യുവ ‘തിരുത്തൽവാദി’കളെ തുരത്താൻ കോൺഗ്രസ്സിൽ അണിയറ നീക്കം തുടങ്ങി

balram

ന്യൂഡല്‍ഹി: പാര്‍ട്ടിയില്‍ പുതുതലമുറയുടെ ‘വസന്ത കാലത്തിനു’ വേണ്ടി ശബ്ദമുയര്‍ത്തിയ യുവ എം.എല്‍.എമാര്‍ക്കെതിരെ കോണ്‍ഗ്രസ്സില്‍ പടയൊരുക്കം. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കമാന്റിന് പരാതി നല്‍കിയിരിക്കുകയാണ് മുതിര്‍ന്ന നേതാക്കള്‍. എം.എല്‍.എമാരെ ‘പാഠം പഠിപ്പിക്കാന്‍’ഹൈക്കമാന്റിലെ സ്വാധീനം പി.ജെ.കുര്യനും വയലാര്‍ രവിയുമാണ് ഉപയോഗപ്പെടുത്തുന്നത്. അച്ചടക്ക നടപടി അനിവാര്യമാണെന്ന നിലപാടിലാണ് ഈ നേതാക്കള്‍.

രാജ്യസഭ വൃദ്ധസദനമാക്കുന്നു, വൈദ്യശാസ്ത്രം തോല്‍ക്കാതെ കോണ്‍ഗ്രസില്‍ യുവാക്കള്‍ക്ക് രക്ഷയില്ല തുടങ്ങിയ പരാമര്‍ശങ്ങളോടെ പി.ജ.കുര്യന്‍, വയലാര്‍ രവി തുടങ്ങിയവര്‍ക്കെതിരെ രംഗത്തെത്തിയ യുവനേതാക്കളെ പ്രതിക്കൂട്ടിലാക്കുകയാണ് കോണ്‍ഗ്രസ്സിലെ മുതിര്‍ന്ന നേതാക്കള്‍. ഹൈബി ഈഡന്‍, വി.ടി. ബല്‍റാം, ഷാഫി പറമ്പില്‍, റിജില്‍ മാക്കുറ്റി, അനില്‍ അക്കര തുടങ്ങിയവരാണ് സ്വന്തം അഭിപ്രായങ്ങള്‍ പറഞ്ഞതിന്റെ പേരില്‍ പ്രതിക്കൂട്ടിലായിരിക്കുന്നത്.

hybeedan

മുതിര്‍ന്ന നേതാക്കളുടെ രോക്ഷം അവര്‍ ഇവര്‍ക്കു നേരെ പരസ്യമായി തന്നെ നേരത്തെ പ്രകടമാക്കുകയും ചെയ്തിരുന്നു. വീട്ടില്‍ മുതിര്‍ന്നവരോടുള്ള സമീപനവും ഇതുതന്നെയാണോ എന്ന ചോദ്യവുമായി കുര്യനും രവിയും യുവാക്കള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. യുവാക്കള്‍ക്ക് അര്‍ഹമായ അവസരം കൊടുക്കണമെന്ന് വാദിക്കുന്ന മുതിര്‍ന്ന നേതാക്കളെക്കൂടി വെട്ടിലാക്കുന്ന കടുത്ത പരാമര്‍ശങ്ങളാണ് യുവനേതാക്കള്‍ നടത്തിയതെന്നാണ് ഇവര്‍ ആരോപിക്കുന്നത്. പാര്‍ട്ടിക്കുവേണ്ടി വലിയ സംഭാവനകള്‍ നല്‍കിയവരെ അപമാനിച്ച് ഇറക്കി വിടാനാണ് ഒരുവിഭാഗം ശ്രമിച്ചതെന്ന കുറ്റപ്പെടുത്തലുമുണ്ട്.

തലമുറമാറ്റം എന്നതുകൊണ്ട് മുതിര്‍ന്നവരെ അപ്പാടെ വെട്ടിനിരത്തുകയല്ല, മുതിര്‍ന്നവരുടെ അനുഭവസമ്പത്ത് യുവാക്കളിലൂടെ ഉപയോഗപ്പെടുത്തി കോണ്‍ഗ്രസിനെ വളര്‍ത്തുക എന്നതാകണമെന്നാണ് മുതിര്‍ന്ന നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. രാജ്യസഭ സ്ഥാനാര്‍ഥി പുതിയ കെ.പി.സി.സി പ്രസിഡന്റ്, യു.ഡി.എഫ് കണ്‍വീനര്‍ എന്നിവരെ കണ്ടെത്താന്‍ ബുധനാഴ്ച മുതല്‍ ഡല്‍ഹിയില്‍ ചര്‍ച്ച ആരംഭിക്കുകയാണ്. യുവ എംഎല്‍എമാരുടെ നിലപാടും ഇവിടെ ചര്‍ച്ചയാകും.

Top