സംസാരം കുറച്ച് ജോലിയെടുക്കൂ; കരസേനാ മേധാവിയോട് അധീര്‍ രഞ്ജന്‍ ചൗധരി

ന്യൂഡല്‍ഹി: കരസേന മേധാവി മനോജ് മുകുന്ദ് നരവനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി രംഗത്ത്. സംസാരം കുറച്ച് കൂടുതല്‍ ജോലിയെടുക്കൂ എന്നാണ് ചൗധരി പറഞ്ഞത്.പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാക്കണമെന്ന് കേന്ദ്രം നിര്‍ദേശം നല്‍കിയാല്‍ സൈന്യം നടപടിക്ക് തയ്യാറാണെന്ന
കരസേനാ മേധാവിയുടെ പരാമര്‍ശത്തിനെതിരെയായിരുന്നു ചൗധരിയുടെ പ്രസ്താവന.

പാക് അധീന കശ്മീരിന്റെ കാര്യത്തില്‍ 1994-ല്‍ പാര്‍ലമെന്റ് ഏകകണ്ഠമായി പ്രമേയം അംഗീകരിച്ചിട്ടുണ്ടെന്നും നടപടികള്‍ സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം സര്‍ക്കാരിനുണ്ടെന്നും സര്‍ക്കാരിന് നിര്‍ദേശം നല്‍കാനാകുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഇനി പാക് അധിനിവേശ കശ്മീരില്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിക്കാന്‍ താങ്കള്‍ക്ക് താത്പര്യമുണ്ടെങ്കില്‍ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫുമായോ പ്രധാനമന്ത്രിയുമായോ സംസാരിക്കാനും അദ്ദേഹം നിര്‍ദേശിക്കുന്നു.

കഴിഞ്ഞദിവസം ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കരസേനാ മേധാവി പാക് അധീനകശ്മീരിനെക്കുറിച്ച് പരാമര്‍ശം നടത്തിയത്. പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാകണമെന്ന് പാര്‍ലമെന്റ് ആവശ്യപ്പെട്ടാല്‍ തീര്‍ച്ചയായും സൈന്യം നടപ്പാക്കും. ചൈന അതിര്‍ത്തിയിലെ വെല്ലുവിളികള്‍ നേരിടാന്‍ തയ്യാറാണെന്നുമായിരുന്നു നരവനെയുടെ പരാമര്‍ശം.

Top