സ്വയം കുഴിതോണ്ടി കോൺഗ്രസ്സ് നേതൃത്വം, വാഗ്ദാനങ്ങൾക്കു പിന്നാലെ നേതാക്കൾ

‘എന്നെ തല്ലേണ്ട അമ്മാവാ ഞാന്‍ നന്നാവില്ല’ എന്ന അവസ്ഥയിലാണ് കോണ്‍ഗ്രസ്സ് പാര്‍ട്ടി. അധികാരത്തിനു വേണ്ടി ഇത്രയധികം തമ്മിലടിക്കുന്ന മറ്റൊരു പാര്‍ട്ടിയും രാജ്യത്ത് ഉണ്ടാവില്ല. വാജ്പേയിയുടെ കാലത്തും പിന്നീട് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലും ബി.ജെ.പി കേന്ദ്രത്തില്‍ സര്‍ക്കാറുണ്ടാക്കിയത് തന്നെ കോണ്‍ഗ്രസ്സിന്റെ തകര്‍ച്ചയിലാണ്.

വളരും തോറും പിളരുകയും പിളരും തോറും വളരുകയും ചെയ്യുമെന്ന പഴയ ചരിത്രം പുതിയ കാലത്ത് നടക്കില്ലെന്ന് കോണ്‍ഗ്രസ്സ് നേതൃത്വം ഇനിയെങ്കിലും തിരിച്ചറിയുന്നത് നല്ലതാണ്.

ദക്ഷിണേന്ത്യയില്‍ വീണ്ടും ബി.ജെ.പിക്ക് നേട്ടമുണ്ടാക്കാനുള്ള സാഹചര്യമാണ് കോണ്‍ഗ്രസ്സിന്റെ കഴിവുകേടിന്റെ ഭാഗമായി ഇപ്പോള്‍ ഉണ്ടായികൊണ്ടിരിക്കുന്നത്. കറന്‍സി കെട്ടുകളും മന്ത്രി പദവിയും കിട്ടിയാല്‍ ഏത് കോണ്‍ഗ്രസ്സ് എം.എല്‍.എമാരെയും വിലക്കു വാങ്ങാന്‍ പറ്റുമെങ്കില്‍ അത് അത്യന്തം അപകടകരമായ സ്ഥിതി വിശേഷം തന്നെയാണ്.

കര്‍ണ്ണാടകയില്‍ നിന്നും ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വാര്‍ത്തകളും അത്ര ശുഭകരമല്ല. കൂറുമാറ്റം ഭയന്ന് റിസോര്‍ട്ടില്‍ താമസിപ്പിച്ച കോണ്‍ഗ്രസ്സ് എം.എല്‍.എമാര്‍ തമ്മിലടിച്ചുവെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. 80 കോണ്‍ഗ്രസ്സ് എം.എല്‍.എമാരില്‍ 4 പേര്‍ ഇപ്പോള്‍ തന്നെ കോണ്‍ഗ്രസ്സ് കൂടാരത്തിലില്ല. ഇവര്‍ ബി ജെ.പി പാളയത്തിലാണെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ എം.എല്‍.എമാര്‍ മറുകണ്ടം ചാടുമെന്നുമാണ് ബി.ജെ.പി അവകാശപ്പെടുന്നത്.

നിലവില്‍ സര്‍ക്കാറില്‍ സഖ്യകക്ഷിയായ ജനതാദള്‍ ഇപ്പോള്‍ തന്നെ കോണ്‍ഗ്രസ്സുമായി ഉടക്കിലാണ്. പൊട്ടിത്തെറിച്ചാണ് മുഖ്യമന്ത്രി കുമരസ്വാമി തന്നെ അടുത്തയിടെ കോണ്‍ഗ്രസ്സ് നേതൃത്വത്തിനെതിരെ രംഗത്ത് വന്നിരുന്നത്.

