ന്യൂഡല്‍ഹി: സിഖ് വിരുദ്ധക്കേസില്‍ ശിക്ഷിക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് സജ്ജന്‍കുമാര്‍ പാര്‍ട്ടി അംഗത്വം രാജിവച്ചു. രാജി അറിയിച്ച് കൊണ്ടുള്ള കത്ത് കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് സമര്‍പ്പിച്ചു.
1984ലെ സിഖ് വിരുദ്ധ കലാപക്കേസുമായ് ബന്ധപ്പെട്ട് ഹൈക്കോടതി സജ്ജന്‍ കുമാറിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. തനിക്കെതിരായി വന്ന കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് പാര്‍ട്ടിയിലെ പ്രാധമിക അംഗത്വം താന്‍ രാജി വയ്ക്കുന്നതെന്ന് രാഹുല്‍ ഗാന്ധിക്ക് നല്‍കിയ കത്തില്‍ അദ്ദേഹം വ്യക്തമാക്കി.
തിങ്കളാഴ്ചയാണ് സജ്ജന്‍കുമാറിന് എതിരായ ഹൈക്കോടതി വിധി വന്നത്. സിഖ് വിരുദ്ധ കലാപത്തില്‍ സജ്ജന്‍കുമാറിന് പങ്കുണ്ടെന്ന് തെളിഞ്ഞതോടെ ജീവപര്യന്തം ശിക്ഷ വിധിക്കുകയാണ് കോടതി ചെയ്തത്. ഇതേത്തുടര്‍ന്ന് കോണ്‍ഗ്രസിനെതിരായ ആക്ഷേപങ്ങള്‍ ബിജെപി ശക്തമാക്കിയിരുന്നു. പലയിടങ്ങളില്‍ നിന്നുമുള്ള സമ്മര്‍ദ്ദമാണ് സജ്ജന്‍കുമാറിന്റെ രാജിക്ക് പിന്നിലെന്നാണ് സൂചന.