സുനിൽ കനഗോലു പേടിയിൽ കേരളത്തിലെ കോൺഗ്രസ്സ്, ‘ഹിറ്റ് ലിസ്റ്റിൽപ്പെട്ടാൽ’ മത്സരിക്കാൻ കഴിയില്ലന്ന് ഭയം

വീണ് നിലത്തു കിടന്നു പിടയേണ്ട അവസ്ഥ ആയാലും കോൺഗ്രസ്സിന്റെ അവകാശവാദത്തിന് ഒരു കുറവുമുണ്ടാകാറില്ല. അത്തരമൊരു അവകാശവാദമാണ് നേതൃതല യോഗത്തിനു ശേഷം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഇപ്പോൾ മുന്നോട്ടു വച്ചിരിക്കുന്നത്. കേരളത്തിൽ നിന്നുള്ള 20 ലോകസഭ സീറ്റുകളിൽ 20ഉം ഇത്തവണ യു.ഡി.എഫ് നേടുമെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്.

അതായത് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം നേടിയ ഏക സീറ്റായ ആലപ്പുഴയും ഇത്തവണ പിടിച്ചെടുക്കുമെന്ന അവകാശവാദമാണിത്. കോൺഗ്രസ്സിന്റെ അതിരു കടന്ന അവകാശമായി മാത്രമേ കെ.സി വേണുഗോപാലിന്റെ പ്രസ്താവനയെ വിലയിരുത്താൻ കഴിയുകയൊള്ളൂ. ആലപ്പുഴ മുൻ എം.പിയായ കെ.സി വേണുഗോപാലിനു പോലും വീണ്ടും ഈ മണ്ഡലത്തിൽ വന്നു മത്സരിക്കാൻ ധൈര്യമുണ്ടാകുകയില്ല. ആദ്യം മത്സരിക്കാൻ സ്വയം തയ്യാറായിട്ടു വേണമായിരുന്നു കെ.സി വെല്ലുവിളി നടത്തേണ്ടിയിരുന്നത്.

2019 -ലെ കേരളമല്ല 2024ലെ കേരളമെന്നത് കെ.സി വേണുഗോപാൽ ഉൾപ്പെടെയുള്ള കോൺഗ്രസ്സ് ദേശീയ നേതൃത്വം തിരിച്ചറിയേണ്ടതുണ്ട്. രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് വിചാരിച്ച് അന്ന് നൽകിയ വോട്ടുകൾ 2024-ൽ കേരളം കോൺഗ്രസ്സിനു നൽകുകയില്ല. രാഹുൽ ഗാന്ധിയല്ല പ്രിയങ്ക ഗാന്ധി വന്ന് വയനാട്ടിൽ മത്സരിച്ചാലും വരുന്ന തിരഞ്ഞെടുപ്പിൽ അത് ഏശുകയില്ല. പ്രതിപക്ഷ മഹാസഖ്യം അധികാരം പിടിച്ചാൽ പോലും കോൺഗ്രസ്സ് പ്രധാനമന്ത്രി ഉണ്ടാകാൻ പോകുന്നില്ലന്നത് പ്രബുദ്ധരായ കേരളത്തിലെ വോട്ടർമാർ ഇപ്പോൾ തിരിച്ചറിയുന്നുണ്ട്.

ബി.ജെ.പി വിരുദ്ധ സർക്കാർ ആരുണ്ടാക്കിയാലും അത്തരമൊരു സർക്കാറിനെ പിന്തുണയ്ക്കുമെന്നാണ് ഇടതുപക്ഷം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതേ നിലപാട് തന്നെ കോൺഗ്രസ്സിനും സ്വീകരിക്കേണ്ടി വരും. പണ്ട് മൂന്നാംമുന്നണി സർക്കാറിനു പിന്തുണ നൽകിയ മോഡലിൽ ഒരു പിന്തുണ കോൺഗ്രസ്സ് ഇതര പ്രതിപക്ഷ സർക്കാറിനു നൽകാൻ കോൺഗ്രസ്സും നിർബന്ധിക്കപ്പെടും. ബി.ജെ.പിക്ക് കേവല ഭൂരിപക്ഷം ലഭിച്ചില്ലങ്കിൽ കാര്യങ്ങൾ അങ്ങോട്ടാണ് പോകുക.

