തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ്സിന്റെ മുന്നണിപ്രവേശനവുമായി ബന്ധപ്പെട്ടാണ് ഈ ഒരു വര്‍ഷത്തേക്ക് രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ്സിന് കൊടുക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് കേരളാ കോണ്‍ഗ്രസ്സിനെ മുന്നണിയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ എടുത്ത ഒരു പ്രത്യേക നീക്കമാണ്. മുമ്പും കോണ്‍ഗ്രസ്സില്‍ ഇങ്ങനെ സീറ്റ് വിട്ട് നല്‍കിയിട്ടുണ്ട്. അതൊക്കെ മുന്നണി സംവിധാനത്തിന്റെ ഭാഗമാണ്. തെറ്റായ പ്രചാരണം നടത്തുന്നതില്‍ നിന്ന് വിട്ട് നില്‍ക്കണം. ഇത് യഥാര്‍ഥ വസ്തുതകള്‍ ജനങ്ങളില്‍ എത്തുന്നതിന് തടസ്സമാകുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
2021ല്‍ യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ രണ്ട് രാജ്യസഭാ സീറ്റുണ്ടാകും. അത് രണ്ടും കോണ്‍ഗ്രസ്സിനായിരിക്കുമെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം, കോണ്‍ഗ്രസസ്സിന്റെ സീറ്റ് നേരത്തെ വീരേന്ദ്ര കുമാറിന് കൊടുക്കാന്‍ അഞ്ച് മിനിറ്റ് മാത്രമേ എടുത്തുള്ളൂ. ചില സാഹചര്യങ്ങളില്‍ യുഡിഎഫിന്റെയും സംസ്ഥാനത്തിന്റെയും താല്‍പ്പര്യസംരക്ഷണത്തിന് വേണ്ടി ഇത്തരം ചില തീരുമാനങ്ങള്‍ എടുക്കേണ്ടി വരും. കോണ്‍ഗ്രസ്സും ലീഗും ചില ചെറു കക്ഷികളും മാത്രമായാല്‍ യുഡിഎഫ് ശക്തിപ്പെടില്ല. കേരളാ കോണ്‍ഗ്രസ്സിനെ തിരിച്ചുകൊണ്ടുവരുന്നത് യുഡിഎഫിനെ ശക്തിപ്പെടുത്താനാണെന്നും അദ്ദേഹം വ്യക്തമാക്കി.
കേരള കോണ്‍ഗ്രസ്സ് എമ്മിന് രാജ്യസഭാ സീറ്റ് നല്‍കിയതിനെ ന്യായീകരിച്ച് കൊണ്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.