ബംഗളൂരു: എംഎല്‍എമാരുടെ കൂട്ട രാജിയെ തുടര്‍ന്ന് പ്രതിസന്ധിയിലായ കര്‍ണാടക സര്‍ക്കാരിനെ രക്ഷിക്കാനായി പുത്തന്‍ തന്ത്രങ്ങള്‍ മെനഞ്ഞ് ജെ.ഡി.എസ്. ഇന്ന് സ്വതന്ത്ര എം.എല്‍.എ കൂടി രാജിവച്ചതോടെ ജെ.ഡി.എസ് എം.എല്‍.എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിത്തുടങ്ങി. ബെംഗളുരു ദേവനഹള്ളിയിലെ റിസോര്‍ട്ടിലേക്കാണ് എം.എല്‍.എമാരെ മാറ്റുന്നത്.
അനുനയ ചര്‍ച്ചകള്‍ക്കായി കോണ്‍ഗ്രസിന്റെ വിമത എം.എല്‍.എമാരെ നേരിട്ട് കാണുന്നതിനായി കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാര്‍ ബെംഗളൂരുവില്‍ നിന്ന് മുംബയിലേക്ക് തിരിച്ചു. എം.എല്‍.എമാരെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാത്തതിനെതുടര്‍ന്നാണ് ഡി.കെ. ശിവകുമാറിന്റെ മുംബൈ യാത്ര. എന്നാല്‍ ഡി.കെ ശിവകുമാര്‍ എത്തുന്നതറിഞ്ഞ് മുംബെയിലെ പഞ്ച നക്ഷത്രഹോട്ടലില്‍ നിന്ന് വിമതര്‍ ഗോവയിലേക്ക് പോകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതേ സമയം പാര്‍ട്ടി നിര്‍ദേശങ്ങള്‍ അംഗീരിച്ചില്ലെങ്കില്‍ എം.എല്‍.എമാരെ അയോഗ്യരാക്കാനും കോണ്‍ഗ്രസ് നിക്കം നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി നാളെ കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം വിളിച്ചു. യോഗത്തില്‍ പങ്കെടുക്കാത്തവരെ അയോഗ്യരാക്കുമെന്നാണ് കര്‍ണാടക കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചിരിക്കുന്നത്. അയോഗ്യരാക്കിയാല്‍ ഇവര്‍ക്ക് പിന്നീട് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്ക് വരും. വിമതരെ അനുനയിപ്പിക്കാന്‍ നീക്കം നടക്കുന്നതിന്റെ ഭാഗമായാണ് സ്പീക്കര്‍ ഇതുവരെ രാജി സ്വീകരിക്കാത്തതെന്നും റിപ്പോര്‍ട്ടുണ്ട്.