കേരള ബാങ്ക് ; മുസ്ലീംലീഗ് തീരുമാനം പിന്‍ വലിപ്പിക്കാനുള്ള ശേഷി കോണ്‍ഗ്രസ്സിനില്ല, യു.ഡി.എഫ് നേതൃത്വം ‘ത്രിശങ്കുവില്‍’

രാഷ്ട്രീയത്തില്‍ പലതും പ്രവചനാതീതമാണ്. നേതാക്കള്‍ പാര്‍ട്ടി വിടുന്നതും , പാര്‍ട്ടികള്‍ മുന്നണികള്‍ വിടുന്നതുമെല്ലാം സര്‍വ്വ സാധാരണമാണ്. അത്തരം ചരിത്രങ്ങള്‍ നിരവധി കണ്ടു വളര്‍ന്ന കേരളത്തില്‍, വീണ്ടും ചരിത്രം ആവര്‍ത്തിക്കുമോ എന്നതാണിപ്പോള്‍ , രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റു നോക്കുന്നത്. മുസ്ലിംലീഗിനോട് സി.പി.എം നേതൃത്വം എടുക്കുന്ന നിലപാടില്‍ , ഉറക്കം നഷ്ടപ്പെട്ടിരിക്കുന്നതിപ്പോള്‍ , കോണ്‍ഗ്രസ്സ് നേതൃത്വത്തിനാണ്.

ലോകസഭ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടാല്‍ , മുസ്ലീംലീഗ്…. യു.ഡി.എഫ് വിട്ട് ഇടതുമുന്നണിയില്‍ ചേക്കേറുമെന്ന ഭയമാണ് , കോണ്‍ഗ്രസ്സിനെ ഇപ്പോള്‍ നയിക്കുന്നത്. കഴിഞ്ഞ തവണ യു.ഡി.എഫ് നേടിയത് 19 സീറ്റുകളാണ്. ഇതില്‍ എത്ര എണ്ണം കുറയുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും, യു.ഡി.എഫിന്റെ ഭാവി. പത്തില്‍ കുറഞ്ഞാല്‍ , ഉറപ്പായും , ലീഗ് മുന്നണി വിടാനാണ് സാധ്യത. ഇടതുപക്ഷ നയങ്ങള്‍ അംഗീകരിക്കാന്‍ അവര്‍ തയ്യാറായാല്‍ , ഇടതിന്റെ ഭാഗമാകാന്‍ സാധ്യത കൂടുതലാണ്.അത്തരമൊരു സാഹചര്യം വന്നാല്‍ , ലീഗ് രണ്ടായി പിളരാനും സാധ്യതയുണ്ട്.

എം.കെ മുനീര്‍ – കെ.എം ഷാജി വിഭാഗങ്ങളാണ് പിന്നീട് യു.ഡി.എഫില്‍ അവശേഷിക്കുക. പാണക്കാട് തങ്ങള്‍മാര്‍ പറയുന്നതിന് അപ്പുറം , മറ്റൊരു നിലപാട് ലീഗ് അണികള്‍ക്കും നേതാക്കള്‍ക്കും ഇല്ലാത്തതിനാല്‍, മുനീറിനെ കൊണ്ടും കെഎം ഷാജിയെ കൊണ്ടും , പ്രത്യേകിച്ച് ഒരു ഗുണവും കോണ്‍ഗ്രസ്സിന് ഉണ്ടാകുകയില്ല. ഇതെല്ലാം തന്നെ സാധ്യതകള്‍ മാത്രമാണ്. ഈ സാധ്യതകളിലേക്ക് വിരല്‍ ചൂണ്ടുന്ന കാര്യങ്ങളാണ് , ലീഗ് രാഷ്ട്രീയത്തിലും ഇപ്പോള്‍ നടക്കുന്നത്. ഇത്തരം ഒരവസ്ഥ സൃഷ്ടിക്കപ്പെട്ടതിന് പ്രധാനമായും രണ്ടു കാരണങ്ങളാണ് ഉള്ളത്. അതില്‍ പ്രധാനം, സംസ്ഥാനത്ത് ഭരണതുടര്‍ച്ച ഉണ്ടായതാണ്. അധികാരമില്ലാതെ പിടിച്ചു നില്‍ക്കുക എന്നത് , കോണ്‍ഗ്രസ്സിനു മാത്രമല്ല, ലീഗിനെ സംബന്ധിച്ചും വലിയ വെല്ലുവിളിയാണ്.

മൂന്നാംവട്ടവും ഇടതുപക്ഷം അധികാരത്തില്‍ വന്നാല്‍ , ലീഗിന്റെ നിലനില്‍പ്പാണ് അപകടത്തിലാകുക. സമസ്തയിലെ പ്രബല വിഭാഗം ഉടക്കി നില്‍ക്കുന്നതും , കോണ്‍ഗ്രസ്സില്‍… ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് താല്‍പര്യം കുറയുന്നതും , ലീഗിനെ കളംമാറ്റത്തിന് പ്രേരിപ്പിക്കുന്നതാണ്. സി.പി.എം നേതാക്കള്‍ ലീഗ് നേതൃത്വത്തോട് സ്വീകരിക്കുന്ന അനുകുല നിലപാടു കൂടിയായപ്പോള്‍ , ‘മാറ്റം എന്ന വാക്കല്ലാതെ, മാറാത്തതായി മറ്റൊന്നും തന്നെയില്ലന്നാണ് ‘ ലീഗ് നേതാക്കളും അടക്കം പറയുന്നത്. വിവിധ വിഷയങ്ങള്‍ മുന്‍ നിര്‍ത്തി സി.പി.എം സംഘടിപ്പിക്കുന്ന പരിപാടികള്ലേക്കുള്ള ക്ഷണത്തിനു പുറമെ, ഒരുപടി കൂടി കടന്നുള്ള രാഷ്ട്രീയ നീക്കമാണ് , സി.പി.എം ഇപ്പോള്‍ നടത്തിയിരിക്കുന്നത്.

കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിലേക്ക് , മുസ്ലിം ലീഗ് എംഎല്‍എയെ ഉള്‍പ്പെടുത്തിയത് , തന്ത്രപരമായ രാഷ്ട്രീയ നീക്കമാണ്. യു.ഡി.എഫില്‍ ചര്‍ച്ച ചെയ്യാതെയും , കോണ്‍ഗ്രസ്സിനോട് ആലോചിക്കാതെയുമാണ് , ഇടതുപക്ഷം അടക്കി ഭരിക്കുന്ന , കേരള ബാങ്ക് ഭരണ സമിതിയിലെ അംഗത്വം, മുസ്ലീംലീഗ് സ്വീകരിച്ചിരിക്കുന്നത്. ഇക്കാര്യം തങ്ങളോട് ആലോചിച്ചിട്ടല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരനും , യു.ഡി.എഫ് കണ്‍വീനര്‍ എം.എം.ഹസ്സനും, ഇതിനകം തന്നെ പ്രതികരിച്ചിട്ടുണ്ട്. സി.പി.എമ്മിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിക്ക് പോകുന്നത് വിലക്കിയതു പോലെ, കേരളബാങ്ക് വിഷയത്തില്‍ ഉടക്കുവച്ചാല്‍, ലീഗ് നേതൃത്വം അത് തള്ളിക്കളയുമെന്ന ഭയമുള്ളതിനാല്‍, കോണ്‍ഗ്രസ്സ് നേതൃത്വം അമര്‍ഷം ഉള്ളില്‍ ഒതുക്കിയിരിക്കുകയാണ്.

പരസ്യ പ്രതിഷേധത്തിന് കോണ്‍ഗ്രസ്സ് നേതാക്കള്‍ തയ്യാറായിട്ടില്ലെങ്കിലും, കേരള ബാങ്കിന്റെ ഭരണ പങ്കാളിത്തത്തിലെ തീരുമാനം,യുഡിഎഫ് മുന്നണിയില്‍ ചര്‍ച്ച ചെയ്ത ശേഷം സ്വീകരിക്കണമായിരുന്നുവെന്ന നിലപാടിലാണ് നേതാക്കള്‍ ഉള്ളത്. സഹകരണ മേഖലയില്‍ സര്‍ക്കാര്‍ വിളിച്ച സെമിനാറുകളില്‍ പങ്കെടുക്കാനായിരുന്നു യുഡിഎഫ് മുന്നണി യോഗത്തിലെ ധാരണയെന്നും, കേരള ബാങ്കിന്റെ ഭരണസമിതി പങ്കാളിത്തത്തിന് ആയിരുന്നില്ല, യോഗമൊന്നും , നേതാക്കള്‍ പറയുന്നു. കോണ്‍ഗ്രസ്സിനു പുറമെ , ലീഗിലെ ഒരുവിഭാഗത്തിനും, കേരള ബാങ്കിലെ പ്രാധിനിത്യം രസിച്ചിട്ടില്ല. രാത്രിയില്‍ പോസ്റ്റര്‍ പതിച്ചാണ് , ഈ വിഭാഗം അവരുടെ അരിശം തീര്‍ത്തിരിക്കുന്നത്. മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി കൂടിയായ, നിയുക്ത കേരളബാങ്ക് അംഗം പി.അബ്ദുല്‍ ഹമീദിനെതിരെ മലപ്പുറത്താണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ‘പാര്‍ട്ടിയെയും അണികളെയും വഞ്ചിച്ച യൂദാസാണ് അബ്ദുല്‍ ഹമീദ്’ എന്നാണ് , പോസ്റ്ററിലെ ആക്ഷേപം. അബ്ദുള്‍ ഹമീദിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കണമെന്നും, പോസ്റ്ററില്‍ ആവശ്യപ്പെടുന്നുണ്ട്.

അബ്ദുല്‍ ഹമീദിനെ കേരള ബാങ്ക് ഭരണസമിതി അംഗമായി നാമനിര്‍ദേശം ചെയ്തതിനു പിന്നാലെയാണ് , ഈ പോസ്റ്ററും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്നാല്‍, ഈ ‘പോസ്റ്റര്‍ എതിര്‍പ്പിനെ’ ലീഗ് നേതൃത്വം മുഖവിലക്കെടുത്തിട്ടില്ല. അബ്ദുല്‍ ഹമീദിനു ഭരണസമിതിയില്‍ ചേരാന്‍ അനുമതി നല്‍കിയതു തന്നെ , ലീഗ് സംസ്ഥാന നേതൃത്വമാണ്. സി.പി.എമ്മുമായി നല്ല ബന്ധം സൃഷ്ടിക്കാന്‍ , ഇതുവഴി കഴിയുമെന്നാണ് ലീഗ് നേതൃത്വം കണക്ക് കൂട്ടുന്നത്. ലോകസഭ തിരഞ്ഞെടുപ്പിനു ശേഷം , അപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിനു അനുസരിച്ച് , നിലപാട് സ്വീകരിക്കാന്‍ തന്നെയാണ് ലീഗിന്റെ തീരുമാനം. അതാകട്ടെ, വ്യക്തവുമാണ്.

EXPRESS KERALA VIEW

Top