്ളവരാണ് ഞായറാഴ്ചത്തെ യോഗത്തില്‍ തുറന്നടിച്ചത്. സംഘടനാ തിരഞ്ഞെടുപ്പ് ഉടനെ വേണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് എ ഗ്രൂപ്പ്.
അതേസമയം സുധീരനെതിരായ നീക്കത്തില്‍ എ ഗ്രൂപ്പിലെ പി ടി തോമസ് അടക്കമുള്ള നേതാക്കള്‍ കടുത്ത എതിര്‍പ്പിലാണ്. പാര്‍ട്ടിയുടെ നന്മയ്ക്ക് വേണ്ടിയായിരുന്നു സുധീരന്റെ നിലപാടുകളെന്നാണ് പി ടി തോമസിന്റെ വാദം.
ഐ ഗ്രൂപ്പിലെ ചില പ്രമുഖ നേതാക്കളും സുധീരനൊപ്പമുണ്ടെന്നാണ് സൂചന. കോണ്‍ഗ്രസ് വക്താവ് രാജ് മോഹന്‍ ഉണ്ണിത്താന്‍ കഴിഞ്ഞ ദിവസം സുധീരനെ ക്രൂശിക്കുന്നതിനെതിരെ ശക്തമായി രംഗത്ത് വന്നിരുന്നു
തിരഞ്ഞെടുപ്പ് പരാജയത്തിലെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ സ്ഥാനത്ത് നിന്നടക്കം മാറി നിന്നത് പോലെ കെപിസിസി പ്രസിഡന്റും മാറണമെന്നാണ് എ ഗ്രൂപ്പിന്റെ നിലപാട്. എന്നാല്‍ തിരഞ്ഞെടുപ്പ് തോല്‍വി മൂന്ന് നേതാക്കള്‍ക്കും ബാധകമായതിനാല്‍ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് രമേശ് ചെന്നിത്തലയും മാറണമെന്ന് മറുവാദവും പാര്‍ട്ടികകത്ത് ഇതിനകം ഉയര്‍ന്നിട്ടുണ്ട്.
എന്നാല്‍ സുധീരന്‍ ഒരു കാരണവശാലും മാറേണ്ടതില്ലെന്ന നിലപാടിലാണ് സുധീര അനുകൂലികളായ നേതാക്കള്‍. ഹൈക്കമാന്റ് ഒരുകാരണവശാലും സുധീരനെ കൈവിടില്ലെന്ന് തന്നെയാണ് ഈ വിഭാഗം ഉറച്ച് വിശ്വസിക്കുന്നത്.
സര്‍ക്കാരിന്റെ തെറ്റുകള്‍ ചൂണ്ടി കാട്ടിയത് സത്യസന്ധനായ ഒരു രാഷ്ട്രീയ നേതാവിന്റെ കര്‍ത്തവ്യം തന്നെയാണെന്നും തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് പോലും വിവാദ തീരുമാനങ്ങളെടുത്ത സര്‍ക്കാര്‍ നടപടിയാണ് തിരിച്ചടിക്ക് പ്രധാന കാരണമായതുമെന്നുമാണ് സുധീര വിഭാഗം ചൂണ്ടിക്കാട്ടുന്നത്.
വെള്ളാപ്പള്ളിയോടുള്ള ഉമ്മന്‍ ചാണ്ടിയുടെ മൃദുസമീപനം ന്യൂനപക്ഷങ്ങളില്‍ ആശങ്കയുണ്ടാക്കിയെന്നും ഇതാണ് പ്രധാനമന്ത്രിയുടെ സൊമാലിയന്‍ വിവാദത്തിനെതിരെ ആഞ്ഞടിച്ച് രംഗത്ത് വന്നിട്ടും ന്യൂനപക്ഷ വിഭാഗങ്ങളുടെ വിശ്വാസ്യതയാര്‍ജ്ജിക്കാന്‍ കഴിയാതിരുന്നതിന്റെ കാരണമെന്നുമാണ് വിമര്‍ശനം.