8 മാസം മുഖ്യമന്ത്രി പദത്തിലിരുന്നിട്ടും ഒന്നും ചെയ്യാന്‍ പറ്റാത്തതിന്റെ വിഷമമായിരുന്നു കുമാരസ്വാമിയുടെ വാക്കുകളില്‍. ഈ അസംതൃപ്തിയും ഭിന്നതയും ലോകസഭ തിരഞ്ഞെടുപ്പില്‍ വോട്ടാക്കി മാറ്റാനാണ് ബി.ജെ.പി ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിനു മുന്‍പ് സംസ്ഥാന സര്‍ക്കാര്‍ വീഴണമെന്ന് അവര്‍ ആഗ്രഹിക്കുന്നു.

BJP ,HD Kumaraswamy

28 ലോകസഭാ അംഗങ്ങളുള്ള കര്‍ണ്ണാടകയില്‍ നിന്നും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 9 സീറ്റും നേടിയത് കോണ്‍ഗ്രസ്സാണ്. ഈ വിജയം ഇത്തവണ അവര്‍ക്ക് ആവര്‍ത്തിക്കാന്‍ പറ്റില്ലെന്ന് തന്നെയാണ് രാഷ്ട്രിയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്. ഇത് രാഹുല്‍ ഗാന്ധിയുടെ പ്രധാനമന്ത്രി പദ മോഹത്തിനും തിരിച്ചടിയാകും. 2014-ലെ തിരഞ്ഞെടുപ്പില്‍ കേരളവും കര്‍ണ്ണാടകയുമാണ് ദേശീയ തലത്തില്‍ കോണ്‍ഗ്രസ്സിന്റെ മാനം കാത്തത്. ആകെയുള്ള 45 എം.പിമാരില്‍ 18 പേരും ഈ രണ്ട് സംസ്ഥാനങ്ങളില്‍ നിന്നും ഉള്ളവരാണ്.

കേരളത്തില്‍ നിന്നും ഘടകകക്ഷികളുടെ 4 സീറ്റ് മാറ്റി നിര്‍ത്തിയാല്‍ ബാക്കി 8 സീറ്റും കോണ്‍ഗ്രസ്സിനാണ്. ഇതില്‍ എത്ര പേര്‍ ഇത്തവണ ജയിക്കുമെന്ന കാര്യത്തില്‍ യു.ഡി.എഫ് നേതാക്കള്‍ക്ക് തന്നെ അത്ര ഉറപ്പ് പോരാ.

കര്‍ണ്ണാടകയിലാവട്ടെ താഴെ തട്ടു വരെ കോണ്‍ഗ്രസ്സ് – ജനതാദള്‍ ഭിന്നത വ്യാപിച്ചതിനാല്‍ ഇനി സഖ്യമായി മത്സരിച്ചാലും ഗുണം ചെയ്യുമോ എന്ന ആശങ്കയും വ്യാപകമാണ്. രാജ്യം അതിനിര്‍ണ്ണായക തിരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുമ്പോഴാണ് മതനിരപേക്ഷ മനസ്സുകളെ ആശങ്കപ്പെടുത്തുന്ന വാര്‍ത്തകള്‍ കര്‍ണ്ണാടകയില്‍ നിന്നും വന്നു കൊണ്ടിരിക്കുന്നത്.

സ്ഥാനമാനങ്ങളോ പണമോ ആഗ്രഹിക്കാതെ ജനസേവനത്തിന് ഇറങ്ങുന്നവര്‍ വളരെ കുറവുള്ള കോണ്‍ഗ്രസ്സില്‍ നിന്നും കൂടുതല്‍ എം.എല്‍.എമാര്‍ കളം മാറ്റി ചവിട്ടിയാല്‍ കുമരസ്വാമി സര്‍ക്കാര്‍ വീഴും. ഇപ്പോഴത്തെ രാഷ്ട്രീയ അസ്ഥിരതാവസ്ഥ ബി.ജെ.പിക്ക് ഉപയോഗപ്പെടുത്താനും കഴിയും. അതു തന്നെയാണ് അവരിപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നതും.

