അയോധ്യയിലേത് മതപരമായ ചടങ്ങ്, അതിനെ രാഷ്ട്രീയവത്കരിക്കരുത്; കെ സി വേണുഗോപാല്‍

ഡല്‍ഹി: ബിജെപിയുടെ ഒരു കെണിയിലും കോണ്‍ഗ്രസ് വീഴില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍. അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു വേണുഗോപാലിന്റെ പ്രതികരണം. അയോധ്യയിലേത് മതപരമായ ചടങ്ങാണെന്നും അതിനെ രാഷ്ട്രീയവത്കരിക്കുന്നുവെന്നും വേണുഗോപാല്‍ പറഞ്ഞു. പങ്കെടുക്കണോ വേണ്ടയോ എന്നതില്‍ കോണ്‍ഗ്രസിന് അഭിപ്രായമുണ്ട്. ഓരോ പാര്‍ട്ടികള്‍ക്കും അവരുടേതായ അഭിപ്രായമുണ്ട്. കോണ്‍ഗ്രസിന് മേല്‍ ഒരു സമ്മര്‍ദ്ദവുമില്ല. കെപിസിസി പ്രസിഡന്റിന്റെ പ്രസ്താവനയിലെ നിലപാട് അദ്ദേഹത്തോട് ചോദിക്കണമെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

അയോധ്യ രാമക്ഷേത്ര ഉദ്ഘാടനച്ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കരുതെന്നാണ് കേരളാ ഘടകത്തിന്റെ നിലപാടെന്നാണ് മുന്‍ കെപിസിസി അധ്യക്ഷനും എംപിയുമായ കെ മുരളീധരന്‍ വ്യക്തമാക്കിയത്. ഇന്ത്യ മുന്നണിയിലെ കക്ഷികളുമായി ആലോചിച്ച് കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ തീരുമാനിക്കും. കോണ്‍ഗ്രസ് പങ്കെടുക്കരുതെന്നാണ് കേരളാ ഘടകത്തിന്റെ നിലപാടെന്നും കെ മുരളീധരന്‍ വ്യക്തമാക്കി. കേരളത്തിന്റെ അഭിപ്രായം കെ.സി. വേണുഗോപാലിനെ അറിയിച്ചിട്ടുണ്ടെന്നും മുരളീധരന്‍ വ്യക്തമാക്കി. ഒരിക്കലും കോണ്‍ഗ്രസ് പങ്കെടുക്കരുതെന്നാണ് കേരള ഘടകം കെ.സിയെ അറിയിച്ചത്. പങ്കെടുക്കരുതെന്നാണ് കേരളത്തിലെ കോണ്‍ഗ്രസ് നിലപാട്. ഇന്ത്യ മുന്നണിയി ഘടകകക്ഷികളുമായി ആലോചിച്ച് കോണ്‍ഗ്രസ് കേന്ദ്ര ഘടകം തീരുമാനിക്കും. വിശ്വാസികളും അവിശ്വാസികളും ഉള്‍പ്പെടുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അതിനാല്‍ സിപിഎം എടുക്കും പോലെ കോണ്‍ഗ്രസിന് നിലപാട് എടുക്കാന്‍ കഴിയില്ല.

Top