ന്യൂഡല്‍ഹി: കേരളത്തിലെ സംഘടന-സര്‍ക്കാര്‍ വിഷയങ്ങളില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇടപെടുന്നു. കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവരെ ഹൈക്കമാന്‍ഡ് ഡല്‍ഹിക്ക് വിളിപ്പിച്ചു.
22ന് ഡല്‍ഹിയില്‍ എത്താനാണ് നേതാക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിനോട് അന്നേ ദിവസം ഡല്‍ഹിയില്‍ തങ്ങാനും ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
22ന് ഡല്‍ഹിയില്‍ എത്തുന്ന നേതാക്കള്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവരുമായും കൂടിക്കാഴ്ച നടത്തും. കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി അംഗവും മുതിര്‍ന്ന നേതാവുമായ എ.കെ.ആന്റണിയും ചര്‍ച്ചകളില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പഴിച്ച് രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡിനു നല്‍കിയ കത്തു പുറത്തുവന്നതിനു പിന്നാലെയാണ് അടിയന്തര ഇടപെടല്‍ ഉണ്ടായിരിക്കുന്നത്.