ന്യൂഡല്‍ഹി: മുന്‍ കോണ്‍ഗ്രസ് നേതാവും ഡല്‍ഹി നിയമസഭാ സ്പീക്കറുമായിരുന്ന യോഗാനന്ദ് ശാസ്ത്രി എന്‍.സി.പിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് മാറിപ്പോയെന്നും ജവഹര്‍ലാല്‍ നെഹ്റുവിന്റെ കാലത്തെ പാര്‍ട്ടിയല്ല ഇപ്പോള്‍ ഉള്ളതെന്നും, നല്ല പ്രവര്‍ത്തനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പാര്‍ട്ടി പ്രാധാന്യം നല്‍കുന്നില്ലെന്നും ശാസ്ത്രി പറഞ്ഞു.
‘ഞാന്‍ നേതൃത്വത്തെ കുറ്റപ്പെടുത്തുന്നില്ല, പക്ഷേ അടിസ്ഥാന തലത്തിലുള്ള യാഥാര്‍ത്ഥ്യം നിങ്ങള്‍ക്കറിയാം. പ്രാദേശിക തലത്തില്‍ പാര്‍ട്ടിയില്‍ കുഴപ്പങ്ങള്‍ ഉണ്ട്. പ്രവര്‍ത്തകര്‍ക്ക് വേണ്ടത്ര ബഹുമാനവും പരിഗണനയും ലഭിക്കുന്നില്ല,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാറിന്റെ സാന്നിധ്യത്തിലായിരുന്നു ശാസ്ത്രിയുടെ എന്‍സിപി പ്രവേശനം. കോണ്‍ഗ്രസുമായി ദീര്‍ഘകാല ബന്ധം പുലര്‍ത്തിയിരുന്ന ശാസ്ത്രി 2020-ല്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. 2008-നും, 2013-നും ഇടയില്‍ ഡല്‍ഹി നിയമസഭാ സ്പീക്കര്‍ സ്ഥാനം വഹിച്ചു. മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ കാബിനറ്റ് മന്ത്രിയായിരുന്നു അദ്ദേഹം.