ബീഹാറിലും ഖദർ ‘കാവിയണിയുന്നു’ കോൺഗ്രസ്സ് വലിയ പ്രതിസന്ധിയിൽ

ത്ര തിരിച്ചടി കിട്ടിയാലും, പാഠം പഠിക്കാത്ത പാർട്ടിയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്.അതിൻ്റെ പരിണിത ഫലമാണ് ബീഹാറിൽ ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. മധ്യപ്രദേശിലും കർണ്ണാടകയിലും ഗോവയിലും, ബി.ജെ.പി അധികാരം പിടിക്കാൻ കാരണവും, കോൺഗ്രസ്സിൻ്റെ കയ്യിലിരിപ്പ് കൊണ്ട് മാത്രമാണ്. കൈപ്പത്തി ചിഹ്നത്തിൽ ജയിച്ച, സ്വന്തം ജനപ്രതിനിധികളെ പോലും ഒപ്പം നിർത്താൻ കഴിയാത്ത പാർട്ടിയാണ് കോൺഗ്രസ്സ്.ആ ചരിത്രമാണ് ബീഹാറിലും ആവർത്തിച്ചിരിക്കുന്നത്.

70 സീറ്റിൽ മത്സരിച്ച കോൺഗ്രസ്സ്, 19 സീറ്റിൽ മാത്രമാണ് വിജയിച്ചത്.ഇതിൽ ഒരു വിഭാഗമാണിപ്പോൾ, കാവിയോട് ആഭിമുഖ്യം പുലർത്തുന്നത്. മറുകണ്ടം ചാടുമെന്ന്‌ സംശയിക്കുന്ന ഒമ്പത്‌ എംഎൽഎമാരുടെ പട്ടിക, കോൺഗ്രസ് ‌ബിഹാർ ഘടകം തന്നെയാണ്, ഹൈക്കമാൻഡിന്‌ കൈമാറിയിരിക്കുന്നത്. ഇവരെ നിരീക്ഷിക്കാൻ, കേന്ദ്രനേതൃത്വം സംസ്ഥാന നേതൃത്വത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്. കോൺഗ്രസ്‌ ടിക്കറ്റിൽ മത്സരിച്ച 70‌ പേരെയും, തെരഞ്ഞെടുപ്പു ഫലം വരുംമുമ്പേ, പട്‌നയിലെ ഹോട്ടലിലേക്ക്‌ നേതൃത്വം ഇടപ്പെട്ട് നേരത്തെ മാറ്റിയിരുന്നു. 70ൽ 51 ഉം തോറ്റതിനാൽ, ശേഷിച്ചവരാണിപ്പോൾ നിരീക്ഷണത്തിലുള്ളത്.

കോൺഗ്രസിന്‌ കൂടുതൽ സീറ്റ്‌ നൽകിയതാണ്‌, മഹാസഖ്യത്തിന്‌ ഭരണം നഷ്ടമാക്കിയതെന്ന വിലയിരുത്തലിനിടെയാണ്‌, ജയിച്ചവർതന്നെ ഇപ്പോൾ കൂറുമാറാൻ ഒരുങ്ങിയിരിക്കുന്നത്.അതേസമയം, കോൺഗ്രസിന്റെ മോശംപ്രകടനമാണ്‌ മഹാസഖ്യത്തെ തോൽപ്പിച്ചതെന്ന്‌ കാര്യം, മുതിർന്ന കോൺഗ്രസ്‌ നേതാക്കളും ഇതിനകം സമ്മതിച്ചിട്ടുണ്ട്. സംഘടനാശേഷിയുള്ള മധ്യപ്രദേശ്‌, ഗുജറാത്ത്‌, കർണാടകം, ഗോവ എന്നിവിടങ്ങളിൽപ്പോലും, കോൺഗ്രസ്‌ എംഎൽഎമാർ കൂറുമാറുമ്പോൾ, സംഘടന ദുർബലമായ ബിഹാറിൽ, എന്തും സംഭവിക്കാമെന്നാണ് ഹൈക്കമാൻ്റും വിലയിരുത്തുന്നത്. രുക്ഷ വിമർശനമാണ് ബീഹാർ തോൽവിയിൽ രാഹുൽ ഗാന്ധിയും നേരിടുന്നത്.


