കൊച്ചി: ഗുണ്ടാ ബന്ധവുമായി ബന്ധപ്പെട്ട് വിവാദത്തിലായ മരട് നഗരസഭാ ഉപാദ്ധ്യക്ഷനെ കോണ്‍ഗ്രസ്സ് സസ്‌പെന്‍ഡ് ചെയ്തതില്‍ വെട്ടിലായത് സിപിഎം.
ഗുണ്ടകളുടെ അഴിഞ്ഞാട്ടത്തിനെതിരെ നിയമസഭക്ക് അകത്തും പുറത്തും ആഞ്ഞടിച്ച കോണ്‍ഗ്രസ്സിന് മരട് മണ്ഡലം പ്രസിഡന്റും നഗരസഭാ വൈസ് ചെയര്‍മാനുമായ ആന്റണി ആശാന്‍പറമ്പിനെയും, കൗണ്‍സിലര്‍ ജിന്‍സണ്‍ പീറ്ററിനെയുമാണ് കേസില്‍ കുരുങ്ങിയതിനെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്തത്.
നഗരസഭാ വൈസ് ചെയര്‍മാനും കൂട്ടാളിയായ കൗണ്‍സിലറും ഗുണ്ടകളുടെ ഒത്താശയോടെ നടത്തിയ കൂട്ടുകച്ചവടം പൊലീസ് നടപടിയോടെ പൊളിഞ്ഞതോടെയാണ് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ നടപടിയെടുക്കാന്‍ ഡിസിസി നേതൃത്വത്തോട് ആവശ്യപ്പെട്ടത്.
ഇതേതുടര്‍ന്ന് ഡിസിസിയാണ് ഇരുവരെയും പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.
ഡിവൈഎഫ്‌ഐ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും എറണാകുളം ജില്ലാ കമ്മറ്റി അംഗവുമായ സക്കീര്‍ ഹുസൈന്‍ ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അദ്ദേഹത്തിനെതിരെ കേസെടുത്തിട്ടും പാര്‍ട്ടി തലത്തില്‍ നടപടി സ്വീകരിക്കാതെ വൈകിക്കുന്ന സിപിഎം നേതൃത്വമാണ് ഇതോടെ വെട്ടിലായത്.
കേഡര്‍ പാര്‍ട്ടിയായ സിപിഎം പോലും നടപടിയെടുക്കാന്‍ മടിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ്സ് യുദ്ധകാല അടിസ്ഥാനത്തില്‍ നടപടി സ്വീകരിച്ച് മാതൃക കാട്ടിയ പശ്ചാത്തലത്തില്‍ ഇനി സക്കീര്‍ ഹുസൈനെ സംരക്ഷിക്കാന്‍ സിപിഎമ്മിന് കഴിയില്ല.
വെള്ളിയാഴ്ച ചേരുന്ന ജില്ലാ കമ്മറ്റി യോഗത്തില്‍ ഇതോടെ സക്കീര്‍ ഹുസൈനെതിരെ നടപടി ഉറപ്പായി.
പാര്‍ട്ടി ഭരണത്തില്‍ ഗുണ്ടകള്‍ക്കെതിരെ സ്‌പെഷ്യല്‍ ടീം ഉണ്ടാക്കിയതിന് ശേഷം ചാര്‍ജ് ചെയ്ത ആദ്യകേസ് തന്നെ സക്കീര്‍ ഹുസൈന് എതിരായിരുന്നു.
ഒന്നരവര്‍ഷം മുന്‍പ് നടന്ന സംഭവത്തില്‍ ഇപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്തത് പകപോക്കുന്നതിന് വേണ്ടിയാണെന്നും ആക്ഷേപമുയര്‍ന്നിരുന്നു.
എന്നാല്‍ ഈ കേസോടെ കൂടുതല്‍ പരാതികള്‍ സക്കീര്‍ ഹുസൈനെതിരെ പ്രവഹിച്ചത് അദ്ദേഹത്തിന്റെ നില പരുങ്ങലിലാക്കിയിരിക്കുകയാണ്.
മുന്‍കൂര്‍ ജാമ്യത്തിന് അദ്ദേഹം കോടതിയെ സമീപിച്ചിട്ടുണ്ടെങ്കിലും മറ്റ് കേസുകള്‍ കൂടി ചൂണ്ടിക്കാട്ടി ജാമ്യം ലഭിക്കാതിരിക്കാന്‍ ശ്രമം നടത്താനാണ് പൊലീസിന്റെ നീക്കം.
ഗുണ്ട-സിപിഎം ബന്ധം ആരോപിക്കുന്ന കോണ്‍ഗ്രസ്സിന് ഇപ്പോള്‍ സ്വീകരിച്ച നടപടിയോടെ ഇക്കാര്യത്തില്‍ കൂടുതല്‍ ശക്തമായി സിപിഎമ്മിനെ ആക്രമിക്കാനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത്.