നിലമ്പൂരിലെ പതിനായിരം കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റുമായി കോണ്‍ഗ്രസിന്റെ കൈതാങ്ങ്

നിലമ്പൂര്‍ : ദുരന്തഭൂമിയില്‍ കാഴ്ചക്കാരാകുന്ന രാഷ്ട്രീയക്കാര്‍ക്കിതാ നിലമ്പൂരില്‍ നിന്ന് കാരുണ്യത്തിന്റെ നല്ല പാഠം. നിലമ്പൂര്‍ നിയോജകമണ്ഡലത്തിലെയും ചാലിയാര്‍ പഞ്ചായത്തിലെയും പ്രളയദുരിതം അനുഭവിക്കുന്ന പതിനായിരം കുടുംബങ്ങള്‍ക്ക് കോണ്‍ഗ്രസിന്റെ കൈതാങ്ങായി ഭക്ഷ്യകിറ്റുകളും കുടിവെള്ളവും.

മുഴുവന്‍ ആദിവാസി, പട്ടികജാതി കോളനികളിലും ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്കുമാണ് അഞ്ച് കിലോ ഗ്രാം അരി, ഒരു കിലോ ഗ്രാം പഞ്ചസാര, അര ലിറ്റര്‍ വെളിച്ചെണ്ണ, തേയില, അര കിലോ ഗ്രാം പയര്‍ എന്നിവയടങ്ങുന്ന കിറ്റുകള്‍ വിതരണം ചെയ്യുന്നത്.

ചാലിയാറിലെ പെരുവമ്പാടം കോളനിയില്‍ വിതരണോദ്ഘാടനം മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് നിര്‍വഹിച്ചു. കെ.പി.സി.സി സെക്രട്ടറി വി.എ കരീം, സംസ്‌ക്കാര സാഹിതി സംസ്ഥാന ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത്, ചാലിയാര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് നാലകത്ത് ഹൈദരലി, എം.കെ ബാലകൃഷ്ണന്‍, ഹാരിസ്ബാബു ചാലിയാര്‍, മൂര്‍ഖന്‍ കുഞ്ഞു, അഡ്വ. ഷെറി ജോര്‍ജ്, തോണിയില്‍ സുരേഷ്, അഡ്വ. ഐ.കെ യൂനസ് സലിം എന്നിവര്‍ സംബന്ധിച്ചു.

നിലമ്പൂര്‍ നഗരസഭ, അമരമ്പലം, കരുളായി, പോത്തുകല്‍, മൂത്തേടം, ചുങ്കത്തറ, എടക്കര, വഴിക്കടവ് പഞ്ചായത്തുകളിലെ ദുരിതബാധിതര്‍ക്കും ഏറനാട് നിയോജകമണ്ഡലത്തിലെ ചാലിയാര്‍ പഞ്ചായത്തിലുമാണ് ഭക്ഷ്യകിറ്റുകള്‍ നല്‍കുന്നത്. ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവുമുണ്ടായ സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സജീവമായിരുന്നു.

നിലമ്പൂര്‍ നിയോജകമണ്ഡലം കോണ്‍ഗ്രസ് റിലീഫ് കമ്മിറ്റി ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എ ഗോപിനാഥ് എന്നിവരുടെ നേതൃത്വത്തില്‍ നൂറോളം വളണ്ടിയര്‍മാരാണ് ഭക്ഷ്യകിറ്റുകള്‍ പാക്ക് ചെയ്ത് തയ്യാറാക്കിയത്. മൂലേപ്പാടം സെന്റ് ജോര്‍ജ് പള്ളിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന പന്തീരായിരം വനത്തിനുള്ളിലെ വെറ്റിലക്കൊല്ലി ആദിവാസി കോളനിയിലുള്ളവര്‍ ആവശ്യപ്പെട്ടതു പ്രകാരം ചെരുപ്പുകളും വിതരണം ചെയ്തു. നിലമ്പൂര്‍ മേഖലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഭക്ഷ്യ കിറ്റുകള്‍ക്ക് പുറമെ റവ, റസ്‌ക്ക്, നാപ്കിന്‍ അടക്കമുള്ളവയും വിതരണം ചെയ്യുന്നുണ്ട്.

Top