കോണ്‍ഗ്രസ്സില്‍ ഇപ്പോള്‍ നടക്കുന്നത് ഒതുക്കപ്പെട്ടവരുടെ മധുരമായ പ്രതികാരമാണ്. അതല്ലാതെ അവര്‍ അവകാശപ്പെടുന്നതു പോലെ കോണ്‍ഗ്രസ്സിന് പുതിയ ‘ലൈഫ്’ നല്‍കാനുള്ള ശ്രമമല്ല നടന്നിരിക്കുന്നത്. പുറത്ത് വന്ന ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക വ്യക്തമാക്കുന്നത് പ്രധാനമായും മൂന്ന് നേതാക്കളുടെ താല്‍പ്പര്യങ്ങളാണ്. കെ.സുധാകരന്‍, കെ.സി വേണുഗോപാല്‍, വി.ഡി സതീശന്‍ എന്നിവരാണിവര്‍ ഇവര്‍ മൂന്നു പേരും മുന്‍ ‘ഐ’ ഗ്രൂപ്പ് നേതാക്കള്‍ ആണെന്നതും നാം ഓര്‍ക്കണം. അതായത് സാക്ഷാല്‍ ചെന്നിത്തലയെയാണ് സ്വന്തം ഗ്രൂപ്പിലെ നേതാക്കള്‍ ഇപ്പോള്‍ ചതിച്ചിരിക്കുന്നത്. ഇതില്‍ മൂന്നാംഗ്രൂപ്പ് മുതല്‍ ചെന്നിത്തലയ്‌ക്കൊപ്പം ഇടതും വലതുമായി പ്രവര്‍ത്തിച്ചവരാണ് കെ.സി വേണുഗോപാലും വി.ഡി സതീശനും. കെ.സുധാകരനാകട്ടെ, നാവിന് കരുത്തുണ്ടായിട്ടും ഗ്രൂപ്പില്‍ രണ്ടാം നിരയില്‍ തന്നെയായിരുന്നു എന്നും സ്ഥാനം.
പാര്‍ട്ടിയിലെ രമേശ് ചെന്നിത്തല-ഉമ്മന്‍ ചാണ്ടി ശക്തിക ചേരി പൊളിക്കാതെ തങ്ങള്‍ക്ക് ഒരു ‘ഭാവിയും’ ഇല്ലന്ന് കരുതിയ ഈ മൂന്നു പേരും അവസരത്തിനായി കാത്തിരിക്കുകയാണുണ്ടായത്. പാര്‍ലമെന്റിലെ പെര്‍ഫോമന്‍സ് മുന്‍ നിര്‍ത്തി കെ.സി വേണുഗോപാലിന് രാഹുല്‍ ഗാന്ധി പ്രമോഷന്‍ നല്‍കിയതോടെയാണ് കേരളത്തിലെ കോണ്‍ഗ്രസ്സിലും കാര്യങ്ങള്‍ മാറ്റി മറിച്ചിരിക്കുന്നത്. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എന്ന പദം കേരളത്തിലെ തന്റെ രഹസ്യ അജണ്ട നടപ്പാക്കാനാണ് കെ.സി വേണുഗോപാല്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം തന്നെ ഇതിന്റെ പ്രധാന ഉദാഹരണമാണ്. തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് തോറ്റമ്പിയപ്പോള്‍ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വി.ഡി സതീശനെയും കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് കെ.സുധാകരനെയും കൊണ്ടു വന്നതിനു പിന്നിലും കെ.സിയുടെ ‘കുരുട്ടു’ ബുദ്ധി തന്നെയാണ് പ്രവര്‍ത്തിച്ചിരുന്നത്.