ബീഹാറിൽ തിരഞ്ഞെടുപ്പ് റാലികൾ നടക്കുന്നതിനിടെ, രാഹുൽ ഗാന്ധി ഷിംലയിലെ സഹോദരിയുടെ പുതിയ വീട്ടിൽ അവധി ആഘോഷിക്കാൻ പോയതും, രാഷ്ട്രീയ മേഖലയിൽ വലിയ ചർച്ചയാണ്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും, രാജകുമാരനെയും രാജകുമാരിയേയും പോലെയാണ് പെരുമാറിയതെന്നാണ്, ആർ.ജെ.ഡി നേതാവ് ശിവാനന്ദ് തിവാരി ആരോപിച്ചിരിക്കുന്നത്. ഭീഷണിപ്പെടുത്തി 70 സീറ്റുകൾ വാങ്ങിയ കോൺഗ്രസ്സിന്, 70 റാലികൾ പോലും നടത്താൻ കഴിഞ്ഞില്ലന്നാണ് അദ്ദേഹം പരിഹസിച്ചത്. ബീഹാർ തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം രാഹുൽ ഗാന്ധിയും കോൺഗ്രസും മനസിലാക്കിയിട്ടില്ല, കോൺഗ്രസിന്റെ നിലപാടുകൾ കാരണമാണ് ബീഹാറിലെ പ്രധാന പാർട്ടികളായ വി.ഐ.പിയേയും, എച്ച്.എ.എമ്മിനെയും, മഹാസഖ്യത്തിൽ ഉൾപ്പെടുത്താൻ സാധിക്കാതിരുന്നതെന്നും, തിവാരി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.തിരഞ്ഞെടുപ്പിൽ വിജയിക്കുന്നതിനുള്ള തേജസ്വി യാദവിന്റെ പരിശ്രമങ്ങളെയെല്ലാം, കോൺഗ്രസ് തകർക്കുകയാണ് ചെയ്തിരിക്കുന്നത്.

ബി.ജെ.പിക്കെതിരായ പോരാട്ടത്തിൽ, ബീഹാറിൽ കോൺഗ്രസാണ് തടസ്സമായതെന്നാണ് ആർ.ജെ.ഡി നേതൃത്വം വിലയിരുത്തുന്നത്. ബി.ജെ.പിക്കെതിരായ മഹാസഖ്യത്തെ നയിക്കാൻ, കോൺഗ്രസിന് സാധിക്കില്ലെന്ന്, ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണെന്ന, ആർ.ജെ.ഡിയുടെ ആരോപണം, വൻ പ്രഹരമാണ് ദേശീയ തലത്തിലും കോൺഗ്രസ്സിന് ഉണ്ടാക്കിയിരിക്കുന്നത്. പ്രാദേശിക പാർട്ടികൾ പോലും, കോൺഗ്രസ്സ് സഹകരണം സൂക്ഷിച്ച് മതി എന്ന നിലപാടിലാണിപ്പോൾ. ഇനി കുറുമാറ്റ ചരിത്രം കൂടി ബീഹാറിൽ ആവർത്തിച്ചാൽ, അത് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലും കോൺഗ്രസ്സിന് വലിയ തിരിച്ചടിയാകും. തമിഴ് നാട്ടിൽ ഡി.എം.കെ സഖ്യത്തിലാണ് കമ്മ്യൂണിസ്റ്റ് പാർട്ടികളും കോൺഗ്രസ്സുമുള്ളത്. എന്നാൽ, ഡി.എം.കെക്ക് ഇപ്പോൾ കോൺഗ്രസ്സിനേക്കാൾ പ്രിയം, ഇടതുപാർട്ടികളോടാണ്.

ചുവപ്പിൻ്റെ ബീഹാറിലെ മിന്നുന്ന പ്രകടനവും വിശ്വാസ്യതയുമാണ് ഡി.എം.കെയെ ആകർഷിച്ചിരിക്കുന്നത്. കോൺഗ്രസ്സിന് കൂടുതൽ സീറ്റ് നൽകിയാൽ വിജയിച്ചാൽ കൂറുമാറുമെന്ന ഭയവും ഡി.എം.കെക്കുണ്ട്. ബംഗാളിൽ ഇടതുപക്ഷത്തോടൊപ്പം സഖ്യമായി മത്സരിക്കാനാണ്, കോൺഗ്രസ്സ് തീരുമാനിച്ചിരിക്കുന്നത്. ഇവിടെയും സീറ്റ് വിലപേശൽ ശക്തി, കോൺഗ്രസ്സിന് നഷ്ടമാകും.കേരളത്തിലും കോൺഗ്രസ്സിനെ സംബന്ധിച്ച് പരീക്ഷണ കാലമാണ് വരാനിരിക്കുന്നത്.2021-ൽ ഭരണം കിട്ടിയില്ലങ്കിൽ, പ്രമുഖ നേതാക്കൾ ഉൾപ്പെടെ പാർട്ടി വിടാൻ സാധ്യത ഏറെയാണ്. ഭരണ തുടർച്ച കേരള ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ലന്ന ഒറ്റ ധൈര്യത്തിലാണ്, യു.ഡി.എഫ് സംവിധാനം തന്നെ ഇപ്പോൾ നിലനിൽക്കുന്നത്.

ജോസ്.കെ മാണി വിട്ടു പോയതിൻ്റെ എഫക്ട്, തദ്ദേശ തിരഞ്ഞെടുപ്പിൽ വ്യക്തമാകുമെന്നാണ് മുന്നണി നേതൃത്വവും കരുതുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടാൽ, അത് യു.ഡി.എഫിൽ വൻ പൊട്ടിത്തെറിയാണുണ്ടാകുക.എന്നാൽ, വിവാദങ്ങൾക്കിടയിലും വിജയം നേടാൻ കഴിഞ്ഞാൽ, ഇടതുപക്ഷത്തെ സംബന്ധിച്ച്, ഭരണ തുടർച്ചയ്ക്കുള്ള ആത്മവിശ്വാസം കൂടിയാണ് വർദ്ധിക്കുക.

Top