കേരളത്തിലെ സാമുദായിക – രാഷ്ട്രീയ സാഹചര്യങ്ങൾ മാറിമറിയുന്നത് കോൺഗ്രസ്സിനാണ് വലിയ ഭീഷണിയായി മാറുക. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് 19 സീറ്റുകൾ നേടിയപ്പോൾ അതിൽ 15 ഉം കോൺഗ്രസ്സിനാണ് ലഭിച്ചിരുന്നത്. ഈ സീറ്റുകൾ എല്ലാം രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് കണ്ട് ലഭിച്ചതാണെന്ന വസ്തുത കെ.സി വേണു ഗോപാലിനു അറിയില്ലങ്കിലും വിജയിച്ച കോൺഗ്രസ്സ് എം.പിമാർക്ക് ശരിക്കും അറിയാം. അതു കൊണ്ടു തന്നെയാണ് അവരിൽ പലരും ഇത്തവണ മത്സരിക്കാനില്ലന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നത്.

തൃശൂർ, കോഴിക്കോട്, ആറ്റിങ്ങൽ, മൂവാറ്റുപുഴ എം.പിമാർ അടക്കം നിരവധി പേരാണ് മത്സരിക്കാൻ മുഖം തിരിച്ചിരിക്കുന്നത്. ഇവർക്കൊക്കെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് ആഗ്രഹമുള്ളത്. കാസർഗോഡ് എം.പി രാജ് മോഹൻ ഉണ്ണിത്താനും, വടകര എം.പി കെ മുരളീധരനും ഇത്തവണ കടുത്ത വെല്ലുവിളിയാണ് നേരിടേണ്ടി വരിക. സുധാകരൻ മത്സരിച്ചില്ലങ്കിൽ കണ്ണൂർ മണ്ഡലത്തിൽ നല്ലൊരു പ്രകടനം കാഴ്ചവയ്ക്കാൻ പോലും കോൺഗ്രസ്സിനു കഴിയുകയില്ല.

ഇടതുപക്ഷ കോട്ടയായ പാലക്കാട് ജില്ലയിലെ പാലക്കാട്, ആലത്തൂർ മണ്ഡലങ്ങളും ഇത്തവണ സി.പി.എം പിടിച്ചെടുക്കാനുള്ള എല്ലാ സാധ്യതയുമുണ്ട്. തെക്കൻ കേരളത്തിലും കോൺഗ്രസ്സിന്റെ സ്ഥിതി അത്ര ഭദ്രമല്ല. കോട്ടയം സീറ്റ് ഇത്തവണ ഇടതു പിന്തുണയിൽ നിലനിർത്താൻ കഴിയുമെന്നാണ് കേരള കോൺഗ്രസ്സ് കണക്ക് കൂട്ടുന്നത്. പത്തനംതിട്ട, തിരുവനന്തപുരം സീറ്റുകളിലും ഇത്തവണ മത്സരം കടുപ്പമാകും. ശശി തരൂർ ആണ് കോൺഗ്രസ്സ് സ്ഥാനാർത്ഥിയെങ്കിൽ പാളയത്തു തന്നെ പാലം വലിക്കാനുള്ള എല്ലാ സാധ്യതയുമുണ്ട്.

കോൺഗ്രസ്സിനു വിജയിക്കുമെന്ന് ഉറപ്പിച്ച് പറയാൻ പറ്റുന്ന ലോകസഭ മണ്ഡലം വയനാടും എറണാകുളവുമാണ്. പത്തനംതിട്ട, മൂവാറ്റുപുഴ മണ്ഡലങ്ങളിൽ ക്രൈസ്തവ സംഘടനകളുടെ നിലപാടാണ് നിർണ്ണായകമാകുക. മുസ്ലീംലീഗിന് മലപ്പുറം ലോകസഭ മണ്ഡലമാണ് ഉറപ്പിക്കാവുന്നത്. എന്നാൽ പൊന്നാനിയിൽ ലീഗിന് ശക്തമായ വെല്ലുവിളി നേരിടേണ്ടി വരും. ആർ.എസ്.പിക്കാകട്ടെ അവരുടെ കൈവശമുള്ള കൊല്ലത്തും വലിയ അഗ്നിപരീക്ഷണമാണ് കാത്തിരിക്കുന്നത്.

