തിരുവനന്തപുരം: കെപിസിസി ഭാരവാഹിപ്പട്ടികയെ ചൊല്ലിയുള്ള തര്‍ക്കങ്ങളെ തള്ളി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പട്ടികയില്‍ പൊതുവേ എല്ലാവരും സന്തോഷത്തിലാണെന്നാണ് തനിക്ക് കിട്ടിയ പ്രതികരണം. പട്ടികയില്‍ എല്ലാവര്‍ക്കും പ്രാതിനിധ്യമുണ്ടായിരുന്നതായി തിരുവഞ്ചൂര്‍ പ്രതികരിച്ചു.
‘പദവികളിലേക്ക് വന്നവരെല്ലാം പ്രഗത്ഭരായവരാണ്. അംഗീകാരം കിട്ടേണ്ടവര്‍ വേറെയുമുണ്ട്. ആരെങ്കിലും പുറത്തുപോയിട്ടുണ്ടെങ്കില്‍ അവരെ അടുത്തഘട്ടങ്ങളില്‍ പരിഗണിക്കും. പട്ടിക പൊതുചര്‍ച്ചയാക്കാതെ പോസിറ്റീവായി കാണണം.’
പട്ടികയില്‍ അതൃപ്തി പ്രകടിപ്പിച്ച കെ മുരളീധരന്റെ പരസ്യ പ്രതികരണത്തെ കുറിച്ച് ചര്‍ച്ചയ്ക്കില്ല. തര്‍ക്കവിഷയമാക്കരുതെന്ന് ആഗ്രഹിക്കുന്നയാളാണ് താന്‍. പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ത്ത് മുന്നോട്ടുപോവണം. അത് പറഞ്ഞുതീര്‍ത്ത് മുന്നോട്ടുപോവണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു.
നേരത്തെ, കെപിസിസി ഭാരവാഹി പട്ടിക പുറത്തുവിട്ട പിന്നാലെ അതൃപ്തി പരസ്യമാക്കി കെ.മുരളീധരന്‍ എം.പി രംഗത്തുവന്നിരുന്നു. പട്ടികയില്‍ വേണ്ടത്ര ചര്‍ച്ച നടന്നില്ലെന്നും, ചര്‍ച്ച നടന്നിരുന്നുവെങ്കില്‍ അനുയോജ്യരല്ലാത്തവരെ ഒഴിവാക്കാമായിരുന്നുവെന്നും മുരളിധരന്‍ കുറ്റപ്പെടുത്തി. പട്ടികയെ അനുകൂലിക്കാനോ പ്രതികൂലിക്കാനോ ഇല്ല. അച്ചടക്കം തനിക്കു കൂടി ബാധകമായതിനാല്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.