ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സേനാ മേധാവിയെ നിയോഗിച്ചതിന് എതിരെ ആരോപണങ്ങളുമായി കോണ്‍ഗ്രസ് രംഗത്ത്. ആദ്യത്തെ ഡിസിഎസായി ജനറല്‍ ബിപിന്‍ റാവത്തിനെ നിയോഗിച്ചത് വഴി തെറ്റായ ചുവടുവെപ്പാണ് സര്‍ക്കാര്‍ തുടക്കത്തില്‍ തന്നെ വെച്ചിരിക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി ആരോപിച്ചു. ഈ തെറ്റായ തീരുമാനത്തിന്റെ പ്രത്യാഘാതങ്ങള്‍ സമയം തെളിയിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഡിസംബര്‍ 31ന് ജനറല്‍ റാവത്ത് ആദ്യ സിഡിഎസ് ആയി ചുമതലയേല്‍ക്കും. റാവത്തിന്റെ പിന്‍ഗാമിയായ ലഫ്റ്റനന്റ് ജനറല്‍ എംഎം നരവാനെ സൈനിക മേധാവിയായി ചൊവ്വാഴ്ച ചുമതലയേല്‍ക്കും. ഔദ്യോഗിക പരിപാടികള്‍ 2020 ജനുവരി ഒന്നിന് നടക്കും. ദേശീയ യുദ്ധസ്മാരകത്തില്‍ റീത്ത് സമര്‍പ്പിച്ച് സൗത്ത് ബ്ലോക്ക് ലോണ്‍സില്‍ ഗാര്‍ഡ് ഓഫ് ഓണസും അദ്ദേഹം സ്വീകരിക്കും.
ക്യാബിനറ്റ് അപ്പോയിന്റ്‌മെന്റ്‌സ് കമ്മിറ്റി ആദ്യ സംയുക്ത സേനാ മേധാവിയായി ജനറല്‍ ബിപിന്‍ റാവത്തിന്റെ പേര് തെരഞ്ഞെടുത്തിരുന്നു. 1978 ഡിസംബര്‍ 16ന് 11 ഗൂര്‍ഖാ റൈഫിള്‍സ് അഞ്ചാം ബറ്റാലിയനിലാണ് റാവത്ത് ആദ്യമായി കമ്മീഷന്‍ ചെയ്തത്. 37 വര്‍ഷം നീണ്ട കരിയറില്‍ സാഹസത്തിനും, മികവാര്‍ന്ന സേവനത്തിനും നിരവധി അവാര്‍ഡുകള്‍ ജനറല്‍ റാവത്ത് നേടി.
പാകിസ്ഥാന് എതിരായ അഭിപ്രായങ്ങള്‍ ശക്തമായ ഭാഷയില്‍ തന്നെ രേഖപ്പെടുത്താന്‍ തയ്യാറായിട്ടുള്ള സൈനിക മേധാവിയാണ് ജനറല്‍ റാവത്ത്. പാക് അധീന കശ്മീര്‍ പാകിസ്ഥാന്റെ പക്കല്‍ നിന്നും തിരികെ പിടിക്കാന്‍ ഇന്ത്യന്‍ സൈന്യം തയ്യാറാണെന്നത് ഉള്‍പ്പെടെയുള്ള ശക്തമായ വാക്കുകള്‍ക്ക് പുറമെ കോണ്‍ഗ്രസ് സൈന്യത്തിന്റെ ശേഷിയെ സംശയിച്ച് അഭിപ്രായപ്രകടനങ്ങള്‍ നടത്തിയപ്പോഴെല്ലാം മറുപടി നല്‍കാനും അദ്ദേഹം തയ്യാറായിരുന്നു.