ഉമ്മന്‍ ചാണ്ടിയെയും ചെന്നിത്തലയെയും ‘വെട്ടുപ്പാക്കാന്‍,’ ഇരുവരെയും കെ.സിക്ക് ആവശ്യമായിരുന്നു. അതിപ്പോള്‍ ഡി.സി.സി അദ്ധ്യക്ഷന്‍മാരുടെ ലിസ്റ്റ് പുറത്തു വന്നതോടെ ഏറെക്കുറേ പൂര്‍ത്തിയാകുകയും ചെയ്തിട്ടുണ്ട്. അടുത്ത നിയമസഭ തിരഞ്ഞെടുപ്പാകുമ്പോഴേക്കും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി അവതരിക്കുക എന്നതു മാത്രമാണ് കെ.സിയുടെ പരമ പ്രധാനമായ ലക്ഷ്യം. കേന്ദ്രത്തില്‍ അടുത്ത ഊഴത്തിലും കോണ്‍ഗ്രസ്സ് വരാന്‍ പോകുന്നില്ലന്നത് നല്ലതു പോലെ അറിയുന്നതും ഈ കോണ്‍ഗ്രസ്സ് സംഘടനാ ജനറല്‍ സെക്രട്ടറിക്കു തന്നെയാണ്. കെ.സിയുടെ ഈ മുഖ്യമന്ത്രി പദമോഹം വി.ഡി സതീശനും കെ.സുധാകരനും ശരിക്കും അറിയാവുന്ന കാര്യം തന്നെയാണ്. എങ്കിലും ‘തല്‍ക്കാലം ഒപ്പം നില്‍ക്കുക’ എന്ന തന്ത്രം തന്നെയാണ് ഇരുവരും സ്വീകരിച്ചിരിക്കുന്നത്. അവരെ സംബന്ധിച്ച് അത് അനിവാര്യവുമാണ്. നിയമസഭ തിരഞ്ഞെടുപ്പ് വരുമ്പോഴേക്കും ഡല്‍ഹിയിലെ കെ.സിയുടെ ശക്തി ചോരുമെന്നും അതോടെ ഭീഷണി ഒഴിവായി പോയിക്കൊള്ളുമെന്നുമാണ് സതീശനും സുധാകരനും കണക്ക് കൂട്ടുന്നത്.
ഇപ്പോള്‍ യോജിച്ച് നില്‍ക്കുന്നുണ്ടെങ്കിലും ഉമ്മന്‍ ചാണ്ടിയെയും ചെന്നിത്തലയെയും ഒതുക്കിയ ശേഷം, സ്വന്തം ഗ്രൂപ്പുണ്ടാക്കി ശക്തി സമാഹാരിക്കുക എന്നതാണ് സുധാകരന്റെയും സതീശന്റെയും തന്ത്രം. പരമാവധി നേതാക്കളെ തങ്ങള്‍ക്കൊപ്പം കൂട്ടാനാണ് ഇരുവരും നിലവില്‍ ശ്രമിക്കുന്നത്. എന്നാല്‍ ഈ നീക്കം എത്രമാത്രം ഫലപ്രദമാകുമെന്നത് കണ്ടു തന്നെ അറിയേണ്ടതുണ്ട്. കാരണം, പാര്‍ട്ടി കോണ്‍ഗ്രസ്സാണ്. ജനങ്ങള്‍ക്കിടയില്‍ മാത്രമല്ല സ്വന്തമായി കോണ്‍ഗ്രസ്സ് അണികള്‍ക്കിടയില്‍ പോലും ജനപിന്തുണ കാര്യമായി ഇല്ലാത്ത നേതാക്കളാണ് കെ.സുധാകരനും വി.ഡി സതീശനും. പ്രസംഗത്തിലൂടെ ആവേശമുണ്ടാക്കാന്‍ സുധാകരനും നിയമസഭയിലെ ഇടപെടലിലൂടെ കയ്യടി നേടാന്‍ വി.ഡി സതീശനും കഴിയുന്നുണ്ടെങ്കിലു അത് ജനപിന്തുണയുടെ അളവുകോലായി ഒരിക്കലും വിലയിരുത്താന്‍ കഴിയുന്നതല്ല. ഉമ്മന്‍ ചാണ്ടി ശരിക്കും ഒന്നു വിചാരിച്ചാല്‍ തകര്‍ന്നു വീഴുന്ന കസേരകളിലാണ് വി.ഡി സതീശനും സുധാകരനും ഇപ്പോഴും ഇരിക്കുന്നത്.
