കോണ്‍ഗ്രസ്സ് നേതാവിന്റെ വീട്ടില്‍ റെയ്ഡ്; കണ്ടെടുത്തത് 200 കോടിയുടെ വിദേശ സ്വത്ത് വിവരങ്ങള്‍

ന്യൂഡല്‍ഹി: ഹരിയാനയില്‍ കോണ്‍ഗ്രസ്സ് നേതാവിന്റെ വീട്ടില്‍ റെയ്ഡ്. കുല്‍ദീപ് ബിഷ്ണോയിയുടെ വസതികളിലും സ്ഥാപനങ്ങളിലും നടത്തിയ റെയ്ഡില്‍ ആദായ നികുതി വകുപ്പ് 200 കോടി രൂപയുടെ വിദേശ സ്വത്ത് വിവരങ്ങള്‍ കണ്ടെടുത്തു. ജുലൈ 23 മുതല്‍ നാലു ദിവസങ്ങളിലായി ഹരിയാന, ഡല്‍ഹി, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലെ 13 കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡിലാണ് ബിഷ്ണോയിയുടെ മറച്ചുവച്ച സ്വത്തുക്കളെക്കുറിച്ച് വിവരം ലഭിച്ചത്.

ഇന്ത്യയില്‍ നിന്നുള്ള കള്ളപ്പണം ഉപയോഗിച്ച് വിദേശ രാജ്യങ്ങളില്‍ നിരവധി വസ്തുവകളാണ് ബിഷ്ണോയിയും കുടുംബാംഗങ്ങളും വാങ്ങിച്ചുകൂട്ടിയത്. ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപുകള്‍, പാനമ, യു.കെ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ട്രസ്റ്റുകളുടെയും കമ്പനികളുടെയും പേരിലായിരുന്നു ഇത്തരം വസ്തുവകകള്‍ വാങ്ങിയിരുന്നത്.

ഏകദേശം 30 കോടി രൂപയുടെ നികുതിവെട്ടിപ്പാണ് ബിഷ്ണോയിയും കുടുംബാംഗങ്ങളും നടത്തിയിട്ടുള്ളതെന്നാണ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരിക്കുന്നത്. ഇവര്‍ക്കെതിരെ കള്ളപ്പണ നിയമപ്രകാരവും ആദായനികുതി നിയമപ്രകാരവും കേസെടുത്തതായും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Top