പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിലൂടെ രാജ്യത്തെ വിഭജിക്കാനാണ് മോദി ശ്രമിക്കുന്നത്; കെ മുരളീധരന്‍

തൃശ്ശൂര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോണ്‍ഗ്രസ് നേതാവും തൃശ്ശൂരിലെ സ്ഥാനാര്‍ത്ഥിയുമായ കെ മുരളീധരന്‍ രംഗത്ത്. നിയമം നടപ്പാക്കുന്നതിലൂടെ രാജ്യത്തെ വിഭജിക്കാനാണ് മോദി ശ്രമിക്കുന്നതെന്ന് കെ മുരളീധരന്‍ വിമര്‍ശിച്ചു. വിഭജനം നടത്തി വോട്ടു പിടിക്കുകയെന്നത് മോദിയുടെ ദുഷ്ടലാക്കാണ്. ഒരുപാട് ആയുധങ്ങള്‍ പ്രയോഗിച്ചു നോക്കി, ഒന്നും ചെലവായില്ല. ഇപ്പോള്‍ അവസാനത്തെ ആയുധം പ്രയോഗിച്ചിരിക്കുകയാണ്. ഇന്‍ഡ്യ സഖ്യം അധികാരത്തില്‍ വന്നാല്‍ ഈ നിയമം നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.

അതേസമയം, നിയമത്തിന് എതിരെ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. കോണ്‍ഗ്രസ്, ഇടത് പാര്‍ട്ടികള്‍ അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും വിവിധ മുസ്ലിം ഗ്രൂപ്പുകളും പൗരത്വ ഭേദഗതി നിയമത്തിന് എതിരെ പ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങുകയാണ്. ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ നിയമം നടപ്പാക്കിയത് വര്‍ഗീയ ധ്രുവീകരണം ലക്ഷ്യം വെച്ചാണ് എന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നു. ഇലക്ടറല്‍ ബോണ്ട് അടക്കമുള്ള വിഷയങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ കൂടിയാണ് ഇപ്പോള്‍ സിഎഎ നടപ്പാക്കിയത് എന്നും വിമര്‍ശനമുണ്ട്.

Top