കമ്യൂണിസ്റ്റു പാര്‍ട്ടികളെ പോലെ ഒരു കേഡര്‍ പാര്‍ട്ടിയല്ല കോണ്‍ഗ്രസ്സ് എന്നതും സുധാകരനും സതീശനും കെ.സിയും ഓര്‍ക്കുന്നത് നല്ലതാണ്. കോണ്‍ഗ്രസ്സിന്റെ അണികളെ സംബന്ധിച്ച് നാടിനേക്കാളും പാര്‍ട്ടിയേക്കാളും പ്രധാനം നേതാക്കള്‍ മാത്രമാണ്. അതു കൊണ്ടാണ് നെഹറു കുടുംബം ഇപ്പോഴും ദേശീയ അദ്ധ്യക്ഷ സ്ഥാനം അലങ്കരിച്ചു കൊണ്ട് മുന്നോട്ട് പോകുന്നത്. കഴിവുള്ള എത്രയോ നേതാക്കള്‍ പാര്‍ട്ടിയിലുണ്ടായിട്ടും സോണിയയുടെ പിന്‍ഗാമിയായി രാഹുല്‍ ഗാന്ധിയെ അല്ലാതെ മറ്റൊരാളെയും സങ്കല്‍പ്പിക്കാന്‍ പോലും ആ പാര്‍ട്ടിക്കു കഴിയുകയില്ല. എല്ലാ സംസ്ഥാനങ്ങളിലെ സ്ഥിതിയും ഇതൊക്കെ തന്നെയാണ്. നേതൃ പദവികള്‍ കുത്തകയാക്കി വച്ച നേതാക്കള്‍ വിലപേശലിന് സ്വന്തം നിലയ്ക്കാണ് അനുയായികളെ സംഘടിപ്പിക്കുന്നത്. ഈ അവസരവാദ രാഷ്ട്രീയം മുഖമുദ്രയാക്കിയതു കൊണ്ടാണ് നേതാക്കള്‍ കോണ്‍ഗ്രസ്സ് വിടുമ്പോള്‍ അണികളും പാര്‍ട്ടി വിടുന്നത്.
ബി.ജെ.പിയെ രാജ്യത്ത് ശക്തിപ്പെടുത്തിയതും ഭരിക്കേണ്ട സംസ്ഥാനങ്ങളിലെ ഭരണം കോണ്‍ഗ്രസ്സിന് നഷ്ടപ്പെട്ടതും ഈ പ്രവണത പിന്‍തുടരുന്നത് മൂലമാണ്. തിരുത്താന്‍ ശ്രമിച്ചാല്‍ ഉള്ള കരുത്തും നഷ്ടമാകും എന്നതാണ് നിലവിലെ കോണ്‍ഗ്രസ്സിലെ അവസ്ഥ. ഈ യാഥാര്‍ത്ഥ്യം നിലനില്‍ക്കെ മറ്റൊരു സംസ്ഥാനത്തും നടപ്പാക്കാന്‍ ധൈര്യപ്പെടാത്ത മാറ്റമാണ് കേരളത്തില്‍ ഇപ്പോള്‍ കോണ്‍ഗ്രസ്സ് നേതൃത്വം നടപ്പാക്കിയിരിക്കുന്നത്. സ്വന്തം പാര്‍ട്ടി അണികളെ പോലും ബോധ്യപ്പെടുത്താന്‍ പറ്റാത്ത മാറ്റമാണിത്. പുതുതായി വന്ന ഡി.സി.സി പ്രസിഡന്റുമാര്‍ക്ക് പിന്നിലും ഓരോ നേതാക്കളുടെ താല്‍പ്പര്യമുണ്ട്. അതില്‍ സുധാകരന്റെയും സതീശന്റെയും കെ.സിയുടെയും മാത്രമല്ല കെ.മുരളീധരന്റെയും പി.ടി തോമസിന്റെയും എ.പി അനില്‍കുമാറിന്റെയും എല്ലാം താല്‍പ്പര്യങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. എന്തിനേറെ സാക്ഷാല്‍ വെള്ളാപ്പള്ളിയുടെ നോമിനി പോലും പുതുതായി നിയോഗിക്കപ്പെട്ടവരുടെ കൂട്ടത്തിലുണ്ട് എന്ന ആരോപണവും ഉയര്‍ന്നു കഴിഞ്ഞു. നിഷ്പക്ഷ പട്ടികയാണ് പുറത്ത് വന്നതെന്ന കെ.പി.സി.സി നേതൃത്വത്തിന്റെ വാദത്തിന്റെ മുനയൊടിക്കുന്ന തെളിവുകളാണിത്.ആരൊക്കെ നിഷേധിച്ചാലും നടപ്പാക്കിയിരിക്കുന്നത് ‘ഹിഡന്‍ അജണ്ട’ തന്നെയാണ്.
ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും കഴിവു കെട്ടവരാണെങ്കില്‍, സോണിയ ഗാന്ധിയും, രാഹുല്‍ ഗാന്ധിയും, കെ.സി വേണു ഗോപാലും, കഴിവുകെട്ടവര്‍ തന്നെയാണ് എന്നതും, പുതിയ മാറ്റത്തിന് കയ്യടിക്കുന്നവര്‍ ഓര്‍ത്തു കൊള്ളണം. അമേഠിയില്‍ തോറ്റമ്പിയ രാഹുല്‍, പാര്‍ലമെന്റില്‍ ഇന്ന് ഇരിക്കുന്നുണ്ടെങ്കില്‍, അത്, കേരളത്തിന് പറ്റിയ ഒരു പിഴവ് കൊണ്ടു മാത്രമാണ്. സ്വന്തം മണ്ഡലത്തില്‍ മത്സരിച്ചാല്‍ എട്ടു നിലയില്‍ പൊട്ടുമെന്ന് ഭയന്ന്, ഓടി ഒളിച്ചവനാണ് ഈ കെ.സി വേണു ഗോപാല്‍, ഒടുവില്‍ രാജ്യസ്ഥാന്‍ വഴിയാണ് അദ്ദേഹവും രാജ്യസഭയിലെത്തിയിരിക്കുന്നത്. ബി.ജെ.പിക്ക് തുടര്‍ച്ചയായി രണ്ടാം തവണയും ഭരണത്തില്‍ വരാന്‍ വഴി ഒരുക്കിയതും, കോണ്‍ഗ്രസ്സിന്റെ ദേശീയ നേതൃത്വമാണ്. ഖദര്‍ രാജ്യത്ത് ഇന്ന് കാവിയണിയുന്നത് തന്നെ, ശരവേഗത്തിലാണ്. കോണ്‍ഗ്രസ്സിന് ഇനി രക്ഷ വേണമെങ്കില്‍, ആദ്യം മാറ്റേണ്ടത് സോണിയ ഗാന്ധിയെയും, അവരെ നോക്കുകുത്തിയാക്കി തീരുമാനമെടുക്കുന്നവരെയുമാണ്. അവിടെ നിന്നാണ് ശരിക്കും, മാറ്റങ്ങളും തുടങ്ങേണ്ടിയിരുന്നത്.
