ചിന്മയാനന്ദ് കേസ്: യുവതിയുടെ അറസ്റ്റിനെതിരെ കോണ്‍ഗ്രസ് നടത്താനിരുന്ന പ്രതിഷേധത്തിന് അനുമതിയില്ല

ലഖ്നൗ: ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ചിന്മയാനന്ദിനെതിരെ പീഡനപരാതി നല്‍കിയ വിദ്യാര്‍ത്ഥി
നിയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ കോണ്‍ഗ്രസ് നടത്താനിരുന്ന പ്രതിഷേധ പ്രകടനത്തിന് അനുമതി നിഷേധിച്ചു. കോണ്‍ഗ്രസ് നേതാവ് ജിതിന്‍ പ്രസാദ് അടക്കമുള്ളവരെ വീട്ടു തടങ്കലിലാക്കി. മൂന്ന് നേതാക്കളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. ഷഹജന്‍പുരില്‍ നിന്ന് ലഖ്നൗവിലേക്ക് മാര്‍ച്ച് നടത്താനായിരുന്നു കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നത്.

കഴിഞ്ഞ ആഴ്ചയാണ് ചിന്മയാനന്ദിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തെന്ന പരാതിയില്‍ 23-കാരിയായ നിയമ വിദ്യാര്‍ത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തത്. പോലീസ് പെണ്‍കുട്ടിയെ ബലമായി വലിച്ചിറക്കി കൊണ്ടുപോകുക ആയിരുന്നെന്നാണ് മാതാപിതാക്കള്‍ ആരോപിക്കുന്നത്.പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ചിന്മയാനന്ദ് ഡയറക്ടറായ ലോ കോളജിലാണ് വിദ്യാര്‍ത്ഥിനി പഠിച്ചിരുന്നത്. ചിന്മയാനന്ദ് ഹോസ്റ്റലിലെ ബാത്ത് റൂമില്‍ നിന്നും നഗ്‌ന ദൃശ്യം പകര്‍ത്തുകയും ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്‌തെന്ന് നിയമ വിദ്യാര്‍ത്ഥിനി നേരത്തെ മൊഴി നല്‍കിയിരുന്നു. ചിന്മയാനന്ദ് ഒരു വര്‍ഷത്തോളം തന്നെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചിരുന്നുവെന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് പുതിയ തെളിവുകള്‍ പെണ്‍കുട്ടി അന്വേഷണ സംഘത്തിന് കൈമാറിയത്.

പരാതിയെ സാധൂകരിക്കുന്ന 43 വീഡിയോകള്‍ അടങ്ങിയ പെന്‍ഡ്രൈവ് പെണ്‍കുട്ടി അന്വേഷണസംഘത്തിന് കൈമാറിയിരുന്നു. ചിന്മയാനന്ദന്റെ മുറിയിലേക്ക് പതിവായി വിളിപ്പിക്കുകയും തോക്കിന്‍മുനയില്‍ നിര്‍ത്തി ശരീരം മസാജ് ചെയ്യാന്‍ നിര്‍ബന്ധിച്ചിരുന്നതായും യുവതി പരാതിയില്‍ സൂചിപ്പിച്ചിരുന്നു.

Top