ബെംഗളുരു: രാഷ്ട്രീയ നാടകങ്ങൾ അവസാനിക്കാതെ കർണാടക. ബിജെപിയുടെ കുതിരക്കച്ചവടം ഭയന്ന് കോൺഗ്രസ് -ജെഡിഎസ് സഖ്യം എം.എൽ.എമാരെ ബംഗളുരുവിലെ റിസോർട്ടിൽ നിന്നും മാറ്റി. രാത്രിയോടെ രണ്ടു ബസ്സുകളിലായാണ് എം.എൽ.എമാരെ പുറത്തേക്കു കൊണ്ടുപോയത്.
എംഎൽഎമാരെ കൊച്ചിയിലേക്ക് മാറ്റുമെന്നു സൂചന വന്നിരുരുന്നെങ്കിലും, എംഎൽഎമാരെ പുതുച്ചേരിയിലേക്കാണ് മാറ്റുന്നതെന്ന് ജെഡിഎസ് നേതാവ് എച്ച്.ഡി.കുമാരസ്വാമി സ്ഥിരീകരിച്ചു. സുപ്രീംകോടതി വിധിയെക്കുറിച്ച് ആശങ്കയില്ലെന്നും സഭയുടെ തെളിയിക്കുന്ന ശക്തിയിലാണ് കാര്യമെന്നും ബെംഗളൂരുവിൽ നിന്ന് എംഎൽഎമാർ പുറപ്പെടുന്നതിനു മുൻപ് എച്ച്.ഡി. കുമാരസ്വാമി മാധ്യമങ്ങളോടു വ്യക്തമാക്കി.
കേന്ദ്രസർക്കാർ ഭരണം ദുരുപയോഗം ചെയ്യുന്നത് രാജ്യം കണ്ടുകൊണ്ടിരിക്കുകയാണ്. എംഎൽഎമാരിൽ പലരേയും പിന്തുണ തേടി ബിജെപിക്കാർ സമീപിച്ചു. വിമാനയാത്രയിൽ വരെ കേന്ദ്രത്തിന്റെ ഇടപെടൽ ഉണ്ടായേക്കുമെന്ന് അറിയാവുന്നത് കൊണ്ടാണ് യാത്രക്കായി ബസ് തിരഞ്ഞെടുത്തത്. കൂടാതെ എംഎൽഎമാരെ പുതുച്ചേരിയിലേക്കാണ് കൊണ്ടു പോകുന്നതെന്നും അവിടെ കോൺഗ്രസ് ഭരിക്കുന്നതാണ് ഈ തീരുമാനത്തിനു പിന്നിലെന്നും കുമാരസ്വാമി സൂചിപ്പിച്ചു.
ബിജെപിയുടെ രാഷ്ട്രീയക്കച്ചവടം ഭയന്ന് എംഎൽഎമാരെ കൊച്ചിയിൽ എത്തിക്കുമെന്നായിരുന്നു നേരത്തെ ലഭിച്ച സൂചന. കൊച്ചിയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലിലേക്ക് എംഎൽഎമാരെ മാറ്റുമെന്നായിരുന്നു അഭ്യൂഹം. അതേസമയം, ഹൈദരാബാദ്, പഞ്ചാബ്, വിശാഖപട്ടണം എന്നീ സ്ഥലങ്ങളും എംഎൽഎമാരെ സുരക്ഷിതമായി പാർപ്പിക്കാൻ പാർട്ടി നേതൃത്വങ്ങൾ പരിഗണിച്ചിരുന്നു.