ജനങ്ങള്‍ തോല്‍പ്പിച്ച രാഹുല്‍ ഗാന്ധിയെയും കെ.സി വേണു ഗോപാലിനെയും മാറ്റി നിര്‍ത്താതെ തിരഞ്ഞെടുപ്പില്‍ വിജയിച്ച ഉമ്മന്‍ചാണ്ടിയെയും ചെന്നിത്തലയെയും മാറ്റി നിര്‍ത്തുന്നതിന്റെ യുക്തി ആദ്യം സ്വന്തം അണികളെയാണ് കോണ്‍ഗ്രസ്സ് നേതൃത്വം ബോധ്യപ്പെടുത്തേണ്ടത്. എന്നിട്ടു വേണം പൊതു സമൂഹത്തിനു മുന്നില്‍ ന്യായീകരിക്കാന്‍. ഇന്ന് കേരളത്തില്‍ കോണ്‍ഗ്രസ്സില്‍ ഏറ്റവും കൂടുതല്‍ പിന്തുണയുള്ള നേതാവ് ഉമ്മന്‍ചാണ്ടി തന്നെയാണ്. അദ്ദേഹം വളര്‍ത്തി വലുതാക്കിയവര്‍ ചതിച്ച് മറുകണ്ടം ചാടിയാല്‍ തകരുന്ന സ്വാധീനമൊന്നും അല്ല അത്. കോണ്‍ഗ്രസ്സില്‍ ഒരു സംഘടനാ തിരഞ്ഞെടുപ്പ് നടത്തിയാല്‍ ഉടനെ തന്നെ വ്യക്തമാകുന്ന കാര്യമാണത്.
എന്താണ് കോണ്‍ഗ്രസ്സ്, എന്താണ് ആ പാര്‍ട്ടിയുടെ നയം എന്നതൊക്കെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്കു മാത്രമല്ല എത്ര നേതാക്കള്‍ക്കാണ് അറിയുക എന്നതു കൂടി ഹൈക്കമാന്റ് പരിശോധിക്കുന്നത് നല്ലതാണ്. അച്ചടക്ക നടപടി എന്ന വാക്കിനെ പോലും അസഹിഷ്ണുതയോടെ കാണുന്ന പാര്‍ട്ടിയാണ് ഇപ്പോള്‍ അതിന്റെ പേരില്‍ രണ്ടു നേതാക്കളെ സസ്‌പെന്റ് ചെയ്തിരിക്കുന്നത്. സംഘടനാ കരുത്തും പ്രത്യയശാസ്ത്ര അടിത്തറയുമുള്ള ഒരു പാര്‍ട്ടിയല്ല കോണ്‍ഗ്രസ്സെന്നതാണ് നടപടിയെടുത്ത കെ.സുധാകരനും ഇവിടെ മനപൂര്‍വ്വം മറന്നിരിക്കുന്നത്. പരിചയമില്ലാത്ത ഇത്തരം നടപടികള്‍ പൊതുവെ തകര്‍ന്ന കോണ്‍ഗ്രസ്സിനെ കൂടുതല്‍ തകര്‍ച്ചയിലേക്കാണ് കൊണ്ടു ചെന്നെത്തിക്കുക.
‘എന്തും എപ്പോഴും വിളിച്ചു പറയാം” എന്നത് ആകര്‍ഷക ഓഫറായി കാണുന്ന നേതാക്കളാല്‍ സമ്പന്നമായ പാര്‍ട്ടി കൂടിയാണ് കോണ്‍ഗ്രസ്സ്. അതാണ് മുഖമുദ്ര. ഇക്കാര്യത്തില്‍ ഒരു മാറ്റം അവര്‍ക്ക് ആഗ്രഹിക്കാമെങ്കിലും അത് നടപ്പാക്കാന്‍ വലിയ ബുദ്ധിമുട്ടാണ്. അതാകട്ടെ ഇതിനകം തന്നെ വ്യക്തമായി കഴിഞ്ഞിട്ടുള്ളതുമാണ്. ഡി.സി.