congress leader antony-ashanparamil-surrunder

കൊച്ചി: ഗുണ്ടാബന്ധത്തെ തുടര്‍ന്ന് ഒളിവിലായിരുന്ന മരട് നഗരസഭാ ഉപാധ്യക്ഷന്‍ ആന്റണി ആശാന്‍പറമ്പില്‍ കീഴടങ്ങി. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്.

കേസിന്റെ പേരില്‍ കോണ്‍ഗ്രസില്‍ നിന്ന് ഇയാളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കൂട്ടുപ്രതിയായ മുനിസിപ്പല്‍ കൗണ്‍സിലര്‍ ജിന്‍സണ്‍ പീറ്ററും കീഴടങ്ങി.

തനിക്കെതിരായ കേസ് സി.പി.എം നേതാവ് പ്രതിയാ കേസിന് ബദലായി കെട്ടിച്ചമച്ചതാണെന്ന് ഗുണ്ടാ ഭീഷണക്കേസില്‍ പ്രതിയായ ആന്റണി ആശാന്‍പറമ്പില്‍ പറഞ്ഞിരുന്നു.

കെട്ടിടനിര്‍മാണ സ്ഥലത്തെ ചെളി നീക്കാനുള്ള പത്തു ലക്ഷത്തിന്റെ കരാര്‍ മറ്റൊരാള്‍ക്കു വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് ആന്റണി ആശാന്‍പറമ്പില്‍ ഷുക്കൂറിനെ ഗുണ്ടകളെ ഉപയോഗിച്ചു ഭീഷണിപ്പെടുത്തുകയും വീട്ടുതടങ്കലിലാക്കി നഗ്‌നനാക്കി മര്‍ദിച്ചെന്നുമാണ് ആരോപണം.

കേസിലുള്‍പ്പെട്ട ഗുണ്ടകളെ നേരത്തേ പോലീസ് അറസ്റ്റുചെയ്തിരുന്നു. ഇതിനു പിന്നാലെ ഒന്നാം പ്രതി ആന്റണി ആശാന്‍പറമ്പിലും രണ്ടാം പ്രതിയായ ജിന്‍സണ്‍ പീറ്ററും ഒളിവില്‍ പോവുകയായിരുന്നു. 2013 ജനുവരി 24 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. എന്നാല്‍, പരാതി നല്കിയത് അടുത്തയിടെ മാത്രമാണ്.

എന്നാല്‍, ആന്റണി ആശാന്‍പറമ്പിലിനെ പൂര്‍ണമായി കയ്യൊഴിഞ്ഞ അവസ്ഥയിലാണ് കോണ്‍ഗ്രസ്. തെറ്റ് ബോധ്യപ്പെട്ടതുകൊണ്ടാണ് ആന്റണിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് ടി.ജെ.വിനോദ് പറഞ്ഞു. തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

Top