ജനനേതാക്കൾ വിട പറയുമ്പോൾ കോൺഗ്രസ്സ് അഭിമുഖീകരിക്കുന്നത് വലിയ രാഷ്ട്രീയ പ്രതിസന്ധി, അവർക്ക് പകരക്കാരില്ല

രാജ്യത്തെ കോൺഗ്രസ്സിന്റെ ഏറ്റവും ജനകീയമായ രണ്ട് മുഖങ്ങളായിരുന്നു ആന്ധ്ര മുൻ മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഡിയും കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും. ഇവർ രണ്ടു പേരുടെയും വേർപാട് അതു കൊണ്ടു തന്നെ കോൺഗ്രസ്സിനെ സംബന്ധിച്ച് നികത്താൻ പറ്റാത്തതാണ്. ആന്ധ്രയിൽ വച്ച് 2009 സെപ്തംബർ രണ്ടിനാണ് ഒരു ഹെലികോപ്റ്റര്‍ അപകടത്തിലാണ് രാജശേഖര റെഡ്ഡി മരണപ്പെട്ടിരുന്നത്. 2004-ൽ നടന്ന ആന്ധ്ര പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിൽ ആകെയുള്ള 294 സീറ്റിൽ 185 സീറ്റുകളും, കോൺഗ്രസ്സിനു തൂത്തുവാരാൻ കഴിഞ്ഞത് രാജശേഖര റെഡ്ഢിയുടെ ജനപ്രീതി മൂലമാണ്. ആ തിരഞ്ഞെടുപ്പോടെ ആന്ധ്ര മുഖ്യമന്ത്രിയായ വൈ.എസ് ആർ ആന്ധ്രയുടെ ഗ്രാമങ്ങളിലൂടെ നടത്തിയ പദയാത്ര ചരിത്ര താളുകളിലാണ് ഇടം പിടിച്ചിരുന്നത്.

ഈ യാത്രയാണ് 2009-ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ 156 സീറ്റിന്റെ തകർപ്പൻ ഭൂരിപക്ഷം നേടി കോൺഗ്രസിനെ അധികാരം നിലനിർത്താൻ സഹായിച്ചിരുന്നത്. മുഖ്യമന്ത്രി പദവിയിൽ രണ്ടാമൂഴം ലഭിച്ച വൈ.എസ് ആറിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളായിരുന്നു ഉമ്മൻ ചാണ്ടി. ആ ഉമ്മൻ ചാണ്ടിയെ മരണത്തിലേക്ക് നയിച്ചതാകട്ടെ അദ്ദേഹത്തെ വിടാതെ പിന്തുടർന്ന അർബുദവുമായിരുന്നു. വൈ.എസ് രാജശേഖര റെഡ്ഡി മരണപ്പെടുപ്പോൾ പതിനായിരങ്ങളാണ് അദ്ദേഹത്തിന്റെ മൃതദേഹം ഒരു നോക്കു കാണാൻ ഓടിയെത്തിയിരുന്നത്. സമാനമായ ഒരു കാഴ്ചയ്ക്കാണ് കേരളവും ഇപ്പോൾ സാക്ഷ്യം വഹിച്ചിരിക്കുന്നത്. ഇത്രയേറെ ജനപിന്തുണ ഉമ്മൻചാണ്ടിക്ക് ആർജിക്കാൻ കഴിഞ്ഞത് അദ്ദേഹം ജനങ്ങൾക്കിടയിൽ അവരിൽ ഒരാളായി ജീവിച്ചതു കൊണ്ടാണ്. ഇനി ഇതുപോലൊരു നേതാവിനെ കോൺഗ്രസ്സിനു ലഭിക്കില്ല എന്നതു ആ പാർട്ടിയിലെ നേതാക്കൾ തന്നെ ഇപ്പോൾ തുറന്നു പറയുന്നുമുണ്ട്.

സംഭവബഹുലമായ ഒരു രാഷ്ട്രീയ അദ്ധ്യായത്തിനാണ് ഉമ്മൻ ചാണ്ടിയിലൂടെ തിരശ്ശീല വീണിരിക്കുന്നത്. ജനകീയനായ ആരുണ്ട് ഇനി നയിക്കാൻ എന്ന ചോദ്യത്തിന് കോൺഗ്രസ്സ് പ്രവർത്തകർക്കു പോലും ഒരു വ്യക്തതയുമില്ല. കമ്യൂണിസ്റ്റു പാർട്ടികളെ പോലെ വ്യക്തികൾ ഒരു ഘടകമല്ലാത്ത പാർട്ടിയൊന്നുമല്ല കോൺഗ്രസ്സ്. കോൺഗ്രസ്സിൽ പ്രത്യയശാസ്ത്രത്തേക്കാൾ വ്യക്തികൾ തന്നെയാണ് പ്രധാനം. അത് നെഹറു കുടുംബം മുതൽ പരിശോധിച്ചാൽ മനസ്സിലാക്കാൻ കഴിയാവുന്ന കാര്യവുമാണ്. കോൺഗ്രസ്സ് വിജയിച്ച ഇടങ്ങളിലെല്ലാം തന്നെ ജനകീയരായ നേതാക്കളുടെ നേതൃത്വമാണ് ആ പാർട്ടിക്ക് മുതൽക്കൂട്ടായിരിക്കുന്നത്. അടുത്തയിടെ തിരഞ്ഞെടുപ്പു നടന്ന കർണ്ണാടകയിൽ ഭരണം പിടിക്കാൻ അവരെ സഹായിച്ചതും സിദ്ധരാമയ്യ എന്ന ജനകീയ നേതാവിന്റെ ജനപ്രീതി കൊണ്ടാണ്. സിദ്ധരാമയ്യക്ക് ശക്തനായ ഒരു എതിരാളിയെ ഉയർത്തിക്കാട്ടാൻ കഴിയാതിരുന്നതാണ് കന്നട മണ്ണിൽ ബി.ജെ.പിയുടെ തകർച്ച പൂർണ്ണമാക്കിയിരുന്നത്.