സി ലിസ്റ്റിനെതിരെ പ്രതികരിച്ച ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും വിശദീകരണം തേടാന്‍ പോലും സുധാകരന്‍ ഇതുവരെ തയ്യാറായിട്ടില്ല. അതിനുള്ള ശേഷി അദ്ദേഹത്തിനില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇപ്പോഴത്തെ കോണ്‍ഗ്രസ്സിലെ സംഭവ വികാസങ്ങള്‍ ഏറ്റവും കൂടുതല്‍ ഗുണമാകാന്‍ പോകുന്നത് ഇടതുപക്ഷ പാര്‍ട്ടികള്‍ക്കാണ്. കേരളത്തെ കൂടുതല്‍ ചുവപ്പിക്കാന്‍ ഇനി നിഷ്പ്രയാസം ഇടതുപക്ഷത്തിനു കഴിയും. ജനകീയ അടിത്തറയുള്ള കമ്മ്യൂണിസ്റ്റു പാര്‍ട്ടികളെ നേതാക്കളെ ഉയര്‍ത്തി കാട്ടിയാണ് ഇതുവരെ കോണ്‍ഗ്രസ്സ് നേരിട്ടിരുന്നത്. കരുണാകരനായാലും ആന്റണിയായാലും ഉമ്മന്‍ ചാണ്ടി തന്നെ ആയാലും തിരഞ്ഞെടുപ്പിനെ നേരിടാന്‍ വ്യക്തികള്‍ അവരെ സംബന്ധിച്ച് പ്രധാന ഘടകം തന്നെ ആയിരുന്നു. അത്തരം വ്യക്തികള്‍ ഒതുക്കപ്പെടുമ്പോള്‍ കോണ്‍ഗ്രസ്സിന്റെ പതിവ് ചരിത്രം കൂടിയാണ് അതോടെ തിരുത്തപ്പെടുന്നത്.
പാര്‍ട്ടിയാണ് പ്രധാനം എന്ന് കേഡര്‍ പാര്‍ട്ടികള്‍ക്ക് പറയാം. പക്ഷേ, സുധാകരനും സതീശനും അതു പറയാന്‍ ആയിട്ടില്ല. കാരണം മുന്‍പ് സൂചിപ്പിച്ചതു പോലെ കോണ്‍ഗ്രസ്സിന് ‘കേഡര്‍’ പോയിട്ട് വ്യക്തമായ ഒരു സംഘടനാ സംവിധാനം പോലും നിലവിലില്ല. നേതാക്കളുടെ പിന്നില്‍ നില്‍ക്കുന്ന വെറും ആള്‍ക്കൂട്ടം മാത്രമാണത്. കോണ്‍ഗ്രസ്സില്‍ പ്രവര്‍ത്തനം നടക്കുന്നത് തന്നെ ഗ്രൂപ്പിന്റെ പേരിലാണ്. ഗ്രൂപ്പില്ലങ്കില്‍ അതു പോലും നിശ്ചലമാകും. നേതാക്കളല്ല ഘടകമെങ്കില്‍ കോണ്‍ഗ്രസ്സിനു പിന്നില്‍ എന്തിനു വേണ്ടി അണിനിരക്കണമെന്ന ചോദ്യത്തിനും സുധാകരനും സതീശനും മറുപടി പറയണം. എന്ത് പ്രത്യേയശാസ്ത്ര അടിത്തറയാണ് കോണ്‍ഗ്രസ്സിനുള്ളത്? ബി.ജെ.പിയിലേക്ക് നേതാക്കളെയും ജനപ്രതിനിധികളെയും സംഭാവന ചെയ്യുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ്സിനെ മാറ്റിയ നെഹറു കുടുംബവും ഈ ചോദ്യങ്ങള്‍ക്ക് മറുപടി പറയണം. ജനങ്ങള്‍ക്ക് വിശ്വാസ്യത നഷ്ടപ്പെട്ട കുടുംബവും അവര്‍ക്ക് ഉപദേശം നല്‍കുന്ന ‘ശകുനിയുടെ’ സ്വഭാവം കാണിക്കുന്ന നേതാക്കളും നയിച്ചാല്‍ കേരളത്തിലും കോണ്‍ഗ്രസ്സ് തവിടുപൊടിയാകുന്ന കാലം വിദൂരമല്ല. അതും ഓര്‍ത്താല്‍ നന്ന്.