വ്യോമാക്രമണത്തിന്റെ തെളിവ് ചോദിച്ചതില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു

rahul-gandi

ന്യൂഡൽഹി: ബലാകോട്ടിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന് കൂടുതൽ തെളിവുകൾ ആവശ്യപ്പെട്ട കോൺഗ്രസിന് തിരിച്ചടി. തെളിവ് ആവശ്യപ്പെട്ടതിൽ പ്രതിഷേധിച്ച് മുതിർന്ന നേതാവും പാർട്ടി വക്താവുമായ വിനോദ് ശർമ കോൺഗ്രസിൽ നിന്നും രാജിവച്ചു. മദ്ധ്യപ്രദേശിലെ മുതിർന്ന നേതാവായ വിനോദ് ശർമകോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്കാണ് തന്റെ രാജി സമർപ്പിച്ചത്. ബലാക്കോട്ടിൽ വ്യോമസേന നടത്തിയ തിരിച്ചടിയെ ചോദ്യം ചെയ്തത് താഴേത്തട്ടിൽ പ്രവർത്തിക്കുന്ന നിരവധി പ്രവർത്തകരുടെ അഭിമാനത്തിന് ക്ഷതമേൽപ്പിച്ചതായി അദ്ദേഹം കത്തിൽ ആരോപിച്ചു.

30 വർഷം കോൺഗ്രസിൽ പ്രവർത്തിച്ചതിന് ശേഷം ഏറെ ദുഖത്തോടെയാണ് താൻ പാർട്ടി വിടുന്നതെന്ന് വിനോദ് ശർമ പറഞ്ഞു. വ്യോമാക്രമണത്തിന് തെളിവ് ആവശ്യപ്പെട്ടത് നാണക്കേടും നിരുത്തരവാദപരവുമായ നടപടിയാണ് തീവ്രവാദികളുടെ ഭാഷയിൽ സംസാരിച്ച പാർട്ടി ഹൈക്കമാൻഡ് നിരവധി കോൺഗ്രസ് പ്രവർത്തകരുടെ വികാരത്തെ തകർത്തു. ഇക്കാര്യം ഉന്നയിച്ച് നിരവധി തവണ രാഹുൽ ഗാന്ധിക്ക് കത്തയച്ചിരുന്നു. എന്നാൽ അദ്ദേഹം ചെവിക്കൊള്ളാൻ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു.

മുതിർന്ന കോൺഗ്രസ് നേതാക്കളായ രാജീവ് ഗാന്ധിയുടെയും ജവഹർലാൽ നെഹ്റുവിന്റെയും ആശയങ്ങളെ ഇപ്പോഴത്തെ കോൺഗ്രസ് നേതൃത്വം സ്വീകരിക്കാൻ തയ്യാറാകുന്നില്ല. ഇക്കാര്യങ്ങൾ കാരണം താൻ പാർട്ടിയിൽ നിന്നും രാജിവയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തനിക്കൊപ്പം നിരവധി കോൺഗ്രസ് പ്രവർത്തകർ ഇനി കോൺഗ്രസിൽ നിന്നും പുറത്തുവരും. രാഷ്ട്രീയത്തേക്കാൾ രാജ്യതാത്പര്യങ്ങൾക്ക് പ്രാമുഖ്യം കൊടുക്കുന്ന മറ്റൊരു പാർട്ടിയിൽ ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ലോക്സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ മദ്ധ്യപ്രദേശിലെ മുതിർന്ന നേതാവ് പാർട്ടി വിട്ടത് കോൺഗ്രസിന് വൻ തിരിച്ചടിയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

Top