ഗവര്‍ണര്‍ എന്താ കേന്ദ്ര സര്‍ക്കാരിന്റെ പിആര്‍ഒ ആണോ; ആഞ്ഞടിച്ച് കോണ്‍ഗ്രസ്

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധങ്ങള്‍ ശക്തമാകുമ്പോള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേന്ദ്ര സര്‍ക്കാരിനെ വെള്ള പൂശാന്‍ ശ്രമിക്കുന്നത് ശരിയായ നടപടിയല്ലെന്ന് കോണ്‍ഗ്രസ്.

അതേസമയം പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ പിആര്‍ഒ ആണ് കേരളാ ഗവര്‍ണര്‍ എന്ന് തോന്നി പോകുന്നെന്ന് വി.എം സുധീരന്‍ പറഞ്ഞു. ഈ നിലപാട് ഒരിക്കലും ന്യായീകരിക്കാന്‍ കഴിയില്ല എന്നാണ് അദ്ദേഹം പറയുന്നത്.

ബിജെപിയെപ്പോലെ ചരിത്രം വളച്ചൊടിക്കാനാണ് ഗവര്‍ണറും ശ്രമിക്കുന്നത്. പൗരത്വ ഭേദഗതി ബില്‍ കോണ്‍ഗ്രസിന്റെ സൃഷ്ടിയാണെന്ന ഗവര്‍ണറുടെ കണ്ടുപിടുത്തം വസ്തുതാവിരുദ്ധമാണെന്നും ഒരവസരത്തിലും മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നിശ്ചയിക്കാന്‍ കോണ്‍ഗ്രസ്സ് തയ്യാറായിട്ടില്ലെന്നും കെ.സി ജോസഫ് വ്യക്തമാക്കി.

മഹാത്മ ഗാന്ധിയും ജവഹര്‍ലാല്‍ നെഹ്‌റുവും നല്‍കിയ വാക്കാണ് പൗരത്വ ഭേദഗതി നിയമത്തിലൂടെ പാലിക്കപ്പെട്ടതെന്നായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നേരത്തെ അഭിപ്രായപ്പെട്ടത്. 1985ലും 2003ലുമാണ് പൗരത്വ നിയമത്തിന് അടിസ്ഥാന രൂപമുണ്ടായതെന്നും കേന്ദ്രസര്‍ക്കാര്‍ അതിന് നിയമപരമായ ഘടന നല്‍കുകയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Top