ന്യൂഡല്‍ഹി: കെ റെയിലിന് കോണ്‍ഗ്രസ് എതിരില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ‘പദ്ധതിയുടെ എല്ലാ വശങ്ങളെയും കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തണം. ജനങ്ങളുടെ ആശങ്ക മാറ്റണം. ഭൂമി ഏറ്റെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല. ഇതുവരെ ചെയ്തത് നിയമവിരുദ്ധമാണെന്ന് സര്‍ക്കാര്‍ സമ്മതിക്കണം. പദ്ധതി നാടിന് ഗുണകരമാണെന്ന് ബോധ്യപ്പെടുത്തിയാല്‍ പിന്തുണയ്ക്കും.’ ന്യൂഡല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സുധാകരന്‍ വ്യക്തമാക്കി.
നമ്മുടെ നാട്ടില്‍ ആദ്യമായി വരുന്ന സംരംഭമാണ് കെ റെയില്‍. ആ നിലക്ക് അതിന്റെ എല്ലാ വശങ്ങളും പഠിച്ച് ജനങ്ങളെ സത്യാവസ്ഥ ബോധ്യപ്പെടുത്തണം. പദ്ധതി പാടില്ലെന്ന് സര്‍ക്കാരിനോട് പറഞ്ഞിട്ടില്ല. ജനങ്ങളുടെ ആശങ്ക അകറ്റാനുള്ള നടപടിയുണ്ടാകണം. ധാര്‍ഷ്ട്യം ഒഴിവാക്കണം. സാമ്പത്തികച്ചെലവ് സര്‍ക്കാരിന് താങ്ങാനാകില്ല. ഡിപിആറിന്റെ അഭാവം പദ്ധതിയിലുണ്ട്.
നിയമപരമായ ഇടപെടലുമായി മുന്നോട്ടുപോകുമെന്നും ഭൂമി ഏറ്റെടുക്കുന്നതിന് എതിരേ കോടതിയെ സമീപിക്കുമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.