ന്യൂഡല്‍ഹി: 2024 ലെ പൊതു തെരഞ്ഞെടുപ്പിന് മുമ്പ് പുല്‍വാമ പോലെ മറ്റൊരു സംഭവം ഉണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ്. പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ സ്മരണയില്‍ രാജ്യം നില്‍ക്കുമ്പോളാണ് ഉദിത് രാജ് വിവാദ പരാമര്‍ശം നടത്തിയത്.ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വിജയിക്കാനായി പുല്‍വാമ ഭീകരാക്രമണം നരേന്ദ്ര മോദി സര്‍ക്കാര്‍ ഉപയോഗിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പുല്‍വാമ ഭീകരാക്രമണം നടന്ന് ഒരാണ്ട് പിന്നിടുമ്പോള്‍ മോദിയോട് രാഹുല്‍ ഗാന്ധി മൂന്ന് ചോദ്യങ്ങള്‍ ഉയര്‍ത്തിയതിന് പിന്നാലെയാണ് ഉദിത് രാജിന്റെ പ്രതികരണം.
2019 ഫെബ്രുവരി 14നാണ് രാജ്യത്തെ ഒന്നാകെ കണ്ണീരാഴ്ത്തി പുല്‍വാമ ഭീകരാക്രമണം നടന്നത്. കശ്മീരിലെ പുല്‍വാമ ജില്ലയിലെ ലാത്‌പോരയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെ പാക് ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദ് ഭീകരാക്രമണം നടത്തുകയായിരുന്നു. 78 വാഹനങ്ങളിലായി അവധി കഴിഞ്ഞു മടങ്ങുന്ന 2547 ജവാന്മാര്‍ ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് പോകുമ്പോള്‍ ദേശീയ പാതയില്‍ പുല്‍വാമ ജില്ലയിലെ ലാത്‌പോരയില്‍ എത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്. ചാവേര്‍ ഓടിച്ച് വന്ന കാറില്‍ 100 കിലോഗ്രാം സ്‌ഫോടക വസ്തുക്കളാണ് നിറച്ചിരുന്നത്. 76-ാം ബറ്റാലിയന്റെ ബസിലുണ്ടായിരുന്ന 40 ജവാന്മാരാണ് വീരമൃത്യു വരിച്ചത്.