തെലങ്കാനയിൽ വൈ.എസ് രാജശേഖര റെഡ്ഡി മരണപ്പെട്ടപ്പോൾ കോൺഗ്രസ്സിന്റെ അടിവേരാണ് അറ്റുപോയിരുന്നത്. വൈ.എസ്.ആറിന്റെ കുടുംബത്തോട് കോൺഗ്രസ്സ് കാണിച്ച നെറികേടും ആ വലിയ സംസ്ഥാനത്തെ കോൺഗ്രസ്സിന്റെ തകർച്ച പൂർണ്ണമാക്കുകയാണ് ഉണ്ടായത്. കോൺഗ്രസ്സിനെ തകർത്ത് തരിപ്പണമാക്കിയാണ് ആന്ധ്ര സംസ്ഥാന ഭരണം ജഗൻ മോഹൻ റെഡ്ഡിയുടെ വൈ.എസ്.ആർ കോൺഗ്രസ്സ് പിടിച്ചിടുത്തിരിക്കുന്നത്. നല്ല ഒരു മത്സരം കാഴ്ചവയ്ക്കാനുളള ശേഷി പോലും ഇന്ന് ആന്ധ്രയിൽ കോൺഗ്രസ്സിനില്ല. അവിടെ ജഗന്റെ പ്രധാന എതിരാളി തെലങ്കുദേശം പാർട്ടിയാണ്.

ആന്ധ്രയിൽ ബി.ജെ.പിക്കും താഴെയാണ് കോൺഗ്രസ്സിന്റെ സ്ഥാനം. കോൺഗ്രസ്സ് സർക്കാർ വിഭജിച്ച് രൂപം നൽകിയ തെലങ്കാനയിലും കോൺഗ്രസ്സിന്റെ അവസ്ഥ ദയനീയമാണ്. ഇവിടെ സംസ്ഥാന രൂപീകരണം മുതൽ ഭരിക്കുന്നത് ടി.ആർ.എസ് ആണ് എന്നതും നാം ഓർക്കണം. വൈ.എസ് രാജശേഖര റെഡ്ഡിയുടെ മണ്ണിൽ കോൺഗ്രസ്സിനു പുതുജീവൻ നൽകാൻ എ.ഐ.സി.സി ചുമതലപ്പെടുത്തിയിരുന്നത് ഉമ്മൻചാണ്ടിയെ ആയിരുന്നു. തുടർന്ന് ആന്ധ്രയിലൂടെ യാത്ര നടത്തിയ ഉമ്മൻ ചാണ്ടി എ.ഐ.സി.സിക്കു നൽകിയ റിപ്പോർട്ടിൽ ആവശ്യപ്പെട്ടത് വൈ.എസ്.ആറിന്റെ കുടുംബത്തെ കോൺഗ്രസ്സ് ചേർത്തു പിടിക്കണമെന്നതാണ്.

ആ കുടുംബത്തെ ഒപ്പം നിർത്താതെ തെലങ്കുമണ്ണിൽ ഒരു സാധ്യതയും കോൺഗ്രസ്സിന് ഇല്ലന്നു തുറന്നു പറയാനും ഉമ്മൻചാണ്ടി തയ്യാറാകുകയുണ്ടായി. ജഗൻ മോഹൻ റെഡ്ഡിയെ പാർട്ടിയിൽ തിരികെ എത്തിക്കാൻ ഉമ്മൻചാണ്ടി പലവട്ടം ശ്രമിച്ചെങ്കിലും സ്നേഹപൂർവ്വം ആ ആവശ്യം നിരാകരിക്കുകയാണ് ജഗൻ ചെയ്തിരുന്നത്. പിന്നീട് അദ്ദേഹത്തിന്റെ സഹോദരി ശർമ്മിള തെലങ്കാന കേന്ദ്രമായി പ്രവർത്തിക്കാൻ തുടങ്ങിയപ്പോൾ അവരെ സ്വാധീനിക്കാൻ കോൺഗ്രസ്സ് നീക്കം നടത്തിയതും ഉമ്മൻചാണ്ടി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടിയാണ്.

