ന്യൂഡല്‍ഹി : എം.എം ഹസ്സനെ കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്ത് നിലനിര്‍ത്തി ലോക് സഭ തെരെഞ്ഞെടുപ്പിനെ നേരിട്ടാല്‍ കേരളത്തില്‍ കോണ്‍ഗ്രസ്സിന്റെ പൊടിപോലും കാണില്ലന്ന് രാഹുലിന് മുന്നറിയിപ്പ്. സംസ്ഥാനത്തെ തല മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവാണ് രാഹുലിന് അയച്ച കത്തില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
ചെങ്ങന്നൂര്‍ ഉപതെരെഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ്സ് പിന്തുണച്ചിട്ടും ദയനീയ പരാജയം ഏറ്റുവാങ്ങിയത് അപകടകരമായ സൂചനയാണ്. കെ.പി.സി.സി അദ്ധ്യക്ഷനെന്ന നിലയില്‍ പൂര്‍ണ്ണ പരാജയമാണ് ഹസ്സനെന്നും പരാതിയില്‍ ആരോപിച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് നിന്നും ബി.ജെ.പി ലോക് സഭയില്‍ അക്കൗണ്ട് തുറക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലന്നാണ് മറ്റൊരു മുന്നറിയിപ്പ്.
സ്ത്രീപക്ഷ കേരളത്തില്‍ സുനന്ദ പുഷ്‌ക്കര്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ശശി തരൂര്‍ വീണ്ടും മത്സരിച്ചാല്‍ വിജയിക്കാന്‍ സാധ്യത വളരെ കുറവാണ്. ഇത് മുന്നില്‍ കണ്ട് ഇപ്പോഴേ ബി.ജെ.പി തയ്യാറെടുപ്പുകള്‍ തുടങ്ങിയതായും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് പാര്‍ട്ടിയെ നയിക്കാന്‍ ശക്തനായ നേതാവിനെ നിയോഗിച്ചില്ലെങ്കില്‍ മുസ്ലീം ലീഗ് കൈവശം വച്ചിരിക്കുന്ന മലപ്പുറത്തെ രണ്ട് ലോക് സഭ സീറ്റുകള്‍ (പൊന്നാനി, മലപ്പുറം) അല്ലാതെ മറ്റൊരു സീറ്റിലും വിജയ സാധ്യത കുറവാണ്.
യു.ഡി.എഫിന് ശക്തിയുള്ള വയനാട്, പത്തനം തിട്ട മണ്ഡലങ്ങള്‍ പോലും കൈവിടാനാണ് സാധ്യതയെന്ന് തന്റെ പഠനത്തില്‍ വ്യക്തമായതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതോടൊപ്പം സ്വകാര്യ കമ്പനിയുടെ സഹായത്തോടെ നടത്തിയ സര്‍വ്വേയുടെ റിപ്പോര്‍ട്ടും രാഹുലിന് സമര്‍പ്പിച്ചിട്ടുണ്ട്.
ലോക് സഭ തെരെഞ്ഞെടുപ്പ് വരെ കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്ത് എം.എം ഹസ്സനെ നിലനിര്‍ത്താനുള്ള ഹൈക്കമാന്റ് നീക്കത്തിന്റെ പശ്ചാത്തലത്തിലാണ് മുതിര്‍ന്ന നേതാവ് ഇത്തരമൊരു ‘സാഹസത്തിന്’ മുതിര്‍ന്നിരിക്കുന്നത്.
ഒരു വിഭാഗം നേതാക്കളുടെ ആശീര്‍വാദത്തോടെയാണ് കത്തയച്ചിരിക്കുന്നതെന്നാണ് സൂചന.
ഉമ്മന്‍ ചാണ്ടിക്ക് ആന്ധ്രയുടെ ചുമതല നല്‍കിയിരിക്കുന്ന പശ്ചാത്തലത്തില്‍ കെ.പി.സി.സി തലപ്പത്ത് ജനകീയരായ നേതാക്കള്‍ വരണമെന്നതാണ് വലിയ വിഭാഗവും ആഗ്രഹിക്കുന്നത്.
രമേശ് ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനത്ത് തികഞ്ഞ പരാജയമായതിനാല്‍ മാറ്റം വരുത്തുമ്പോള്‍ ഹൈക്കമാന്റ് രണ്ട് സ്ഥാനങ്ങളിലും പുതുമുഖങ്ങളെ കൊണ്ടുവരുമെന്ന പ്രതീക്ഷയില്‍ സംഘടിതമായ നീക്കങ്ങളാണ് അണിയറയില്‍ നടക്കുന്നത്.
കേരള കോണ്‍ഗ്രസ്സിന് രാജ്യസഭ സീറ്റ് നല്‍കിയതിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ സംസ്ഥാന നേതൃത്വത്തെ സംരക്ഷിച്ച് റിസ്‌ക്ക് എടുക്കാന്‍ രാഹുല്‍ ഗാന്ധി തയ്യാറാകില്ലന്നാണ് പ്രതിഷേധ കൊടി പിടിച്ചവരുടെ കണക്ക് കൂട്ടല്‍. കൂടുതല്‍ പേര്‍ ഹൈക്കമാന്റിനെ പരാതിയുമായി സമീപിക്കാന്‍ ഒരുങ്ങുകയാണ്.
അതേസമയം കെ.പി.സി.സി യോഗത്തില്‍ വി.എം സുധീരനെയും കെ.മുരളീധരനെയും വിളിക്കാത്ത നടപടി ഗൗരവമായാണ് ഹൈക്കമാന്റ് കാണുന്നതെന്ന വിവരവും ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്.
റിപ്പോര്‍ട്ട് : ടി അരുണ്‍ കുമാര്‍