സംസ്ഥാന ഭരണം ഉണ്ടായിട്ടും സ്വന്തം എം.എല്‍.എമാരെ ബി.ജെ.പിയെ പേടിച്ച് റിസോര്‍ട്ടില്‍ താമസിപ്പിക്കേണ്ടി വന്നത് കോണ്‍ഗ്രസ്സിന്റെ പ്രതിച്ഛായക്ക് തന്നെ തീരാകളങ്കമായിരിക്കുകയാണ്. സംസ്ഥാന പൊലീസിന്റെ ഭരണം കയ്യാളുന്ന പാര്‍ട്ടിക്ക് എം.എല്‍.എമാരെ സംരക്ഷിക്കാന്‍ കഴിയില്ലേ എന്ന ചോദ്യം ഇതിനകം തന്നെ ഉയര്‍ന്നു കഴിഞ്ഞു.

Rahul Gandhi

കോണ്‍ഗ്രസ്സ് നേതൃത്വത്തിന് പോലും വിശ്വാസമില്ലാത്ത നേതാക്കളെയാണോ എം.എല്‍.എമാരും എം.പിമാരും ആക്കാന്‍ മത്സരിപ്പിക്കുന്നതെന്ന ചോദ്യത്തിനു മുന്നിലും കോണ്‍ഗ്രസ്സ് നേതൃത്വം പകച്ചു നില്‍ക്കുകയാണ്.

കര്‍ണ്ണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ആലപ്പുഴ എം.പി കൂടിയായ കെ.സി വേണുഗോപാലിനും ഇപ്പോള്‍ മിണ്ടാട്ടമില്ല. ബി.ജെ.പിയെ മാറ്റി നിര്‍ത്തി ജനതാദളിനെ കൂട്ടുപിടിച്ച് സര്‍ക്കാര്‍ ഉണ്ടാക്കിയെങ്കിലും അതിനെ നല്ല രൂപത്തില്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനാവശ്യമായ ഇടപെടല്‍ നടത്തുന്നതില്‍ വേണുഗോപാലും പരാജയപ്പെട്ടു.

ഓഫറുകളും പദവികളും തല്‍കി എത്ര പേരെ പിടിച്ച് നിര്‍ത്താന്‍ പറ്റുമെന്നതും അത് തന്നെ എത്ര നാള്‍ എന്നതും വലിയ ചോദ്യമാണ്. ഒരാള്‍ക്ക് മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്യുമ്പോള്‍ മറ്റൊരാള്‍ പുതിയ അവകാശവുമായി രംഗത്ത് വരുന്നതാണ് കര്‍ണ്ണാടകയിലെ അണിയറ കാഴ്ച. കോണ്‍ഗ്രസ്സിലെ എല്ലാ എം.എല്‍.എ മാരെയും മന്ത്രിമാരാക്കിയാലേ കര്‍ണ്ണാടകയിലെ പ്രതിസന്ധി അഴയുകയൊള്ളു എന്ന പരിഹാസം രാഹുല്‍ ഗാന്ധിക്കും ഇപ്പോള്‍ കേള്‍ക്കേണ്ടി വരുന്നുണ്ട്. ലോകസഭ തിരഞ്ഞെടുപ്പിന് മുന്‍പ് കര്‍ണ്ണാടക ഉള്‍പ്പെടെ രാജ്യത്തെ പല സംസ്ഥാനങ്ങളില്‍ നിന്നും കോണ്‍ഗ്രസ്സ് നേതാക്കളും ജനപ്രതിനിധികളും ബി.ജെ.പി പാളയത്തില്‍ എത്തുമോ എന്ന ഭയത്തിലാണ് കോണ്‍ഗ്രസ്സ് ഹൈക്കമാന്‍ഡ്.

mahasakhyam

കേരളത്തില്‍ കെ.പി.സി.സി അംഗങ്ങള്‍ ഉള്‍പ്പെടെ ഇതിനകം തന്നെ ബി.ജെ.പി പാളയത്തിലെത്തിയത് ഭരണപക്ഷമായ സി.പി.എമ്മിനാണ് നല്ല ആയുധമായിരിക്കുന്നത്.

പ്രത്യേകിച്ച് കോണ്‍ഗ്രസ്സ് ഉന്നത നേതാക്കള്‍ ഇനിയും ബി.ജെ.പി പാളയത്തില്‍ എത്തുമെന്ന അഭ്യൂഹം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഖദര്‍ കാവിയണിയുന്നത് രാഷ്ട്രീയപരമായി സി.പി.എമ്മിന് നല്ലൊരായുധമാണ്.

political reporter

Top