കോണ്‍ഗ്രസിലെ എ വിഭാഗത്തെ സംബന്ധിച്ച് പ്രതിപക്ഷ നേതൃസ്ഥാനവും കെപിസിസി പ്രസിഡന്റ് സ്ഥാനവും ഇല്ലാത്തതിനാല്‍ ഗ്രൂപ്പിന്റെ നിലനില്‍പ് തന്നെ ത്രിശങ്കുവിലായ അവസ്ഥയിലാണ്.
പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തലയായിരിക്കും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന പ്രചരണമഴിച്ചുവിട്ട് ഗ്രൂപ്പ് ശക്തമാക്കാനൊരുങ്ങുന്ന ഐ ഗ്രൂപ്പും സുധീരന്റെ നേതൃത്വത്തില്‍ മൂന്നാം ചേരി ശക്തിയാര്‍ജ്ജിക്കാന്‍ ശ്രമം നടത്തുന്നതും എ ഗ്രൂപ്പിനെ സംബന്ധിച്ച് വന്‍ വെല്ലുവിളിയാണ്.
നിലവില്‍ യുഡിഎഫ് ചെയര്‍മാന്‍ എന്ന നിലയില്‍ മാത്രം ഒതുങ്ങിപ്പോയ ഉമ്മന്‍ചാണ്ടിയെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലെ നായകനാക്കാന്‍ ഹൈക്കമാന്റ് മുതിരുമോ എന്ന കാര്യത്തിലും എ ഗ്രൂപ്പിനുള്ളില്‍ തന്നെ ആശങ്കയുണ്ട്.
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ്സ് അദ്ധ്യക്ഷപദവിയിലേക്ക് വരുന്ന സാഹചര്യത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ നില പരുങ്ങലിലാവുമെന്ന് തന്നെയാണ് സുധീരന്‍ വിഭാഗവും കരുതുന്നത്.
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഹൈക്കമാന്റിനെ മുള്‍മുനയില്‍ നിര്‍ത്തി ഉമ്മന്‍ചാണ്ടി ‘പിടിച്ച്’ വാങ്ങിയ തൃപ്പൂണ്ണിത്തുറ, കൊച്ചി മണ്ഡലങ്ങളില്‍ പ്രമുഖ എ ഗ്രൂപ്പ് നേതാക്കള്‍ തോറ്റതും സുധീരന്റെ പിടിവാശിയില്‍ സ്ഥാനാര്‍ത്ഥിയായ പി.ടി തോമസ് തൃക്കാക്കരയില്‍ ജയിച്ചതും ഹൈക്കമാന്റിന്റെ നിലപാടുകളെ സ്വാധീനിക്കുമെന്നാണ് പ്രതീക്ഷ.
പ്രസിഡന്റ് സ്ഥാനത്ത് കടിച്ച് തൂങ്ങി നില്‍ക്കാന്‍ സുധീരന് താല്‍പര്യമില്ലങ്കിലും ക്ലീന്‍ ഇമേജുളള സുധീരനെ കൈവിടാന്‍ രാഹുല്‍ ഗാന്ധി തയ്യാറാവാന്‍ സാധ്യതയില്ലെന്നാണ് രാഷ്ടീയ നിരീക്ഷകരും ചൂണ്ടിക്കാണിക്കുന്നത്.
സുധീരന്‍ നേതൃസ്ഥാനത്ത് തുടര്‍ന്നാല്‍ അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി അവസാന നിമിഷം രംഗപ്രവേശം ചെയ്യാനുള്ള സാധ്യത ഐ ഗ്രൂപ്പ് നേതൃത്വത്തിന്റെയും ചങ്കിടിപ്പിക്കുന്നുണ്ട്. അതിനാല്‍ തന്നെ മുല്ലപ്പള്ളിയുടെ രംഗപ്രവേശം തന്നെയാണ് സുധീരനേക്കാള്‍ ഭേദമെന്ന നിലപാടിലാണ് ചെന്നിത്തല വിഭാഗം.