തിരുവനന്തപുരം: പതിനാലു ജില്ലകളിലും പുതുമുഖങ്ങള്‍ പ്രസിഡന്റായതോടെ ആവേശത്തിലായത് കോണ്‍ഗ്രസ് അണികള്‍.യുവാക്കള്‍ക്ക് വന്‍ പ്രാധാന്യം പുനഃസംഘടനയില്‍ ലഭിച്ചത് ഇരട്ടി മധുരമാണ് അവര്‍ക്കുണ്ടാക്കിയിരിക്കുന്നത്.
ജില്ലയില്‍ ഓടി നടന്ന് സംഘടനാ പ്രവര്‍ത്തനം നടത്താനും ജനങ്ങളെ സംഘടിപ്പിക്കാനും പ്രക്ഷോഭം നയിക്കാനുമൊക്കെ വൃദ്ധ നേതൃത്വം ഒഴിഞ്ഞതോടെ പാര്‍ട്ടിക്ക് എളുപ്പത്തില്‍ കഴിയുമെന്നാണ് അണികളുടെ പ്രതീക്ഷ.
യുവ-സ്ത്രീ വിഭാഗങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നിയുക്ത പ്രസിഡന്റുമാരുടെ നീക്കം. ഇതോടൊപ്പം തൊഴിലാളികള്‍ക്കിടയില്‍ ഇറങ്ങി ചെന്ന് പ്രവര്‍ത്തിക്കും.ഇതിന് സഹായകമാകുന്നതരത്തിലുള്ള യുവ പ്രാതിനിത്വം ഡിസിസി സെക്രട്ടറിമാരുടെ നിയമനങ്ങളിലും പരിഗണിക്കപ്പെടുമെന്നാണ് അവരുടെ പ്രതീക്ഷ.
സിപിഎമ്മിനെ പോലുള്ള ഒരു കേഡര്‍ പാര്‍ട്ടിയോട് ഏറ്റുമുട്ടി പാര്‍ട്ടിയെ വളര്‍ത്തണമെങ്കില്‍ കൂടുതല്‍ ജനവിഭാഗങ്ങളെ പാര്‍ട്ടിയോട് അടുപ്പിക്കണമെന്നതാണ് ഡിസിസി ‘ഓപ്പറേഷന് ‘ അണിയറയില്‍ ചരട് വലിച്ച സുധീരനും രാഹുല്‍ ഗാന്ധിയും കരുതുന്നത്.
തലമുറ മാറ്റം കൊണ്ട് അവര്‍ ലക്ഷ്യമിട്ടതും അതു തന്നെയാണ്. ചെന്നിത്തലയുമായും ഉമ്മന്‍ ചാണ്ടിയുമായും അടുത്ത് ബന്ധമുള്ളവരടക്കം ഭാരവാഹികളായതിനാല്‍ ഇരുവര്‍ക്കും എതിര്‍പ്പുമില്ല.
കെപിസിസി പുനഃസംഘടനയിലും ഇതേ ചരിത്രം തന്നെ ഏറെക്കുറെ ആവര്‍ത്തിച്ചേക്കും. എ.കെ ആന്റണിയാവട്ടെ അനിവാര്യമായ മാറ്റങ്ങള്‍ക്കെല്ലാം പിന്‍തുണ നല്‍കിയും കഴിഞ്ഞു.
അതേസമയം, ഡിസിസി പ്രസിഡന്റുമാരുടെ പുനഃസംഘടന നടത്തിയത് ഗ്രൂപ്പ് സമവാക്യങ്ങള്‍ നോക്കിയല്ല, മെറിറ്റ് അടിസ്ഥാനത്തിലാണെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം സുധീരന്‍ അറിയിച്ചു.