പട്ന: പാര്‍ലമെന്റിലെ കോണ്‍ഗ്രസിന്റെ അംഗബലത്തെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യസഭയിലും ലോക്സഭയിലും കൂടി 100 എംപിമാരെ തികയ്ക്കാന്‍ കോണ്‍ഗ്രസിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് ബിഹാറിലെ ഫോര്‍ബെസ്ഗഞ്ചില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ മോദി പറഞ്ഞു. കോണ്‍ഗ്രസ് പ്രസംഗിക്കുന്നതൊന്നും നടപ്പിലാക്കുകയില്ല. അതുകൊണ്ടാണ് പാര്‍ലമെന്റില്‍ അവര്‍ ഇപ്പോഴും നൂറില്‍ താഴെ അംഗബലത്തില്‍ തുടരുന്നത്. അത്തരമൊരു അവസ്ഥയിലാണ് കോണ്‍ഗ്രസ് ഇപ്പോഴുള്ളത്- മോദി പറഞ്ഞു.
കഴിഞ്ഞ ദിവസം ഒമ്പത് ബിജെപി എംപിമാര്‍ കൂടി രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതോടെ ആദ്യമായി എന്‍ഡിഎയുടെ രാജ്യസഭാംഗത്വം 100 കടന്നിരുന്നു. നിലവില്‍ എന്‍ഡിഎയുടെ 104 അംഗങ്ങളാണ് രാജ്യസഭയിലുള്ളത്.
നിലവില്‍ കോണ്‍ഗ്രസിന് രാജ്യസഭയില്‍ 38 സീറ്റുകളാണുള്ളത്. ലോകസഭയിലെ സീറ്റുകള്‍ കൂടി ചേര്‍ന്നാലും ഇത് 89 ല്‍ നില്‍ക്കും. 14 സംസ്ഥാനങ്ങളില്‍ നിന്ന് കോണ്‍ഗ്രസിന് എംപിമാര്‍ ഇല്ല. ദേശീയ രാഷ്ട്രീയത്തില്‍പ്പോലും നിര്‍ണായകമാണെന്ന് കരുതുന്ന യുപിയില്‍ നിന്ന് ഒരൊറ്റ കോണ്‍ഗ്രസ് എംപി മാത്രമാണുള്ളത്.