ജയ്പുര്‍: കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റും ഭാര്യ സാറ അബ്‍ദുള്ളയും വേര്‍പിരിഞ്ഞു. രണ്ട് പതിറ്റാണ്ടോളം നീണ്ട ദാമ്പത്യ ബന്ധമാണ് ഇരുവരും അവസാനിപ്പിച്ചിരിക്കുന്നത്. രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി ഇന്ന് സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയിലാണ് സച്ചിന്‍ വിവാഹ മോചനം വെളിപ്പെടുത്തിയത്.ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയുടെ മകളാണ് സച്ചിന്റെ ഭാര്യയായിരുന്ന സാറ അബ്ദുള്ള.
നാമനിര്‍ദേശ പത്രികയില്‍ ഭാര്യയുടെ പേരെഴുതേണ്ട കോളത്തിലാണ് സച്ചിന്‍ വിവാഹ മോചിതന്‍ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. 2004-ല്‍ വിവാഹിതരായ സച്ചിനും സാറയ്ക്കും രണ്ട് മക്കളുണ്ട്.ടോങ്കില്‍ നിന്നാണ് സച്ചിന്‍ പൈലറ്റ് ജനവിധി തേടുന്നത്. 2018-ല്‍ ടോങ്കില്‍ നിന്ന് അരലക്ഷം വോട്ടുകള്‍ക്ക് മുകളില്‍ ഭൂരിപക്ഷം നേടിയാണ് സച്ചിന്‍ വിജയിച്ചത്. ഇത്തവണ ബിജെപി ഇതുവരെ സച്ചിനെതിരെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. നവംബര്‍ ആറാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി. നവംബര്‍ 25-നാണ് രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ്.
അഞ്ച് വര്‍ഷം കൊണ്ട് തന്റെ ആസ്തിയില്‍ കാര്യമായ വ്യത്യാസമുണ്ടായതായും സച്ചിന്‍ പൈലറ്റ് നാമനിര്‍ദേശ പത്രികയില്‍ വ്യക്തമാക്കിയിട്ടുണ്ട്. 2018-ല്‍ പൈലറ്റിന്റെ മൊത്തം ആസ്തി മൂല്യം 3.8 കോടിരൂപയായിരുന്നു കാണിച്ചിരുന്നത്. 2023-ല്‍ അത് 7.5 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്.