വൈകിയാണെങ്കിലും വൈ.എസ്.ആറിന്റെ കുടുംബത്തിന്റെ പ്രാധാന്യം കോൺഗ്രസ്സ് തിരിച്ചറിഞ്ഞതിൽ ഉമ്മൻചാണ്ടിയും ഏറെ സന്തോഷിച്ചിരുന്നു. കോൺഗ്രസ്സ് നേതാക്കൾ അവരുടെ മക്കൾ പിൻഗാമികളായി വരുന്നതിനെ പോത്സാഹിപ്പിക്കുന്നവരാണ്. എന്നാൽ വൈ.എസ്.ആർ ആന്ധ്ര മുഖ്യമന്ത്രിയായിരുന്നപ്പോൾ , ജഗൻ മോഹൻ റെഡ്ഢി ബിസിനസ്സിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. പിതാവ് മരണപ്പെട്ടതിനു ശേഷമാണ് രാഷ്ട്രീയ മോഹവുമായി ജഗൻ മോഹൻ റെഡ്ഡി രംഗ പ്രവേശനം ചെയ്തിരുന്നത്.

ഡൽഹിയിൽ തനിക്കും അമ്മയ്ക്കും മുന്നിൽ സോണിയഗാന്ധി വാതിൽ കൊട്ടിയടച്ചതാണ് ജഗൻമോഹൻ റെഡ്ഢിയെ പ്രകോപിപ്പിച്ചിരുന്നത്. വൈ.എസ്.ആർ കുടുംബത്തിന്റെ പകയിൽ തെലങ്കുമണ്ണിലെ കോൺഗ്രസ്സ് എരിഞ്ഞടങ്ങുവാൻ പിന്നെ അധിക കാലം വേണ്ടി വന്നിരുന്നില്ല. വൈ.എസ്.ആറിന്റെ മൃതദ്ദേഹത്തിനു മുന്നിൽ കൈകൂപ്പി കണ്ണീരോടെ നിൽക്കുന്ന ജഗൻ മോഹൻ റെഡ്ഡിയുടെ ചിത്രം ഇന്നും രാഷ്ട്രീയ ഇന്ത്യ ഓർത്തു വയ്ക്കുന്നുണ്ട്.

സമാനമായ ഒരു ചിത്രമാണ് ഉമ്മൻചാണ്ടിയുടെ മൃതദേഹത്തിനു സമീപത്തു നിന്നും ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ചാണ്ടി ഉമ്മൻ കൈകൂപ്പി കണ്ണീരോടെ നിൽക്കുന്ന ചിത്രമാണത്. ജഗൻ മോഹൻ റെഡ്ഡിയിൽ നിന്നും ചാണ്ടി ഉമ്മനിലേക്കുള്ള ദൂരം വളരെ കൂടുതലാണ്. കുട്ടിക്കാലം മുതൽ കെ.എസ്.യുവിൽ തുടങ്ങി പ്രവർത്തിച്ചു വന്ന പാരമ്പര്യം ചാണ്ടി ഉമ്മനുണ്ട്. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിലും അദ്ദേഹം സ്ഥിരാംഗമായിരുന്നു.

ആന്ധ്രയിലെ കയ്പേറിയ അനുഭവം കൂടി ഓർമ്മയുള്ളതിനാൽ ഒരിക്കലും കോൺഗ്രസ്സ് ദേശീയ നേതൃത്വത്തിന് ജഗനെ പോലെ ചാണ്ടി ഉമ്മനെ തള്ളിക്കളയാൻ കഴിയുകയില്ല. പുതുപ്പള്ളിയിൽ ഉപതിരഞ്ഞെടുപ്പ് വന്നാലും ലോകസഭ തിരഞ്ഞെടുപ്പ് വന്നാലും ചാണ്ടി ഉമ്മന്റെയും സഹോദരി അച്ചു ഉമ്മന്റെയും പേരുകൾ ഇവിടങ്ങളിൽ സജീവമായി തന്നെയുണ്ടാകും. ഉമ്മൻചാണ്ടിയുടെ ഓർമ്മകളെ നിഷേധിച്ച് മുന്നോട്ടു പോകാനുളള ആരോഗ്യമൊന്നും തൽക്കാലം കേരളത്തിലെ കോൺഗ്രസ്സിനില്ല. ഉമ്മൻ ചാണ്ടി ആരായിരുന്നു എന്നത് കേരളത്തിനു മാത്രമല്ല കോൺഗ്രസ്സ് ദേശീയ നേതൃത്വത്തിനും കൂടി കാണിച്ചു കൊടുത്ത ഒരു വേർപാടാണിത്. അതെന്തായാലും … പറയാതെ വയ്യ . . .

EXPRESS KERALA VIEW

Top