പൗരത്വ നിയമ ഭേദഗതി; പ്രതിഷേധം ശക്തമാവു മ്പോള്‍ രാഹുല്‍ ഗാന്ധി ദക്ഷണി കൊറിയയില്‍

ഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധം ശക്തമാവുമ്പോള്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി ദക്ഷണി കൊറിയയില്‍. രാഹുല്‍ ഗാന്ധി ദക്ഷിണ കൊറിയയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിലാണെന്ന് കോണ്‍ഗ്രസ് നേതൃത്വത്തെ ഉദ്ധരിച്ച് വാര്‍ത്താഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു.

തിങ്കളാഴ്ചയാണ് രാഹുല്‍ ദക്ഷിണകൊറിയയിലേക്ക് പോയത്. അദ്ദേഹം എന്ന് തിരിച്ചെത്തുമെന്ന കാര്യം വ്യക്തമല്ല. രാഹുല്‍ ഗാന്ധി എവിടെയാണെന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ ഓഫിസ് കൃത്യമായ ഉത്തരം നല്‍കിയില്ലെന്നും ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. രാഹുല്‍ ഗാന്ധിയുടെ അസാന്നിധ്യത്തില്‍ പ്രിയങ്കാ ഗാന്ധിയാണ് കോണ്‍ഗ്രസ് പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

ജാമിയ മിലിയ, അലിഗഡ് സര്‍വകലാശാലകളില്‍ വിദ്യാര്‍ഥികള്‍ക്കു നേരെയുള്ള പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം പ്രിയങ്കാ ഗാന്ധി കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. ഇന്ത്യാഗേറ്റിന് മുന്നില്‍ നടത്തിയ കുത്തിയിരിപ്പ് സമരത്തില്‍ രാഹുലിന്റെ അസാന്നിധ്യം ചോദ്യം ചെയ്ത് സോഷ്യല്‍മീഡിയയില്‍ നിരവധി പേര്‍ രംഗത്തെത്തി.

രാജ്യത്ത് പ്രതിഷേധം ശക്തമാവുമ്പോള്‍ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ട രാഹുല്‍ ഗാന്ധി വിദേശത്തേക്ക് പോയതിലെ അനൗചിത്യം ചര്‍ച്ചയാകുകയാണ്. ബിജെപിക്കെതിരെ ശക്തമായി പ്രതികരിച്ച റേപ് ഇന്‍ ഇന്ത്യ പരാമര്‍ശത്തില്‍ മാപ്പ് പറയാന്‍ തന്റെ പേര് രാഹുല്‍ സവര്‍ക്കറല്ലെന്നും രാഹുല്‍ ഗാന്ധിയാണെന്നുമായിരുന്നു രാഹുലിന്റെ മറുപടി. ഇത് മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

Top