കർണ്ണാടകയിലെ വിജയ ശിൽപ്പി സുനിൽ കനുഗോലു ആണ് കേരളത്തിലും കോൺഗ്രസ്സിന്റെ തന്ത്രങ്ങൾ മെനയുന്നത്. തിരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ കനുഗോലു നൽകുന്ന റിപ്പോർട്ട് പ്രകാരമാണ് കോൺഗ്രസ്സ് സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കുക. രാഹുൽ ഗാന്ധിയുടെ നിർദേശപ്രകാരമാണ് സുനിൽ കനുഗോലു കേരളത്തിലേക്കെത്തുന്നത്. കേരളത്തിന്റെ സ്ഥിതിഗതികൾ വിലയിരുത്തി രണ്ടാഴ്ചയ്‌ക്കകം 20 മണ്ഡലങ്ങളെക്കുറിച്ചും പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാനാണ് തീരുമാനം. ഇതോടൊപ്പം മണ്ഡലങ്ങളിലെ എംപിമാരുടെ പ്രവർത്തനങ്ങളും ഉൾപ്പെടുത്തിയാകും റിപ്പോർട്ട് സമർപ്പിക്കുക.

കേരളത്തിന്റെ പ്രചരണചുമതല എൽപ്പിക്കാനുള്ള ആദ്യഘട്ടമെന്ന നിലയിലാണ് റിപ്പോർട്ട് സമർപ്പിക്കാൻ രാഹുൽ ആവശ്യപ്പെട്ടിരിക്കുന്നത്. കർണാടക സ്വദേശിയായ സുനിൽ കനഗോലു ബിജെപി, ഡിഎംകെ, അണ്ണാഡിഎംകെ, അകാലിദൾ തുടങ്ങിയ പാർട്ടികൾക്കായി ഇതുവരെ 14 തിരഞ്ഞെടുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷമാണ് അദ്ദേഹം കോൺഗ്രസിൽ അംഗത്വമെടുത്തത്. ഭാരത് ജോഡോ യാത്രയുടെ പിന്നണിയിലും ഈ കന്നടക്കാരൻ സജീവമായിരുന്നു. കർണാടക തിരഞ്ഞെടുപ്പ് പ്രചാരണത്തിനു കോൺഗ്രസ്സിന്റെ തന്ത്രങ്ങൾ രൂപപ്പെടുത്തുന്നതിലും നിർണായക പങ്കുവഹിച്ചതും കനഗോലുവാണ്.

തമിഴ്നാട്ടിൽ എം.കെ.സ്റ്റാലിന്റെ ഇമേജ് ഉയർത്തുന്നതിനിടയാക്കിയ ‘നമുക്കു നാമേ’ ക്യാപെയ്‌ന്റെ പിന്നിലെ ബുദ്ധികേന്ദ്രവും ഈ തിരഞ്ഞെടുപ്പ് തന്ത്രജ്ഞ്ഞനായിരുന്നു. രാഹുൽ ഗാന്ധിയുടെ വിശ്വസ്തനായ കനഗോലു നൽകുന്ന റിപ്പോർട്ടിൽ എതിരായി പരാമർശിക്കപ്പെടുന്ന എം.പിമാർക്ക് ലോകസഭ തിരഞ്ഞെടുപ്പിൽ മാത്രമല്ല നിയമസഭാ തിരഞ്ഞെടുപ്പിൽ പോലും സീറ്റുകൾ ലഭിക്കാൻ സാധ്യതയില്ല. അതു പോലെ, സിറ്റിംഗ് സീറ്റിൽ തോൽക്കുന്നവരും പൂർണ്ണമായും തഴയപ്പെടും. കോൺഗ്രസ്സ് നേതാക്കളുടെ ചങ്കിടിപ്പിക്കുന്ന യാഥാർത്ഥ്യവും ഇതു തന്നെയാണ്…

EXPRESS KERALA VIEW

Top